ബുറൈമിയിൽ കിഴക്കൻ ഇംപീരിയൽ പരുന്തിനെ കണ്ടെത്തി
text_fieldsബുറൈമി ഒയാസിസ് റിസർവിൽ കണ്ടെത്തിയ അപൂർവ ദേശാടന ഇരപിടിയൻ പക്ഷിയായ കിഴക്കൻ ഇംപീരിയൽ പരുന്തിനെ അധികൃതർ കാമറയിൽ പകർത്തിയപ്പോൾ
ബുറൈമി: അപൂർവ ദേശാടന ഇരപിടിയൻ പക്ഷിയായ കിഴക്കൻ ഇംപീരിയൽ പരുന്തിനെ (ഈസ്റ്റേൺ ഇംപീരിയൽ ഈഗ്ൾ) ബുറൈമി ഒയാസിസ് റിസർവിൽ കണ്ടെത്തി. സംരക്ഷിത മേഖലയിലെ ഉയർന്ന മലനിരകളിൽ വിശ്രമിക്കുന്ന നിലയിലാണ് പക്ഷിയെ കണ്ടതെന്ന് ബുറൈമി ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റിയുടെ ജൈവവൈവിധ്യ വകുപ്പ് അധികൃതർ അറിയിച്ചു.
തെക്കു കിഴക്കൻ യൂറോപ്പ്, മധ്യ ഏഷ്യ, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലെ പ്രജനനകേന്ദ്രങ്ങളിൽനിന്ന് ശീതകാലത്ത് തെക്കൻ മേഖലകളിലേക്ക് ദേശാടനം നടത്തുന്ന കിഴക്കൻ ഇംപീരിയൽ പക്ഷികളെ ഒമാനിൽ പൊതുവെ, ഒമാനിൽ തെക്കൻ മേഖലകളിലെ ദോഫാറിലാണ് കാണപ്പെടാറുള്ളത്. അപൂർവമായി മസ്കത്തിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അക്വില ഹെലിയാക എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കിഴക്കൻ ഇംപീരിയൽ പരുന്തിനെ, ദോഫാറിലെ സലാല മേഖലയിലും സലാലക്ക് സമീപമുള്ള റസ്യൂത്ത് മാലിന്യ നിക്ഷേപ കേന്ദ്രത്തിന് സമീപത്തും വാദി ദർബാത്ത്, ഐൻ റസാത്ത്, ഖവ്ർ താഖയിലും നേരത്തെ കണ്ടെത്തിയിരുന്നു. വടക്കൻ ഒമാനിലെ മസ്കത്തിനടുത്തുള്ള അൽ അൻസാബ് ലഗൂണുകളിലും ഈ പക്ഷികളെ നിരീക്ഷിച്ചതായി റിപ്പോർട്ടുകളുണ്ട്. അപൂർവമായി ഇവ ഇന്ത്യയിലുമെത്താറുണ്ട്. ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ടത്തിലെ നീലഗിരി മേഖലയിലാണ് ഇവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നീലഗിരിയിലെ കേരളത്തോട് ചേർന്നുകിടക്കുന്ന മുതുമല വന്യജീവി സങ്കേതത്തിൽ കഴിഞ്ഞയാഴ്ച കിഴക്കൻ ഇംപീരിയൽ പരുന്തിനെ കണ്ടെത്തിയിരുന്നു. വലിപ്പം, ശക്തമായ നഖങ്ങൾ, ദൂരെനിന്നുതന്നെ ഇരയെ കണ്ടെത്താൻ സഹായിക്കുന്ന തീക്ഷ്ണദൃഷ്ടി എന്നിവയാണ് ഈ പക്ഷിയുടെ പ്രത്യേകതകൾ. ചെറുസസ്തനികളെയും മറ്റു പക്ഷിളെയുമാണ് പ്രധാനമായും ഇവ ആഹാരമാക്കുന്നത്. 2.14 മീറ്റർ വരെ ചിറകളവും 3.6 കിലോ വരെ ഭാരവുമുള്ള കിഴക്കൻ ഇംപീരിയൽ പരുന്തുകൾക്ക് കറുപ്പും തവിട്ടും കലർന്ന ശരീരവും സ്വർണനിറമുള്ള തലയുമാണുള്ളത്. വേട്ടയാടാൻ സഹായിക്കുന്ന വളഞ്ഞ നഖങ്ങളുള്ള ബലമേറിയ കാലുകളും ഇവക്കുണ്ട്. വലിപ്പത്തിൽ യൂറോപ്പിലെ രണ്ടാമത്തെ പരുന്താണിവ. 56 വർഷം വരെയാണ് ശരാശരി ആയുസ്സ് കണക്കാക്കുന്നത്. ആവാസ വ്യവസ്ഥയുടെ നാശം , ഇരകളുടെ എണ്ണം കുറയുന്നത്, മനുഷ്യ ഇടപെടൽ എന്നിവ ഇവയുടെ നിലനിൽപിന് ആഗോള തലത്തിൽ ഭീഷണിയുയർത്തുന്നുണ്ട്.
ബുറൈമി ഒയാസിസ് റിസർവിൽ കണ്ടെത്തിയ അപൂർവ ദേശാടന ഇരപിടിയൻ പക്ഷിയായ കിഴക്കൻ ഇംപീരിയൽ പരുന്തിനെ അധികൃതർ കാമറയിൽ പകർത്തിയപ്പോൾ
ബുറൈമി ഓയാസിസ് റിസർവിൽ കിഴക്കൻ ഇംപീരിയൽ പരുന്തിനെ കണ്ടെത്തിയത് ഇരപിടിയൻ പക്ഷികൾക്ക് അനുയോജ്യമായ സ്വാഭാവിക ആവാസകേന്ദ്രമായി റിസർവ് മാറുന്നതിന്റെ സൂചനയാണെന്ന് ബുറൈമി ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ് ഡയറക്ടർ എൻജിനീയർ സാലിം ബിൻ സഈദ് അൽ മസ്കരി പറഞ്ഞു.
ബുറൈമി ഗവർണറേറ്റിലെ വന്യജീവികൾ, ഇരപിടിയൻ പക്ഷികൾ, ദേശാടന പക്ഷികൾ എന്നിവയടക്കമുള്ള ജൈവവൈവിധ്യത്തെ പതിവായി നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന പരിസ്ഥിതി അതോറിറ്റിയുടെ തുടർച്ചയായ ഫീൽഡ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രവർത്തനത്തിനിടെയാണ് പരുന്തിനെ കണ്ടെത്തിയത്. പരിസ്ഥിതി ഡേറ്റാബേസ് ശക്തിപ്പെടുത്തുന്നതിനും വന്യജീവി സംരക്ഷണ പദ്ധതികൾക്ക് പിന്തുണ നൽകുന്നതിനും ഈ പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

