തെരഞ്ഞെടുപ്പു ഫലം; ആഹ്ലാദവും നിരാശയും പങ്കുവെച്ച് പ്രവാസ ലോകവും
text_fieldsതദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് അനുകൂല പ്രവർത്തകർ മത്രയിൽ പായസം
വിതരണം ചെയ്യുന്നു
മത്ര: മലയാളികളായ പ്രവാസികള്‍ കൂടുതൽ ജോലി ചെയ്യുന്ന മത്ര സൂഖില്‍ ഇലക്ഷന് ഫലം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ത്രിതല ഫലം പുറത്തുവന്നതോടെ പ്രവാസികളായ മലയാളികളില്‍ സമ്മിശ്ര പ്രതികരണമാണ് വന്നുകൊണ്ടിരുന്നത്.
രാവിലെ നേരെത്തെ തന്നെ കുളിച്ചൊരുങ്ങി മൊബൈലില്‍ തെരഞ്ഞെടുപ്പുഫല അപ്ഡേറ്റുകളിലും അവലോകനങ്ങളിലും മുഴുകി കഴിയുകയായിരുന്നു പലരും. യു.ഡി.എഫുകാരില്‍ ആഹ്ലാദം അലയടിച്ചപ്പോള്‍ എല്‍.ഡി.എഫുകാരെ മ്ലാനമുഖ ഭാവത്തിലാണ് കണ്ടത്.
സാധാരണ തദ്ദേശ ഫലങ്ങള്‍ തങ്ങളോടൊപ്പമാണെന്ന എക്കാലത്തെയുുള്ള ചരിത്രമൊക്കെ പഴങ്കഥ ആയതാണ് എൽ.ഡി.എഫ് അണികളെ ഏറെ നിരാശരാക്കിയത്.
ശബരി മല സ്വർണപ്പാളി അപഹരണവും അതില്‍ പാര്‍ട്ടിക്ക് ബന്ധമുള്ളവര്‍ പ്രതിയായതുമാണ് കനത്ത തിരിച്ചടിക്ക് കാരണമായതെന്ന് തലശ്ശേരി ധർമടം സ്വദേശിയായ ഇടതു പ്രവർത്തകൻ നിസാര്‍ സമ്മതിക്കുന്നു.വോട്ടെണ്ണല്‍ തുടക്കത്തില്‍ എൽ.ഡി.എഫ് മുന്നേറ്റം കണ്ട് സമഗതി കൈയീന്ന് പോയെന്നാണ് കരുതിയതെന്ന് സൂഖിലെ ഫാര്‍മസി സ്ക്വയറിലെ ചെരിപ്പ് കച്ചവടക്കാരനായ കാസര്‍കോട് ചെറുവത്തൂർ സ്വദേശിയായ റാഫി പറഞ്ഞു. വൈകാതെ കോര്‍പറേഷനുകള്‍ ഒന്നൊഴികെ തിരികെ വന്നതും യു.ഡി.എഫ് മുന്നേറ്റവും സന്തോഷ വാര്‍ത്തയായി മാറിയെന്നും റാഫി പറഞ്ഞു.
ഉറക്കമുണര്‍ന്ന് പല്ല് തേക്കുന്നതിന് മുമ്പെ ജമാഅത്തെ ഇസ്ലാമി എന്നുമാത്രം ഉരുവിട്ട് നടക്കാറുള്ള എൽ.ഡി.എഫ് നേതാക്കളുടെ മുഖത്തേറ്റ കനത്ത അടിയാണ് ഇമ്മട്ടിലുള്ള ഫലമെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി അനുഭാവിയായ മുഹമ്മദലി പൊന്നാനിയുടെ വിശകലനം.
ലീഗും കോണ്‍ഗ്രസും ഒറ്റക്കെട്ടായി നിന്നാല്‍ ആറു മാസം കഴിഞ്ഞാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് യു.ഡി.എഫ് തൂക്കുമെന്ന് ബലദിയ പാര്‍ക്കിലെ ഫൈസൽ ഹാപ്പിലാന്റും ഉറപ്പിക്കുന്നു.
നേതാക്കളുടെ അനവസരത്തിലുള്ള പ്രസ്താവനകള്‍ തിരുത്തിയാലേ ഇനിയൊരു തിരിച്ചുവരവ് സാധ്യമാകൂ എന്നാണ് സി.പി.എം അനുഭാവിയായ സജീര്‍ അഫാഖിന് പറയാനുള്ളത്.
രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തിയിട്ടുള്ള സമഗ്രമായ വികസനം നോക്കാതെ ശബരി മലയാണ് വോട്ടര്‍മാരില്‍ പ്രതിഫലിച്ചതെന്ന് മത്രയിലെ ടൈലറായ ഷിജു നടാലിന്റെ അഭിപ്രായം. സിപിഎം അനുഭാവിയായ അദ്ദേഹം തുടക്കത്തിലുള്ള ഫല സൂവനകളുടെ ട്രെന്റ് മാറിമറിഞ്ഞതാടെ ടി.വി ഓഫാക്കി പണിക്ക് പോയി എന്ന് നിരാശ മറച്ച് വെക്കാതെ പറഞ്ഞു. തിരുവനന്തപുരം കോര്പറേഷന് ബി.ജെ.പി പിടിച്ചത് രാഷ്ട്രീയമായ വിജയമല്ല; മറിച്ച് ബി.ജെ.പി പ്രസിഡന്റിന്റെ ബിസിനസ് താല്പര്യത്തിന്റെ ഡീല്‍ നടപ്പായതാണെന്ന് ഹാഷിര്‍ ചെങ്ങളയുടെ അഭിപ്രായം.
തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്‍കാസ് മത്രയുടെ ആഭിമുഖ്യത്തിൽ പായസ വിതരണം നടത്തി. ഫസലു പൂവുള്ളതില്‍ മേക്കുന്ന്,സലാം പൊന്നാനി,ഷാനവാസ് കറുകപ്പുത്തൂര്‍ തുടങ്ങിയവർ നേതൃത്വം നല്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

