പടിവാതിലിൽ പെരുന്നാൾ; ഒരുക്കം തകൃതി
text_fieldsപരമ്പരാഗത മാർക്കറ്റുകളിൽനിന്നുള്ള കാഴ്ച (ഫയൽ)
മസ്കത്ത്: പടിവാതിലിൽ ബലിപെരുന്നാൾ എത്തിനിക്കെ ആഘോഷത്തിരക്കിലേക്ക് നീങ്ങി നാടും നഗരവും. ദൂൽഹജ്ജ് അഞ്ച് കടന്നതോടെ വ്യപാരസ്ഥാപനങ്ങളിലും സൂഖുകളിലും പരമ്പരാഗത ചന്തകളിലും തിരക്ക് ആരംഭിച്ചു. ചൂട് കടുത്തതോടെ ഹബ്ത എന്ന പേരിൽ അറിയപ്പെടുന്ന പല പരമ്പരാഗത ചന്തകളും വൈകുന്നേരങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങി. സാധാരണ ഇത്തരം ചന്തകൾ രാവിലെ മുതൽ ഉച്ചവരെയാണ് പ്രവർത്തിക്കുന്നത്.
നഗരങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് പലപ്പോഴും വൻ ഗതാഗത കുരുക്കുകൾ ഉണ്ടാക്കുന്നുണ്ട്. റൂവി അടക്കമുള്ള എല്ലാ നഗരങ്ങളിലും സന്ധ്യമുതൽ വാഹനങ്ങളുടെ വൻ നിരകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇതുവരെ സൂഖുകളിൽ പെരുന്നാൾ വ്യാപാരം കാര്യമായി ലഭിച്ചിട്ടില്ലെന്നും എന്നാൽ കഴിഞ്ഞ ദിവസം മുതൽ തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയതായും മത്ര സൂഖിലെ വ്യാപാരികൾ പറയുന്നു. ചൂട് കാരണം രാത്രിയിലാണ് പലരും മാർക്കറ്റിൽ എത്തുന്നതെന്നും ഇവർ പറഞ്ഞു. അതിനിടെ പെരുന്നാളിന് വൻ ഓഫറുകൾ നൽകുന്ന വ്യാപാര സ്ഥാപനങ്ങളും ഉണ്ട്. വേനൽ അവധിക്ക് നാട്ടിൽ പോവുന്നവരെയും ഒമാനിലേക്ക് നാട്ടിൽ നിന്ന് അവധി ആഘോഷിക്കാൻ എത്തുന്നവരെയും ഉദ്ദേശിച്ചാണ് വ്യാപാര സ്ഥാപനങ്ങൾ പലതും ഓഫറുകൾ പ്രഖ്യാപിച്ചത്. . ബലി പെരുന്നാളിനെ വളരെ ആവേശപൂർവ്വമാണ് സ്വദേശികൾ വരവേൽക്കുന്നത്. പുത്തനുടുപ്പുകൾ പുതിയ വീട്ടുപകരണങ്ങളും അടക്കം പലതും ഇവർ വാങ്ങിക്കൂട്ടുന്നുണ്ട്. ബലി മൃഗങ്ങളെ പരമ്പരാഗത ചന്തകളിൽ നിന്നാണ് ഇവർ കണ്ടെത്തുന്നത്. ബലി മൃഗങ്ങൾ വാങ്ങാനാണ് ചന്തകളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. വിവധ രാജ്യങ്ങളിൽ നിന്നുള്ള ആടുകളും മാടുകളും വിപണിയിൽ ലഭ്യമാണെങ്കിലും പ്രദേശികമായി വളർത്തിയ ബലി മൃഗങ്ങൾക്കാണ് മാർക്കറ്റിൽ ആവശ്യക്കാർ കൂടുതലുള്ളത്. സോമാലിയ, ബ്രസീൽ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ആടുകൾക്ക് ഒമാൻ മാർക്കറ്റിൽ പൊതുവെ വില കുറവാണെങ്കിലും ഒമാനിൽ വളർത്തിയ ബലി മൃഗങ്ങൾക്ക് ഉയർന്ന വിലയാണ് ഈടാക്കുന്നത്. ഇവക്ക് വില കൂടുതലാണെങ്കിലും ആവശ്യക്കാരും കൂടുതലാണ്. എല്ലാ സ്വദേശി കുടുംബങ്ങളും ബലി അറുക്കാറുണ്ട്. ബലി അറുക്കാൻ അറവ് ശാലകളിലും മുനിസിപ്പാലിറ്റി വൻ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ബലി പെരുന്നാളിനോടനുബന്ധിച്ച് അറുക്കുന്ന മൃഗങ്ങളുടെ ഇറച്ചി ഉപയോഗിച്ച് ‘ഷുവ’ ഉണ്ടാക്കാറുണ്ട്. ഇറച്ചി പ്രത്യേക ചാട്ടിലോ ഈത്തപ്പനയോലയിലോ കെട്ടി മണ്ണിൽ കുഴിച്ചിടുന്ന രീതിയാണിത്. ഏതാണ്ടെല്ലാ ഒമാനി വീടുകളിലും ഷുവക്ക് വേണ്ടി പ്രത്യേകം കുഴികൾ സജ്ജമാക്കിയിട്ടുണ്ടാവും. ഇവ കാര്യമായി ഉപയോഗപ്പെടുത്തുന്നത് ബലി പെരുന്നാൾ കാലത്താണ്.
മലയാളികളുടെ പെരുന്നാൾ ആഘോഷത്തിന് ഈ വർഷം പൊലിമ കുറയും. സ്കൂൾ അവധി ആയതിനാൽ വലിയ വിഭാഗം മലയാളി കുടുംബങ്ങൾ നാട്ടിലായിരിക്കും പെരുന്നാൾ ആഘോഷിക്കുക. പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽ പോവുന്നവരും നിരവധിയാണ്. ഒമാനിൽ അനുഭവപ്പെടുന്ന കൊടും ചൂടും പെരുന്നാൾ ആഘോഷത്തെ കാര്യമായി ബാധിക്കും. കൊടും ചൂട് കാരണം പെരുന്നാൾ നമസ്കാരവും ഈദ് ഗാഹും കാലത്ത് നേരത്തെ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

