ഇലക്ട്രിക് വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണം
text_fieldsമസ്കത്ത്: ഒമാനിലെ എല്ലാ ഇൻഷുറൻസ് കമ്പനികളും മോട്ടോർ വാഹന ഇൻഷുറൻസ് നിയമത്തിനനുസൃതമായി ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇ.വി) ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി (എഫ്.എസ്.എ) നിർദേശം നൽകി. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പോളിസികൾ പരിരക്ഷിക്കാനോ പുതുക്കാനോ ചില ഇൻഷുറൻസ് കമ്പനികൾ വിസമ്മതിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതേത്തുടർന്നാണ് എഫ്.എസ്.എ ഈ നിർദേശം നൽകിയിരിക്കുന്നത്. ഇത്തരം നടപടികൾ നിലവിലുള്ള മോട്ടോർ വാഹന ഇൻഷുറൻസ് നിയമത്തിന്റെ ലംഘനമായാണ് എഫ്.എസ്.എ കണക്കാക്കുന്നത്.
മോട്ടോർ വാഹന ഇൻഷുറൻസ് നിയമം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് എല്ലാ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർമാർക്കും ഇൻഷുറൻസ്, തകാഫുൾ കമ്പനികളുടെയും ജനറൽ മാനേജർമാർക്കും ഒരു സർക്കുലർ പുറപ്പെടുവിച്ചതായി എഫ്.എസ്.എ ഒരു ഓൺലൈനിലൂടെ അറിയിച്ചു. ഗതാഗത നിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ വാഹനം പാലിക്കുന്നിടത്തോളം ഇലക്ട്രിക് വാഹനങ്ങൾ ഇൻഷുറൻസ് ചെയ്യാനോ പുതുക്കാനോ വിസമ്മതിക്കുന്നത് ലംഘനമാണെന്നും അധികൃതർ ചൂണ്ടികാട്ടി. രാജകീയ ഉത്തരവ് നമ്പർ 34/94 പുറപ്പെടുവിച്ച മോട്ടോർ വാഹന ഇൻഷുറൻസ് നിയമത്തിലെ ആർട്ടിക്കിൾ (2) (ബി) യുടെ ലംഘനമാണിത്. ട്രാഫിക് നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇൻഷുറൻസ് നൽകാനോ പുതുക്കാനോ ഇൻഷുറൻസ് കമ്പനികൾക്ക് വിസമ്മതിക്കാൻ പാടില്ല എന്ന് സർക്കുലറിൽ എഫ്.എസ്.എ വ്യക്തമാക്കി.
നിർബന്ധിത ഇൻഷുറൻസിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും ഉൾപ്പെടുന്നുണ്ട്. കൂടാതെ ഇൻഷുറൻസ് പരിരക്ഷ നേടാനുള്ള ഗുണഭോക്താവിന്റെ അവകാശത്തിന് ഹാനികരമാകാതെ സ്പെയർ പാർട്സിന്റെ ലഭ്യത പോലുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടു. കൂടാതെ ഇത്തരം വാഹനങ്ങൾക്ക് സ്പെയർ പാർട്സും പ്രത്യേക ഗാരേജുകളും ഇല്ലെങ്കിൽ പണമായി നഷ്ടപരിഹാരം തേടാവുന്നതാണ്.
അതേസമയം, ഒമാനിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 300 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 550 എണ്ണം മാത്രമുണ്ടായിരുന്നതെങ്കിൽ 2024ൽ 1,500 ആയി ഉയർന്നുവെന്ന് ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തി്ന്റെ അണ്ടർസെക്രട്ടറി എൻജിനീയർ ഖമീസ് ബിൻ മുഹമ്മദ് അൽ ഷമാഖി അറിയിച്ചിരുന്നു. ഇലക്ട്രോണിക് വാഹനങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം, സ്വകാര്യ മേഖലയുമായി സഹകരിച്ച് 200 ലധികം ചാർജിങ് പോയന്റുകൾ സ്ഥാപിച്ചു. 2027ഓടെ വിവിധ ഗവർണറേറ്റുകളിലായി 350ലധികം ചാർജിങ് പോയന്റുകൾ സ്ഥാപിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി) ഉപയോഗം വർധിപ്പിക്കുന്നതിന് നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. കസ്റ്റംസ് നികുതിയിൽനിന്ന് 100 ശതമാനം ഇളവ്, റോയൽ ഒമാൻ പൊലീസിൽ (ആർ.ഒ.പി) ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസിൽനിന്ന് ഒഴിവാക്കൽ, വാഹനങ്ങൾക്കും സ്പെയർ പാർട്സും പൂജ്യം ശതമാനം മൂല്യവർധിത നികുതി എന്നിവയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്ന ചില ആനുകൂല്യങ്ങൾ. വാഹനങ്ങൾ ചാർജ് ചെയ്യുന്ന പ്രക്രിയ സുഗമമാക്കുന്നതിനും അവയുടെ യാത്രാ പരിധിയെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കുന്നതിനുമായി നിരവധി നഗരങ്ങളിലും പൊതു സ്ഥലങ്ങളിലും ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖലയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. താരതമ്യേനെ കുറഞ്ഞ അറ്റകുറ്റപ്പണിയേ ഇലക്ട്രിക് വാഹനങ്ങൾക്ക് വരികയുള്ളൂ. ഇത് ഉടമകൾക്ക് നേട്ടമാണ്.
2050ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ഒമാൻ. ഇതിന്റെ ഭാഗമയാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ജനങ്ങളെ ആകർഷിപ്പിക്കുന്നത്. ഗതാഗത മേഖലയിൽ നിന്നുള്ള മലിനീകരണം കുറക്കാൻ ഒമാൻ വിവിധ വകുപ്പുകളുമായി ചേർന്ന് യോജിച്ച പ്രവർത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

