മസ്കത്ത്: ഒരുമാസത്തിനിടെ ഒമാൻ അനുവദിച്ചത് 45947 ഇ-വിസകൾ. സഞ്ചാരികളുടെ വിസാ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ മാർച്ച് 21 മുതൽ എക്സ്പ്രസ്, ടൂറിസ്റ്റ് വിസകൾ പൂർണമായി ഒാൺലൈനായി മാറ്റിയിരുന്നു. അന്നുമുതൽ ഏപ്രിൽ 16 വരെ കാലയളവിലാണ് ഇത്രയും വിസകൾ അനുവദിച്ചതെന്ന് ടൂറിസം മന്ത്രാലയം അധികൃതർ ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നു. ദോഫാർ ഗവർണറേറ്റിൽ ഇൗ വർഷം പുതുതായി ഏഴ് ഹോട്ടലുകൾ ആരംഭിക്കുകയും ചെയ്യും. 1,851 മുറികളാണ് ഇൗ ഹോട്ടലുകളിൽ ഉണ്ടാവുക. ഇതോടെ സലാലയിലെയും പരിസരത്തെയും ഹോട്ടലുകളുടെ എണ്ണം 3,346 ആകും.
ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി മൈത ബിൻത് സൈഫ് ബിൻ മാജിദ് അൽ മഹ്റൂഖിയയുടെ നേതൃത്വത്തിലാണ് ഒമാൻ സംഘം അറേബ്യൻ ട്രാവൽ മാർക്കറ്റിൽ എത്തിയിരിക്കുന്നത്. ടൂറിസം മന്ത്രാലയത്തിനു പുറമെ ട്രാവൽ, ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും ട്രാവൽ മാർക്കറ്റിൽ എത്തിയിട്ടുണ്ട്.
ഒമാനിലെ ടൂറിസം മേഖലക്ക് മികച്ച വാർഷിക വളർച്ചനിരക്കാണ് ഉള്ളതെന്ന് ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞു. സഞ്ചാരികളുടെ എണ്ണത്തിലെ വർധനക്കൊപ്പം പുതിയ ടൂറിസം പദ്ധതികളും ഹോട്ടലുകളും ആരംഭിക്കുന്നുണ്ട്. ഒമാൻ ടൂറിസം സ്ട്രാറ്റജിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നതിനുള്ള ഒരുക്കത്തിലാണ് സർക്കാരെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. 2016ൽ 337 ഹോട്ടലുകൾ ഉണ്ടായിരുന്നത് കഴിഞ്ഞ വർഷം 367 ആയി ഉയർന്നു. ഹോട്ടൽ മുറികളുടെ എണ്ണം 18,825ൽനിന്ന് 20,851 ആയും വർധിച്ചു. സുസ്ഥിര ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കാണ് ഒമാൻ ഉൗന്നൽ നൽകുന്നതെന്നും അവർ പറഞ്ഞു.