ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ
text_fieldsമസ്കത്ത്: ത്യാഗത്തിെൻറയും ആത്മസമർപ്പണത്തിെൻറയും സ്മരണകളുയർത്തി ഒമാനിലും മറ്റു ഗൾഫ് രാഷ്ട്രങ്ങളിലും ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. കേരളത്തിലും ഇന്ന് തന്നെയാണ് ബലിപെരുന്നാൾ. പുതുവസ്ത്രങ്ങൾ ധരിച്ച് അത്തറിെൻറ സുഗന്ധവുമായി സ്വദേശികൾക്കൊപ്പം പ്രവാസികളും ഇന്ന് ഈദുഗാഹുകളിലും മസ്ജിദുകളിലും ഒരുമിച്ചുകൂടും. കുടുംബത്തോടൊപ്പവും അല്ലാതെയും വിശ്വാസികൾ പെരുന്നാൾ മുസല്ലകളിലെത്തും. ദൈവത്തെ മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്ന തക്ബീർ ധ്വനികളാൽ ഈദുഗാഹുകളും മസ്ജിദുകളും മുഖരിതമാകും. മഹാനായ ഇബ്റാഹീം നബിയുടെ ത്യാഗത്തിെൻറ ജീവിതത്താളുകൾ ഇമാമുമാർ ഒരിക്കൽകൂടി അനുസ്മരിക്കും. മുസ്ലിം ലോകം നേരിടുന്ന ദുരിതവും വെല്ലുവിളികളും സമുദായത്തെ തെറ്റായ വഴിയിലേക്ക് നയിക്കാൻ കച്ചക്കെട്ടിയിറങ്ങിയിരിക്കുന്ന തീവ്രവാദ ശക്തികൾക്ക് എതിരായ പോരാട്ടങ്ങളും ഖുത്തുബയിൽ വിഷയമാകും.
പെരുന്നാൾ നമസ്കാരത്തിനും പ്രാർഥനകൾക്കും ശേഷം വിശ്വാസികൾ ആശംസകൾ കൈമാറിയും പരസ്പരം ആലിംഗനം ചെയ്തുമാണ് ഈദ് മുസല്ലകളിൽനിന്ന് പിരിയുക. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മലയാളികളുടെ നേതൃത്വത്തിൽ ഈദുഗാഹുകൾ ഒരുങ്ങിക്കഴിഞ്ഞു. ഗാല, സീബ്, റൂവി, വാദി കബീർ, ഖദറ, ഫലജ്, മുസന്ന, സലാല, ബർക്ക തുടങ്ങിയയിടങ്ങളിലെല്ലാം ഇൗദ്ഗാഹുകളുണ്ട്. മലയാളികൾക്ക് ഒപ്പം മറ്റു രാജ്യക്കാരും ഇൗ ഇൗദ്ഗാഹുകളിൽ പെങ്കടുക്കും. വേനലവധിക്ക് നാട്ടിൽപോയ കുടുംബങ്ങൾ കൂടുതലും ഒമാനിൽ തന്നെയാണ് പെരുന്നാൾ ആഘോഷിക്കുന്നത്. നാട്ടിൽ പോകണമെന്നുള്ള ആഗ്രഹത്തിന് വിമാനടിക്കറ്റ് നിരക്കിലെ വർധനവും അവധികുറഞ്ഞതുമൊക്കെ വിനയായി. ജുമുഅ ദിവസം കൂടിയായതിനാൽ ഉച്ചതിരിഞ്ഞ ശേഷമാകും മസ്കത്തിലെയും പരിസരത്തെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവമാവുക. മത്ര കോർണിഷ്, ഖന്താബ്, ഇത്തി, ഖുറം ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സന്ദർശകർ ഒഴുകിയെത്തും. മുവാസലാത്ത് സർവിസുകൾ വ്യാപകമായത് പെരുന്നാൾ അവധി ദിവസങ്ങളിൽ സാധാരണക്കാർക്ക് ഏറെ സഹായകമാകും. നഗരത്തിന് ഉള്ളിലെയും ഇൻറർസിറ്റി സർവിസുകളെല്ലാം കൃത്യമായി തന്നെ പ്രവർത്തിക്കുമെന്നും യാത്രക്കാർക്ക് ഏറ്റവും മികച്ച സേവനം തന്നെ ലഭ്യമാക്കുമെന്നും മുവാസലാത്ത് അറിയിച്ചിട്ടുണ്ട്.
വാദിബനീ ഖാലിദ്, വാദിഷാബ്, നഖൽ കോട്ട, റാസ് അൽ ജിൻസ്, ജബൽ അഖ്ദർ, ജബൽഷംസ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഇന്നും നാളെയുമൊക്കെയായി നല്ല തിരക്ക് അനുഭവപ്പെടും. യു.എ.ഇയടക്കം ജി.സി.സി രാഷ്ട്രങ്ങളിൽനിന്ന് മലയാളികൾ അടക്കമുള്ളവർ പെരുന്നാൾ ആഘോഷത്തിന് ഒമാനിലെത്തിയിട്ടുണ്ട്. ജി.സി.സി രാഷ്ട്രങ്ങളിൽ പൊതുവെ സുഖമുള്ള കാലാവസ്ഥ ഒമാനിലാണ് എന്നതാണ് ഇതിന് കാരണം. ഒമാനിൽ നിന്ന് ദുബൈയിലേക്കും മറ്റും പോയവരുമുണ്ട്. ഇതുമൂലം റോഡ് അതിർത്തികളിൽ തിരക്ക് അനുഭവപ്പെട്ടു.
വ്യാഴാഴ്ച വ്യാപാര കേന്ദ്രങ്ങളിൽ ഒാണം, പെരുന്നാൾ ഷോപ്പിങ്ങുകാരുടെ തിരക്കായിരുന്നു. അറഫാ നോമ്പ് ആയിരുന്നതിനാൽ നോമ്പുതുറന്ന ശേഷമാണ് കൂടുതൽ പേരും കടകളിൽ എത്തിയത്. പെരുന്നാൾ വസ്ത്രങ്ങളും അത്തറുകളും വാങ്ങുന്നതിനായിരുന്നു തിരക്കേറെ. ആടുമാടുകളുടെ കച്ചവടവും പൊടിപൊടിച്ചു. ബലി അറുക്കുന്നതിനായി നഗരസഭയുടെ കശാപ്പുശാലകളിൽ എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. പെരുന്നാൾ പൊതുഅവധിയിൽ ഒാണവും വന്നെത്തിയതിെൻറ സന്തോഷത്തിലാണ് പ്രവാസി മലയാളികൾ. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഒാണം പെരുന്നാൾ ആഘോഷങ്ങൾ ഇന്നുമുതൽ നടക്കും.
ഇന്ത്യൻ സോഷ്യൽക്ലബ് മലയാളം വിഭാഗത്തിെൻറ ഒാണം -പെരുന്നാൾ ആഘോഷം ഇന്ന് വൈകീട്ട് 5.30ന് റൂവി അൽ ഫലാജ് ഹോട്ടൽ ഗ്രാൻഡ് ഹാളിൽ നടക്കും. മസ്കത്ത് ആർട്സിെൻറ ഒാണം പെരുന്നാൾ ആഘോഷ പരിപാടി ഇന്ന് വൈകീട്ട് ജെ.എം.ടി ഹാളിലാണ്. ഒാൾ ഇന്ത്യ യുനൈറ്റഡ് അസോസിയേഷെൻറ ഒാണം, ഇൗദ് ആഘോഷ പരിപാടി ‘ ആവണി രാവ്’ ശനിയാഴ്ച നടക്കും. സിനിമ-സീരിയൽ താരം രചന നാരായണൻകുട്ടിയുടെ നൃത്ത പരിപാടിയും രാജ സാഹിബും നീനാ കുറുപ്പും അവതരിപ്പിക്കുന്ന കോമഡിഷോയുമായിരിക്കും പരിപാടിയുടെ ആകർഷണങ്ങൾ.
മസ്കത്ത് പ്രിയദർശനി കൾചറൽ സെൻററിെൻറ ആഭിമുഖ്യത്തിലുള്ള ഒാണം, പെരുന്നാൾ ആഘോഷം ഞായറാഴ്ചയാണ്. അൽ ഫലാജ് ഹോട്ടലിൽ വൈകീട്ട് ഏഴിനാരംഭിക്കുന്ന പരിപാടിയിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേത്രി സുരഭി ലക്ഷ്മി, നടി സോന നായർ, പിന്നണി ഗായിക ഗായത്രി, ഗായകൻമാരായ മുഹമ്മദ് അസ്ലം, താജുദ്ദീൻ വടകര തുടങ്ങിയവർ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
