50 ലക്ഷം റിയാൽ വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങൾക്ക് ഇ-ഇൻവോയ്‌സിങ് നിർബന്ധമാക്കുന്നു
text_fieldsമസ്കത്ത്: ഒമാനിൽ ബിസിനസ് സ്ഥാപനങ്ങൾക്ക് ഇ-ഇൻവോയ്‌സിങ് (ഇലക്ട്രോണിക് ഇൻവോയ്‌സിങ്) സംവിധാനം നിർബന്ധമാക്കാൻ തീരുമാനം. അഞ്ചു ദശലക്ഷം ഒമാനി റിയാലിന് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ 2027 ഏപ്രിൽ ഒന്നു മുതൽ ഈ സംവിധാനത്തിന്റെ പരിധിയിൽ വരും. ഇതിൽ കുറവ് വിറ്റുവരവുള്ള കമ്പനികളെ ഒക്ടോബർ ഒന്നു മുതൽ രണ്ടാം ഘട്ടത്തിലും ഉൾപ്പെടുത്തും. മൂല്യവർധിത നികുതി (വാറ്റ്) നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് പുറപ്പെടുവിച്ച ഡിസിഷൻ നമ്പർ 189/2026 പ്രകാരമാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതനുസരിച്ച് ടാക്സ് ഇൻവോയ്‌സുകൾ സുരക്ഷിതത്വവും കൃത്യതയും ഉറപ്പാക്കുന്ന അംഗീകൃത ഇലക്ട്രോണിക് ഫോർമാറ്റിൽ മാത്രമേ നൽകാനും സൂക്ഷിക്കാനും പാടുള്ളൂ. ഒമാന്റെ നികുതി വ്യവസ്ഥ വികസിപ്പിക്കുന്നതിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതിയെന്ന് ടാക്സ് അതോറിറ്റിയിലെ ഇലക്ട്രോണിക് ഇൻവോയ്‌സിങ് പ്രൊജക്റ്റ് ഡയറക്ടർ ഇദ്‍രീസ് ബിൻ ഹമൂദ് അൽ റഷ്ദി പറഞ്ഞു. നികുതി നിയമങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും വാണിജ്യ ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കാനും, നികുതി നടപടികളുടെ കാര്യക്ഷമത കൂട്ടാനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടാക്സ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇ-ഇൻവോയ്‌സുകൾ തയാറാക്കുക. എക്സ്.എം.എൽ ഫോർമാറ്റിലായിരിക്കും ഈ ഇൻവോയ്‌സുകൾ. ഇത് വഴി ഇലക്ട്രോണിക് സംവിധാനങ്ങൾക്ക് തനിയെ ഈ വിവരങ്ങൾ വായിക്കാനും വിശകലനം ചെയ്യാനും സാധിക്കും. ബി ടു ബി ഇടപാടുകളിൽ, ടാക്സ് അതോറിറ്റി അംഗീകരിച്ചിട്ടുള്ള സർവീസ് പ്രൊവൈഡർമാർ വഴി വിൽപനക്കാരന്റെയും വാങ്ങുന്നയാളുടെയും കമ്പ്യൂട്ടർ സിസ്റ്റങ്ങൾ തമ്മിൽ നേരിട്ട് ഇൻവോയ്‌സുകൾ കൈമാറ്റം ചെയ്യപ്പെടും.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പേപ്പർ ഇൻവോയ്‌സുകൾ, പി.ഡി.എഫ് ഇൻവോയ്‌സുകൾ, ഇമെയിൽ വഴി അയക്കുന്ന ഇൻവോയ്‌സുകളുടെ ഡിജിറ്റൽ ചിത്രങ്ങൾ എന്നിവയൊന്നും തന്നെ ഔദ്യോഗിക ടാക്സ് ഇൻവോയ്‌സുകളായി പരിഗണിക്കുകയില്ല. പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ ഘട്ടത്തിലേക്ക് ടാക്സ് അതോറിറ്റി 100 കമ്പനികളെ തെരഞ്ഞെടുത്തിട്ടുണ്ട്.
ഈ പൈലറ്റ് പ്രൊജക്റ്റ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. നിയമം നിർബന്ധമാക്കുന്നതിന് മുൻപായി സിസ്റ്റത്തിന്റെ സജ്ജീകരണങ്ങൾ വിലയിരുത്താൻ ഇത് സഹായിക്കും.ടാക്സ് അതോറിറ്റി അംഗീകരിച്ച ഇൻവോയ്‌സിംഗ് സർവീസ് പ്രൊവൈഡറുമായി ബന്ധിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് സിസ്റ്റം വഴി മാത്രമേ ഇൻവോയ്‌സ് തയാറാക്കാവൂ എന്ന് അൽ റഷ്ദി വ്യക്തമാക്കി. ഈ ഇൻവോയ്‌സുകളിൽ വാറ്റ് നിയമപ്രകാരം ആവശ്യമായ എല്ലാ വിവരങ്ങളും അടങ്ങിയിരിക്കണം. കമ്പനികൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ അംഗീകൃത സർവീസ് പ്രൊവൈഡർമാർ നൽകും. പുതിയ സംവിധാനം വഴി ഇൻവോയ്‌സുകളിലെ പിഴവുകളും ക്രമക്കേടുകളും കുറക്കാനും നികുതി വിവരങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും സാധിക്കുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ. ഉപഭോക്താക്കൾക്ക് ഇൻവോയ്‌സിന്റെ വിശ്വാസ്യത പരിശോധിക്കാനും ഇത് വഴി സാധിക്കും. ഒമാൻ വിഷൻ 2040-ന്റെയും ഡിജിറ്റൽ പരിവർത്തന തന്ത്രത്തിന്റെയും ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

