ഈജിപ്ത് പ്രസിഡന്റ് ഒമാനിൽ
text_fieldsഅൽ ആലം പാലസിൽ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി
കൂടിക്കാഴ്ച നടത്തിയപ്പോൾ
മസ്കത്ത്: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ രണ്ടു ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിന് തുടക്കമായി. തിങ്കളാഴ്ച വൈകീട്ടോടെ സുൽത്താനേറ്റിൽ എത്തിയ പ്രസിഡന്റിന് ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. റോയൽ എയർപോർട്ടിൽ എത്തിയ അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെയും സംഘത്തെയും സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ട് എത്തിയാണ് സ്വീകരിച്ചത്. അൽ ആലം പാലസിൽ ഇരുവരും ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി.
ഒമാനും ഈജിപ്തും തമ്മിലുള്ള ഉൗഷ്മളമായ ബന്ധത്തെകൂറിച്ചും പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളെപറ്റിയും ഇരുവരും വീക്ഷണങ്ങൾ കൈമാറുകയും ചെയ്തു.
മന്ത്രി സഭാ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദി, പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിക്ക് അൽ സഈദി, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി,വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, പ്രൈവറ്റ് ഓഫിസിലെ ഉപദേഷ്ടാവ് സയ്യിദ് ഡോ. സുൽത്താൻ ബിൻ യാറൂബ് അൽ ബുസൈദി, ഈജിപ്തിലെ ഒമാൻ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ അബ്ദുല്ല ബിൻ നാസിർ അൽ റഹ്ബി എന്നിവർ ഒമാനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു.
ചൊവ്വാഴ്ച വിവിധ മന്ത്രിമാരും മറ്റുമായുള്ള കൂടിക്കാഴ്ചയിൽ സഹകരണ കരാറുകളിലും മറ്റും ഒപ്പുവെക്കുകയും ചെയ്യും. ഒമാനും ഈജിപ്തിനും ഇടയില്‍ ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്നതാകും പ്രസിഡന്റിന്റെ സന്ദർശനം.
2018 ഫെബ്രുവരിയിൽ ആയിരുന്നു അബ്ദുൽ ഫത്താഹ് അൽ സീസി ആദ്യമായി ഒമാൻ സന്ദർശിക്കുന്നത്. കഴിഞ്ഞ കാലയളവിൽ ഒമാനി-ഈജിപ്ഷ്യൻ സംയുക്ത സമിതി നടത്തിയ ശ്രമങ്ങൾ സാമ്പത്തിക, വാണിജ്യ, നിക്ഷേപ മേഖലകളിലടക്കം ഗുണകരമായ വളർച്ചക്ക് സഹായകമാകുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

