അത്യാഹിത കരൾമാറ്റ ശസ്ത്രക്രിയ
text_fieldsമസ്കത്ത്: അടിയന്തര കരൾമാറ്റ ശസ്ത്രക്രിയക്ക് തയാറെടുക്കുന്ന രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനായി ഒ പോസിറ്റീവ് പ്ലേറ്റ്ലെറ്റ് ദാനത്തിനായി ആരോഗ്യമന്ത്രാലയം അടിയന്തര അഭ്യർഥന പുറപ്പെടുവിച്ചു. അടിയന്തരമായ സാമൂഹിക പ്രതികരണമാണ് ഇത്തരം ജീവൻരക്ഷാ സാഹചര്യങ്ങളിൽ നിർണായകമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യോഗ്യതയുള്ള ദാതാക്കൾ ബൗഷറിലെ ബ്ലഡ് ബാങ്കിൽ രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴുവരെ എത്തി പ്ലേറ്റ്ലെറ്റ് ദാനം നടത്തണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
എല്ലാ ദാന നടപടികളും കർശനമായ മെഡിക്കൽ മേൽനോട്ടത്തിലാണ് നടക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ദാതാക്കൾ ആരോഗ്യവിവര ഫോം പൂരിപ്പിക്കുകയും സിവിൽ ഐഡി അല്ലെങ്കിൽ റെസിഡന്റ് കാർഡ് സമർപ്പിക്കുകയും വേണം. തുടർന്ന് ഹീമോഗ്ലോബിൻ നിലയും രക്തസമ്മർദ്ദവും പരിശോധിക്കും.
ദാന നടപടിക്ക് സാധാരണയായി അഞ്ചു മുതൽ 15 മിനിറ്റ് വരെ സമയം എടുക്കും. ഇതിൽ ഏകദേശം 450 മില്ലിലീറ്റർ രക്തമോ ആവശ്യമായ പ്ലേറ്റ്ലെറ്റ് യൂണിറ്റുകളോ ശേഖരിക്കും. തുടർന്ന് ദാതാക്കൾക്ക് കുറച്ചുനേരം വിശ്രമത്തിനും ലഘുഭക്ഷണത്തിനും സൗകര്യം ഒരുക്കും.
സ്വമേധയാ രക്തദാനം നടത്തുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ മന്ത്രാലയം, അടിയന്തര മെഡിക്കൽ സേവനങ്ങൾ നിലനിർത്തുന്നതിനും അവയവമാറ്റ ശസ്ത്രക്രിയകൾ പോലുള്ള സങ്കീർണ ചികിത്സകൾക്ക് പിന്തുണ നൽകുന്നതിനും സ്ഥിരമായ രക്തദാനം അനിവാര്യമാണെന്ന് വ്യക്തമാക്കി. ദേശീയ രക്തശേഖരം നിലനിർത്തുന്നതിന് പൊതുജനങ്ങൾ തുടർച്ചയായി രക്തദാനം തുടരണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

