Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഇ-ഒ.സി.ഐ’ കാർഡുകൾ ഇനി...

‘ഇ-ഒ.സി.ഐ’ കാർഡുകൾ ഇനി യാത്ര എളുപ്പമാക്കും

text_fields
bookmark_border
‘ഇ-ഒ.സി.ഐ’ കാർഡുകൾ ഇനി യാത്ര എളുപ്പമാക്കും
cancel

മസ്കത്ത്: ഒമാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ വംശജർക്കായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'ഇലക്ട്രോണിക് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ’(ഇ-ഒ.സി.ഐ) കാർഡിന് അപേക്ഷ സമർപ്പിക്കാം. പുതിയ അപേക്ഷകർക്കും നിലവിൽ ഒസിഐ കാർഡുള്ളവർക്കും ഇനി മുതൽ ഒ.സി.ഐ ബുക്ക്‌ലെറ്റ് കൈയിൽ കരുതാതെ തന്നെ യാത്രാനടപടികളും മറ്റ് സേവനങ്ങളും പൂർത്തിയാക്കാമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജരായ ഒ.സി.ഐ കാർഡുടമകൾക്കായി പൊതുവായാണ് ഈ ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തിൽ ഈ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഒമാനിലെ ഇന്ത്യൻ എംബസി ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ഇപ്പോൾ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുള്ളത്.

സുരക്ഷാഫീച്ചറുകളുള്ള ഡിജിറ്റൽ സംവിധാനം

കൂടുതൽ സുരക്ഷാ ഫീച്ചറുകളോടെ കഴിഞ്ഞ ജൂൺ 30-നാണ് ഇ-ഒ.സി.ഐ കാർഡ് ഇന്ത്യ പുറത്തിറക്കിയത്. എമിഗ്രേഷൻ ക്ലിയറൻസിനും മറ്റ് അനുബന്ധ സേവനങ്ങൾക്കും നിലവിലുള്ള ഫിസിക്കൽ കാർഡിന് പകരമുള്ള ഡിജിറ്റൽ സംവിധാനമാണിത്. ഇ-ഒസിഐ കാർഡ് ലഭിക്കുന്നതിനായി നിലവിലെ ഒ.സി.ഐ കാർഡ് ഉടമകൾ ഔദ്യോഗിക പോർട്ടലിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കണം.

തുടർന്ന് ഡിജിറ്റൽ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഔദ്യോഗിക ഒ.സി.ഐ പോർട്ടൽ വഴിയോ ‘ഇന്ത്യൻ വിസ സു-സ്വാഗതം’ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ തങ്ങളുടെ ഇലക്ട്രോണിക് കാർഡ് ഡൗൺലോഡ് ചെയ്യാം. അതേസമയം, നിലവിലുള്ള ഫിസിക്കൽ ഒ.സി.ഐ ബുക്ക്‌ലെറ്റുകൾക്ക് കാലാവധിയുണ്ടാകുമെന്നും എമിഗ്രേഷൻ ആവശ്യങ്ങൾക്ക് ഇവ തുടർന്നും ഉപയോഗിക്കാമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.

ആജീവനാന്ത കാലാവധിയുള്ള രജിസ്ട്രേഷൻ നമ്പർ

പുതിയ സംവിധാനപ്രകാരം, ഒ.സി.ഐ കാർഡുടമകൾക്ക് ആജീവനാന്ത കാലാവധിയുള്ള ഒരു രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇതിനാൽ പിന്നീട് പാസ്‌പോർട്ട് വിവരങ്ങളിൽ മാറ്റമുണ്ടായാലും ഒ.സി.ഐ കാർഡിനെ ബാധിക്കില്ല. കൂടാതെ, 20 വയസ്സ് തികഞ്ഞതിന് ശേഷം പുതിയ പാസ്‌പോർട്ട് എടുക്കുമ്പോൾ ഒ.സി.ഐ ബുക്ക്‌ലെറ്റ് വീണ്ടും പുതുക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. വ്യാജരേഖകൾ തടയുന്നതിനും പരിശോധന എളുപ്പമാക്കുന്നതിനുമായി ക്യുആർ കോഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും പുതിയ കാർഡിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, ഒ.സി.ഐ കാർഡുടമകൾ തങ്ങളുടെ പുതിയ പാസ്‌പോർട്ട് വിവരങ്ങൾ, ആവശ്യമായ രേഖകൾ, ഏറ്റവും പുതിയ ഫോട്ടോ എന്നിവ ഒ.സി.ഐ ഓൺലൈൻ പോർട്ടൽ വഴി നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. 20 വയസ്സിന് ശേഷം പുതിയ പാസ്‌പോർട്ട് എടുത്ത് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നവർ, വിവരങ്ങൾ പുതുക്കിയ ശേഷമുള്ള ആദ്യത്തെ ഇന്ത്യയിലേക്കുള്ള വരവിലോ പോക്കിലോ എമിഗ്രേഷൻ കൗണ്ടറിലോ അപ്‌ഡേഷൻ സമയത്തോ ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടി വന്നേക്കാം.

പഴയ പാസ്‌പോർട്ടുകൾ ഒപ്പം കരുതേണ്ട

പാസ്‌പോർട്ട് വിവരങ്ങളും മറ്റ് ഒ.സി.ഐ വിവരങ്ങളും ഇ-ഒ.സി.ഐ സിസ്റ്റത്തിൽ ഡിജിറ്റലായി ലഭ്യമാകുന്നതിനാൽ പരിശോധനകൾക്കായി പഴയ പാസ്‌പോർട്ടുകൾ ഒപ്പം കരുതേണ്ടതില്ല. ഇ-ഒ.സി.ഐ രജിസ്ട്രേഷൻ രേഖ ഫിസിക്കൽ ഒ.സി.ഐ ബുക്ക്‌ലെറ്റിന് തുല്യമായ ഔദ്യോഗിക രേഖയായി പരിഗണിക്കും. ഇന്ത്യയിലേക്ക് എത്ര തവണ വേണമെങ്കിലും വരാവുന്ന ആജീവനാന്ത വിസ ലഭിക്കുമെന്നത് ഇതിന്റെ ഗുണമാണ്.

ഇന്ത്യയിൽ എത്ര നാൾ താമസിച്ചാലും ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ ) അല്ലെങ്കിൽ ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ഒ) എന്നിവയിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഒസിഐ കാർഡുടമകൾക്ക് പൂർണ ഇളവുണ്ടാകും. കൂടാതെ, വിവിധ സാമ്പത്തിക, ധനകാര്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രവാസി ഇന്ത്യക്കാർക്ക് എൻ.ആർ.ഐ) തുല്യമായ ആനുകൂല്യങ്ങൾക്കും ഇവർക്ക് അർഹതയുണ്ടായിരിക്കും.

അപേക്ഷ സ്വീകരിച്ചു തുടങ്ങി

പുതിയതായി ഒ.സി.ഐ കാർഡിന് അപേക്ഷിക്കുന്ന എല്ലാവർക്കും ജൂലൈ എട്ടു മുതൽ ഡിജിറ്റൽ കാർഡുകൾ (ഇ-ഒ.സി.ഐ) മാത്രമാണ് അനുവദിക്കുന്നത്. ഒമാനിൽ നിന്നുള്ള അപേക്ഷകർ പൂരിപ്പിച്ച അപേക്ഷാ ഫോം, സാധുതയുള്ള പാസ്‌പോർട്ടിൻ്റെ പകർപ്പ്, മുൻകാല ഇന്ത്യൻ പാസ്‌പോർട്ട് വിവരങ്ങൾ, ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം. 104.200 ഒമാനി റിയാലാണ് ഒ.സി.ഐ രജിസ്ട്രേഷൻ ഫീസ്. ഒസിഐ യൂണിവേഴ്സൽ വിസ മാറ്റുന്നതിനും മറ്റ് അനുബന്ധ സേവനങ്ങൾക്കും 9.500 ഒമാനി റിയാൽ ഫീസ് ഈടാക്കുമെന്നും എംബസി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central GovermentIndian citizens
News Summary - 'e-OCI' cards will now make travel easier
Next Story