കൂടുതൽ പൊലിമയോടെ ഈദുഗാഹുകൾ
text_fieldsഐ.എം.ഐ സലാല മസ്ജിദ് ഉമർ റവാസിൽ സംഘടിപ്പിച്ച ഈദ് നമസ്കാരത്തിൽ പങ്കെടുക്കാനെത്തിയവർ
മസ്കത്ത്: പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഈദ്ഗാഹുകൾ നടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചായിരുന്നു സ്വദേശികളും വിദേശികളും ഈദ്ഗാഹുകൾ നടത്തിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയശേഷമുള്ള ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്. പുലർച്ചെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നൊഴുകിയെത്തിയവര് നമസ്കാരത്തിനായി അണിനിരന്നു.
ശാന്തമായ കാലാവസ്ഥയിൽ ഈദ് പ്രഭാഷണം കൂടി ശ്രവിച്ച ശേഷം സാഹോദര്യവും സ്നേഹവും കൈമാറിയാണ് വിശ്വാസികൾ പിരിഞ്ഞുപോയത്. മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ അസൈബയിൽ നടന്ന ഈദ്ഗാഹിൽ ആയിരത്തിനടുത്ത് ആളുകൾ പങ്കെടുത്തു. പ്രതികൂലമായ കാലാവസ്ഥയിലും മികച്ച രീതിയിൽ ഈദ്ഗാഹുകൾ ഒരുക്കിയ കൂട്ടായ്മകൾക്ക് നന്ദി അറിയിച്ചാണ് ആളുകൾ പിരിഞ്ഞുപോയത്. ചില ഇടങ്ങളിൽ ഈദ് പ്രാർഥനക്കുശേഷം ലഘുഭക്ഷണങ്ങളും ഒരുക്കിയിരുന്നു.
ദിശ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അസൈബ സഹ്വ ടവറിന് പിൻവശത്തുള്ള ടർഫിൽ ഈദ്ഗാഹിനും പെരുന്നാൾ നമസ്കാരത്തിനും ഖത്തറിൽനിന്നുള്ള പ്രമുഖ പണ്ഡിതൻ ഡോ. അബ്ദുൽ വാസിഅ് നേതൃത്വം നൽകി. ഹറമിനെപ്പോലെ ശാന്തിയും സമാധാനവും ലോകത്താകമാനം പ്രസരിപ്പിക്കുക എന്നതാണ് ബലിപെരുന്നാൾ നൽകുന്ന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ഇഹലോകത്ത് സമാധാനത്തിലധിഷ്ഠിതമായ സാമൂഹികക്രമം നിർമിക്കാൻ പണിയെടുക്കുന്നവർക്കാണ് പരലോകത്തെ സ്വർഗം. മതത്തിന്റെ പേരിൽ പരസ്പരം കലഹവും സ്പർധയുമുണ്ടാക്കി ഈ ലോകത്തെ നരകമാക്കിത്തീർക്കുന്നവർക്കുള്ളതല്ല അതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സുവൈഖ് വിലായത്തിലെ ഖദറ അൽഹിലാൽ സ്റ്റേഡിയത്തിൽ നടന്ന ഈദ്ഗാഹിന് ഹാഫിദ് ജുനൈസ് വണ്ടൂരും ജഅ്ലാൻ ബനീ ബൂഅലിയിലെ ആൽഹരീബ് ഗ്രൗണ്ടിൽ നടന്ന പ്രാർഥനക്ക് താജുദ്ദീൻ അസ്ഹരി പെരുമ്പാവൂരും നേതൃത്വം നൽകി. അസീസ് വയനാടായിരുന്നു മുസന്ന ഷൂ പാർക്കിന് പിൻവശത്ത് നടന്ന ഈദ്ഗാഹിന് നേതൃത്വം നൽകിയത്.
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിലും വിവിധ ഇടങ്ങളിൽ ഈദ്ഗാഹുകൾ നടന്നു. റൂവിയിലെ കരാമ ഹൈപ്പർ മാർക്കറ്റിന്റെ പാർക്കിങ് സ്ഥലത്ത് ഈദ് പ്രാർഥനക്ക് ഷെമീർ ചെന്ത്രാപ്പിന്നി നേതൃത്വം നൽകി.
പ്രവാചകനെ വിമർശിക്കുന്നവരെ കൊലപ്പെടുത്തുക എന്നത് ഇസ്ലാമിന്റെ മാതൃകയല്ല എന്നും തന്നെ കൊല്ലാൻവന്നവരോടുപോലും പ്രവാചകൻ വിട്ടുവീഴ്ച ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതരമതസ്ഥരോട് സമാധാനപരവും സൗഹാർദപരവുമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും പെരുന്നാൾ പ്രഭാഷണത്തിലൂടെ അദ്ദേഹം ഉണർത്തി.
സിനിമ സംവിധായകനും അഭിനേതാവും മിമിക്രി താരവുമായ നാദിർഷ ഈദ്ഗാഹിൽ പങ്കെടുത്തു. ഒമാനിൽ സ്വകാര്യ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. വാദി കബീർ ഇബ്ന് ഖൽദൂൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് ഹാഷിം അംഗടിമുകറും സുവൈഖിലെ ശാഹി ഫുഡ്സ് കോമ്പൗണ്ടിൽ നടന്ന പ്രാർഥനക്ക് നൗഷാദ് സ്വലാഹി പെരുമ്പാവൂരും നേതൃത്വം നൽകി. യാസീൻ അൽ ഹികമി റൂവി അപ്പോളോ ഹോസ്പിറ്റൽ പാർക്കിങ് ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

