ഗസ്സയിൽ വെടിനിർത്തൽ; ഈജിപ്തിന്റെ ശ്രമങ്ങൾക്ക് പൂർണ പിന്തുണ -വിദേശകാര്യ മന്ത്രി
text_fieldsകൈറോയിൽ നടന്ന ഒമാനി-ഈജിപ്ത് സംയുക്ത സമിതിയുടെ യോഗം
മസ്കത്ത്: ഒമാനി-ഈജിപ്ത് സംയുക്ത സമിതിയുടെ 16ാമത് സെഷൻ കഴിഞ്ഞ ദിവസം കൈറോയിൽ നടന്നു. ഒമാനി പക്ഷത്തെ വിദേശകാര്യ മന്ത്രി സയ്യിദ് ബദ് ർ ബിൻ ഹമദ് അൽ ബുസൈദിയും ഈജിപ്ത് പക്ഷത്തെ വിദേശകാര്യ മന്ത്രി ഡോ. ബദ്ർ അബ്ദുൽ ആതിയും നയിച്ചു.
ഒമാനി-ഈജിപ്ഷ്യൻ സംയുക്ത സമിതിയുടെ ഈ സെഷൻ നമുക്കിടയിലെ നല്ല സഹകരണത്തിനും നമ്മുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഒരു പുതിയതും അനുഗ്രഹീതവുമായ കൂട്ടിച്ചേർക്കലിനെ പ്രതിനിധീകരിക്കുന്നതാണെന്ന് ഉദ്ഘാടന സെഷനിൽ സംസാരിച്ച സയ്യിദ് ബദ്ർ പറഞ്ഞു.
ഒമാനി-ഈജിപ്ഷ്യൻ ബിസിനസ് കൗൺസിലിന്റെയും സ്വകാര്യ മേഖലയുടെയും പങ്ക് സജീവമാക്കാനും, ഉയർന്നുവരുന്ന പദ്ധതികൾ, ഡിജിറ്റൈസേഷൻ, നവീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സയ്യിദ് ബദ്ർ തന്റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.
ഗസ്സ മുനമ്പിൽ വെടിനിർത്തൽ കൈവരിക്കാനുള്ള ഈജിപ്തിന്റെ ശ്രമങ്ങൾക്ക് സുൽത്താനേറ്റിന്റെ പൂർണ പിന്തുണ വിദേശകാര്യ മന്ത്രി അറിയിച്ചു. ഫലസ്തീൻ ജനതയെ കുടിയിറക്കാനുള്ള പദ്ധതികളെ പൂർണമായും നിരാകരിക്കുകയും ഗസ്സയുടെ പുനർനിർമ്മാണത്തിനായുള്ള അറബ് പദ്ധതിക്ക് പൂർണ പിന്തുണ നൽകുകയും ചെയ്തു.
അന്താരാഷ്ട്ര നിയമത്തിനും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി, 1967 ജൂൺ നാലിന് കിഴക്കൻ ജറുസലേം തലസ്ഥാനമായി അതിർത്തി പങ്കിടുന്ന സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ പിന്തുണക്കുന്ന ഒമാന്റെ ഉറച്ച നിലപാടും അദ്ദേഹം വ്യക്തമാക്കി. നൈൽ നദിയിലെ ജലത്തിന്മേലുള്ള ഈജിപ്തിന്റെ അവകാശങ്ങൾക്ക് ഒമാന്റെ പിന്തുണ അറിയിക്കുകയും ചെയ്തു. മേഖലയിലെ ജനങ്ങളുടെ വികസന പുരോഗതിയെ തടസ്സപ്പെടുത്തുന്ന എല്ലാത്തിൽനിന്നും അവരെ സംരക്ഷിക്കുന്നതിനും സ്ഥിരത സ്ഥാപിക്കുന്നതിനും ശാശ്വതമായി സംഭാവന നൽകുന്നതിന് ഒമാൻ പ്രതിജ്ഞാബദ്ധമാണെന്ന് സയ്യിദ് ബദർ സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര നിയമത്തിന്റെയും ആണവ നിർവ്യാപന ഉടമ്പടിയുടെയും നിയമങ്ങൾ അടിസ്ഥാനമാക്കി, ഇറാൻ ആണവ വിഷയത്തിൽ നീതിയുക്തവും നിലനിൽക്കുന്നതുമായ ഒരു കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ പുനരാരംഭിക്കേണ്ടതിന്റെയും ജനങ്ങളെ നാശത്തിലേക്ക് നയിക്കുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ബലപ്രയോഗത്തിലൂടെ പരിഹാരങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം അടിവരയിട്ടു.
തർക്കങ്ങൾ പരിഹരിക്കുന്നതിനും അപകടസാധ്യതകൾ കുറക്കുന്നതിനുമുള്ള ഏക മാർഗം സംഭാഷണവും ചർച്ചയും മാത്രമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിക്ഷേപം, തൊഴിൽ, പരിശീലനം, മാധ്യമങ്ങൾ, ഭക്ഷ്യസുരക്ഷ, എൻഡോവ്മെന്റുകൾ, ധാതു സമ്പത്ത്, മനുഷ്യ മൂലധന വികസനം എന്നീ മേഖലകളിലെ നിരവധി ധാരണപത്രങ്ങളിലും എക്സിക്യൂട്ടിവ് പരിപാടികളിലും ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

