സമ്മതമില്ലാതെ തൊഴിലുടമ പാസ്പോർട്ട് കൈവശം വെക്കരുത്
text_fieldsമസ്കത്ത്: തൊഴിലുടമകൾക്ക് സമ്മതമില്ലാതെ പ്രവാസി തൊഴിലാളികളുടെ പാസ്പോർട്ടുകൾ കൈവശം വെക്കാൻ കഴിയില്ലെന്ന് ഓർമിപ്പിച്ച് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ്. സുൽത്താനേറ്റിലെ തൊഴിലാളികൾക്ക്, പ്രത്യേകിച്ച് പ്രവാസി ജീവനക്കാർക്ക്, തൊഴിൽ നിയമപ്രകാരമുള്ള വ്യക്തിഗത രേഖകളുമായി ബന്ധപ്പെട്ട നിയമപരമായ അവകാശങ്ങളെക്കുറിച്ചാണ് ഓർമപ്പെടുത്തൽ.
പുതിയ തൊഴിൽ നിയമം പ്രതിപാദിക്കുന്ന റോയൽ ഡിക്രി നമ്പർ 53/2023 ലെ ആർട്ടിക്കിൾ ആറിൽ ഈ വ്യവസ്ഥ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ജി.എഫ്.ഒ.ഡബ്ല്യു ചൂണ്ടിക്കാട്ടി. തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതത്തോടെയല്ലാതെ തൊഴിലാളിയുടെ പാസ്പോർട്ടോ സ്വകാര്യ രേഖകളോ സൂക്ഷിക്കാൻ തൊഴിലുടമക്ക് അനുവാദമില്ലെന്ന് ആർട്ടിക്കിൾ ആറിൽ പറയുന്നു.
എല്ലാ തൊഴിലാളികൾക്കും ദേശീയത ഭേദമെന്യേ അവരുടെ പാസ്പോർട്ടുകളും വ്യക്തിഗത രേഖകളും സൂക്ഷിക്കാൻ അവകാശമുണ്ടെന്നും ഈ വ്യവസ്ഥയുടെ ഏതൊരു ലംഘനവും നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാകുമെന്നും ചൂണ്ടിക്കാട്ടി.
തൊഴിലുടമകൾ പാസ്പോർട്ടുകൾ വിദേശ ജീവനക്കാർക്ക് തിരികെ നൽകണം. അവ സൂക്ഷിക്കുന്നത് രാജ്യത്തെ തൊഴിൽരീതികൾക്ക് വിരുദ്ധമാണ്. പാസ്പോർട്ട് എന്നത് ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കുന്ന രേഖയാണ്. അത് അവന്റെ കൈവശം ഉണ്ടായിരിക്കണം. സ്വന്തം ഇഷ്ടമില്ലാതെ ജീവനക്കാരന്റെ പാസ്പോർട്ട് സൂക്ഷിക്കാൻ ഒരു കമ്പനിക്കും അധികാരമില്ലെന്ന് പല അവസരങ്ങളിലും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. സമ്മതമില്ലാതെ പാസ്പോർട്ട് കൈവശം വെച്ചിട്ടുണ്ടെങ്കിൽ, അവ തിരികെ ലഭിക്കാൻ ഉടമകൾക്ക് തൊഴിൽ മന്ത്രാലയത്തെ സമീപിക്കാം. പാസ്പോർട്ട് സറണ്ടർ ചെയ്യാത്തതിന് ഒരു ജീവനക്കാരനെ പിരിച്ചുവിടുന്നത് നിയമവിരുദ്ധമായി കണക്കാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

