മസ്കത്ത്: ഒമാൻതീരത്ത് വീണ്ടും ഭൂചലനം. വടക്കൻതീരത്ത് ചൊവ്വാഴ്ച രാവിലെ 8.33ഒാടെയാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.2 തീവ്രതയാണ് ഇത് രേഖപ്പെടുത്തിയതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പനിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ അറേബ്യൻ ഉപഭൂഖണ്ഡത്തിെൻറ വടക്കേ അറ്റത്ത് മുസന്ദമിന് അടുത്തും തീരദേശ പട്ടണമായ ദിബ്ബക്ക് സമീപവുമാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിെൻറ പ്രതിഫലനം ഒമാനെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. കരയിൽ ചലനം അനുഭവപ്പെട്ടതായോ നാശനഷ്ടങ്ങൾ ഉണ്ടായതായോ റിപ്പോർട്ടില്ല. ചലനത്തെ തുടർന്ന് സൂനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല.
കഴിഞ്ഞ 19ന് സലാല തീരത്ത് ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂചലനം സലാലയുടെ തെക്കുഭാഗത്തുനിന്ന് 290 കി.മീ. അകലെയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ 19ന് ദുകമിൽനിന്ന് 320 കിലോമീറ്റർ അകലെ ഭൂകമ്പമുണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 4.9 ആണ് ഇത് രേഖപ്പെടുത്തിയത്. രണ്ടു ഭൂകമ്പങ്ങളും കരയിൽ ബാധിച്ചിരുന്നില്ല.