സാമ്പത്തിക മേഖലക്ക് കരുത്തുപകർന്ന് ഇ-കോമഴ്സ്
text_fieldsമസ്കത്ത്: ഒമാനിലെ ഓൺലൈൻ ഫ്രീലാൻസിങ്, ഇ-കോമഴ്സ് മേഖല ചലനാത്മകമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യംവഹിക്കുന്നു. ഒമാനി യുവാക്കളെ ശാക്തീകരിക്കുന്നതിനും സുസ്ഥിര വരുമാന അവസരങ്ങൾ വളർത്തുന്നതിനും കൂടുതൽ നൂതനവും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ ഒരു സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്ന ദേശീയ തന്ത്രങ്ങളാണ് ഈ പരിവർത്തനത്തിന് പിന്തുണയേകുന്നത്.
ഫ്രീലാൻസ് ജോലിയുടെ ഒരു മുൻനിര രൂപമെന്ന നിലയിൽ ഇ-കോമഴ്സിന് വളരെയധികം ആളുകളെ ആകർഷിക്കുന്നുണ്ടെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വാണിജ്യ കാര്യ, ഇ-കോമഴ്സ് വകുപ്പ് ഡയറക്ടർ അസ്സ ബിൻത് ഇബ്രാഹിം അൽ കിന്ദി പറഞ്ഞു. ഒമാനികൾക്ക് ഇപ്പോൾ നാമമാത്ര ഫീസിന് ‘ഫ്രീലാൻസ് ബിസിനസ് രജിസ്റ്റർ’ പ്രകാരം നിയമപരമായി ഓൺലൈൻ ബിസിനസുകൾ നടത്താൻ കഴിയും.
ഇ-കോമഴ്സിന് കുറഞ്ഞ സ്റ്റാർട്ടപ്പ് ചെലവുകൾ, ഫിസിക്കൽ സ്റ്റോറുകളുടെ ആവശ്യകതയില്ലാത്തത്, പ്രാദേശിക, ആഗോള വിപണികളിലേക്ക് പ്രവേശനം എന്നിവയെല്ലാം ഇതിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതാണ്. ഇത് അവസരങ്ങളും ഒമാനി യുവാക്കളുടെ ബിസിനസ്സ് മിടുക്കും വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ടെന്ന് അവർ പറഞ്ഞു. യുവ ബിരുദധാരികൾക്ക് ജോലികൾ വാഗ്ദാനം ചെയ്യുന്നതിലൂടെ ഒമാന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിൽ ഇ-ബിസിനസ് നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് അൽ കിന്ദി അഭിപ്രായപ്പെട്ടു.
സാങ്കേതിക, പ്രഫഷനൽ മേഖലകളിലെ ഒമാനി കഴിവുകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം മാർക്കറ്റിങ്, ഡിസൈൻ, സോഫ്റ്റ്വെയർ വികസനം എന്നിവയിലും ഇത് ഡിജിറ്റൽ സാക്ഷരതയെ പ്രോത്സാഹിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

