ഉയർന്ന ഊർജ ഉപഭോഗമുള്ള സ്ഥാപനങ്ങളിൽ ഊർജ കാര്യക്ഷമതാ ഓഫീസർമാരെ നിയമിക്കണം
text_fieldsമസ്‌കത്ത്: ഉയർന്ന തോതിൽ ഊർജം ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ ഊർജ കാര്യക്ഷമതാ ഓഫീസർമാരെ നിയമിക്കണമെന്ന് നിർദേശിച്ച് ഒമാൻ ഊർജ ധാതു മന്ത്രാലയം. യോഗ്യതയുള്ള ഒമാനി പൗരന്മാരെയാണ് ഇതിനായി നിയമിക്കേണ്ടത്. ഊർജ ഉപഭോഗം നിരീക്ഷിക്കുക, ഉപയോഗത്തിന്റെ കണക്കുകൾ വിശകലനം ചെയ്യുക, പാഴ്‌ചെലവ് കുറക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുക തുടങ്ങിയവയായിരിക്കും ഇവരുടെ പ്രധാന ചുമതലകൾ.
സ്ഥാപനങ്ങളിലെ ഊർജ ഉപയോഗം കാര്യക്ഷമമാക്കുന്നതിനും പ്രവർത്തനച്ചെലവ് കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നയം. ഇതിന്റെ ഭാഗമായി ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ നടത്തിപ്പും ഓഫീസർമാർ നിരീക്ഷിക്കും.
നയത്തിന്റെ പരിധി, നടപ്പാക്കൽ വ്യവസ്ഥകൾ, നടപടിക്രമങ്ങൾ എന്നിവ വിശദീകരിക്കുന്ന ചട്ടങ്ങൾ ഒമാൻ നെറ്റ് സീറോ സെന്റർ പുറത്തിറക്കും. ഏതെല്ലാം സ്ഥാപനങ്ങളാണ് നയത്തിന്റെ പരിധിയിൽ വരുന്നതെന്നതും നടപ്പാക്കൽ സമയക്രമവും നിലവിൽ വ്യക്തമാക്കിയിട്ടില്ല.
വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം ഉപഭോഗം ഫലപ്രദമായി നിയന്ത്രിക്കേണ്ടതും ഊർജസുരക്ഷയ്ക്കും സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും അനിവാര്യമാണെന്ന് ഊർജ ധാതു മന്ത്രി സാലിം ബിൻ നാസർ അൽ ഔഫി പറഞ്ഞു. ഊർജ പാഴാക്കൽ കുറക്കുക, കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുക, ദേശീയ വിദഗ്ധരെ വളർത്തിയെടുക്കുക എന്നിവയും പുതിയ നയത്തിന്റെ ലക്ഷ്യങ്ങളാണ്. ഒമാൻ വിഷൻ 2040ന്റെയും 2050ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ദേശീയ ലക്ഷ്യത്തിന്റെയും ഭാഗമായാണ് നടപടി.

