ദുകം സ്പേസ് പോർട്ടിൽ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരം
text_fieldsമസ്കത്ത്: ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി. ‘കർമാൻ എക്സ് 1’ ദൗത്യത്തിന്റെ ഭാഗമായി ‘ആസാദ് ഡ്രീമർ’ എന്ന റോക്കറ്റാണ് നിയന്ത്രിത പരീക്ഷണ പറക്കൽ നടത്തിയത്. ഒമാന്റെ വാണിജ്യ വിക്ഷേപണ ശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
4.3 മീറ്റർ നീളവും 26 കിലോഗ്രാം ഭാരവുമുള്ള റോക്കറ്റ്, വിക്ഷേപണത്തിന് പിന്നാലെ മിഷൻ കൺട്രോൾ സെന്ററിലേക്ക് കൃത്യമായി ഫ്ലൈറ്റ് ഡാറ്റ കൈമാറി. ബഹിരാകാശത്ത് എത്തിക്കുക എന്നതിലുപരി വിക്ഷേപണ നടപടിക്രമങ്ങൾ, ഫ്ലൈറ്റ് പെർഫോമൻസ്, റോക്കറ്റിലെ സാങ്കേതിക സംവിധാനങ്ങൾ എന്നിവ വിലയിരുത്തുകയായിരുന്നു ഈ പരീക്ഷണ പറക്കലിന്റെ പ്രധാന ലക്ഷ്യം.
2024 ഡിസംബറിൽ നടന്ന ‘ദുകം-1’ ദൗത്യത്തിന് ശേഷമുള്ള രണ്ടാമത്തെ വിജയകരമായ വിക്ഷേപണമാണിത്. പരീക്ഷണാത്മക റോക്കറ്റ് വിക്ഷേപണങ്ങളെ പിന്തുണക്കുന്നതിനായി 2024-ൽ രൂപീകരിച്ച ‘ഫോർമേഷൻ പ്രോഗ്രാമിന്റെ’ ഭാഗമായാണ് ഈ ദൗത്യം നടപ്പാക്കിയത്.ഒമാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെല്ലാർ കൈനറ്റിക്സ് എം.സി.ടി , സിംഗപ്പൂരിലെ ഒക്യുലോ സ്പേസ്, ആസ്‌ത്രേലിയയുടെ ഓർബിറ്റ്2ഓർബിറ്റ് എന്നീ കമ്പനികൾ സംയുക്തമായാണ് ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഓർബിറ്റ്2ഓർബിറ്റാണ് റോക്കറ്റിലുണ്ടായിരുന്ന പേലോഡ് ലഭ്യമാക്കിയത്.
ബഹിരാകാശ വിക്ഷേപണ രംഗത്ത് ഒമാനി വിദഗ്ധർക്ക് പരിചയസമ്പത്ത് നൽകാനും അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്താനും ഒമാന്റെ വാണിജ്യ വിക്ഷേപണ സാധ്യതകൾ വർധിപ്പിക്കാനും ഈ ദൗത്യം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ സ്പേസ് പ്രോഗ്രാമിന്റെ പിന്തുണയോടെയാണ് ദുകം സ്പേസ് പോർട്ട് പ്രവർത്തിക്കുന്നത്. രാജ്യത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും ഒമാന്റെ ബഹിരാകാശ വ്യവസായത്തെ വളർത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

