സലാലക്ക് സമീപം അറബിക്കടലിൽ മൂന്നിടത്ത് ഭൂചലനം
text_fieldsസലാല: ഒമാനിൽ സലാലക്ക് സമീപം അറബിക്കടലിൽ ബുധനാഴ്ച പുലർച്ച മൂന്നുതവണ ഭൂചലനം അനുഭവപ്പെട്ടു. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് അറബിക്കടലിൽ ബുധനാഴ്ച പുലർച്ചയുണ്ടായ മിതമായ ഭൂചലനങ്ങൾ രേഖപ്പെടുത്തിയത്. സലാല തീരത്തുനിന്ന് 263 കിലോമീറ്റർ മാറി തെക്കുപടിഞ്ഞാറൻ ഭാഗത്തായി ബുധനാഴ്ച പുലർച്ച 2.19നാണ് റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ആദ്യ പ്രകമ്പനമുണ്ടായത്. കടലിൽ 35 കിലോമീറ്റർ താഴ്ചയിലായിരുന്നു ഇത്.
പിന്നാലെ, പുലർച്ച 4.27ന് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും അനുഭവപ്പെട്ടു. കരയിൽനിന്ന് 245 കിലോമീറ്റർ തെക്കു ഭാഗത്തായി 12 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. പുലച്ച 5.05നാണ് 5.7 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ പ്രകമ്പനം അനുഭവപ്പെട്ടത്. സലാല തീരത്തുനിന്ന് 209 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഇക്കഴിഞ്ഞ ജനുവരി ഒന്നിനും സലാല തീരത്തുനിന്ന് 345 കിലോമീറ്റർ മാറി കടലിൽ റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജനുവരി മൂന്നിനും അഞ്ചിനും മസീറ ദ്വീപിന് സമീപത്തും യഥാക്രമം 2.6ഉം 3.1ഉം തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

