ദുകം തുറമുഖം ഒമാൻ വിഷൻ 2040 ന്റെ ചാലകശക്തിയാവുമ്പോൾ...
text_fieldsമസ്കത്ത്: മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ആഗോള സമുദ്രവ്യാപാരം സുപ്രധാനമായ വഴിത്തിരിവിലേക്ക് നീങ്ങുമ്പോൾ, ഒമാൻ സുൽത്താനേറ്റിന്റെ സാമ്പത്തിക പരമാധികാരത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും പുതിയ അടയാളമായി മാറുകയാണ് അൽ വുസ്തയിലെ ദുകം തുറമുഖം. പരമ്പരാഗതമായി എണ്ണ ഉൽപാദനത്തെ മാത്രം ആശ്രയിച്ചിരുന്ന ഒരു സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വൈവിധ്യവൽകരണത്തിന്റെ പുതുയുഗത്തിലേക്ക് രാജ്യം ചുവടുവെക്കുമ്പോൾ, ‘ഒമാൻ വിഷൻ 2040’ ന്റെ നിർണായക ചാലകശക്തിയായി ദുഖം മാറുകയാണ്.
ഹുർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങളും സംഘർഷ സാഹചര്യങ്ങളും ആഗോള വിപണിയെ സ്തംഭിപ്പിക്കുന്ന സാഹചര്യത്തിലേക്ക് നിങ്ങുമ്പോൾ, തർക്കമേഖലകൾക്ക് പുറത്ത് സുരക്ഷിത മേഖലയിൽ സ്ഥിതി ചെയ്യുന്നുവെന്നത് ദുകം തുറമുഖത്തിന്റെ ഭൗമരാഷ്ട്രീയ പ്രാധാന്യം ഇരട്ടിയാക്കുന്നു.
ഒമാൻ സുൽത്താനേറ്റിന്റെ ഭാവി വികസന സാധ്യതകളെ ആഗോള നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ‘ഇൻസ്പയർ ഒമാൻ സമ്മിറ്റ്’ ബിസിനസ് മേഖലയിൽ ദുകം, സുഹാർ, സലാല എന്നീ തുറമുഖങ്ങൾ തുറന്നിടുന്ന അവസരങ്ങൾ എന്തൊക്കെയാണ് എന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നുണ്ട്. ഒക്ടോബർ 14ന് മസ്കത്തിലെ സെന്റ് റെജീസിൽ നടക്കുന്ന ആഗോള സമ്മിറ്റിൽ ഒമാനിലെയും ഇന്ത്യയിലെയും മന്ത്രിമാരും ജി.സി.സി മേഖലയിലെ വൻകിട ബിസിനസുകാരടക്കമുള്ളവർ പങ്കെടുക്കും.
ആഗോള വ്യാപാരത്തിന്റെ സുരക്ഷിത താവളം
അറേബിക്കടലിന്റെ തീരത്ത്, ആഗോള കപ്പൽപാതകളുടെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ദുകം, കിഴക്കൻ രാജ്യങ്ങളും യൂറോപ്പും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ കോർത്തിണക്കുന്ന സുപ്രധാന കണ്ണിയാണ്. ലോകത്തെ ഏറ്റവും സങ്കീർണമായ സമുദ്ര ചാനലുകളായ ഹുർമുസ് കടലിടുക്കിനും ബാബുൽ മന്ദബിനും പുറത്താണ് ഇതിന്റെ സ്ഥാനം എന്നത് കപ്പൽ ഗതാഗതത്തിന് വലിയ സുരക്ഷിതത്വം നൽകുന്നു.
മേഖലയിൽ എന്തെങ്കിലും തരത്തിലുള്ള സംഘർഷങ്ങൾ ഉണ്ടായാൽ പോലും ആഗോള വിതരണ ശൃംഖലയെ ബാധിക്കാതെ വ്യാപാരം തുടരാൻ സഹായിക്കുന്ന ‘റിസ്ക്-മിറ്റിഗേറ്റിങ്’ വ്യാപാര കേന്ദ്രമായി ദുകം മാറിയിരിക്കുന്നു.
ദുകം സ്പെഷ്യൽ ഇക്കണോമിക് സോൺ അതോറിറ്റി വഴി നടപ്പാക്കുന്ന ഈ പദ്ധതി, ഒരു മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ ആൻഡ് ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോം ആണ്. ഡീപ്-വാട്ടർ കൊമേഴ്സ്യൽ പോർട്ട്, ഡ്രൈ ഡോക്ക് സൗകര്യങ്ങൾ, വൻകിട വ്യവസായ സമുച്ചയങ്ങൾ, ഊർജ ഇൻഫ്രാസ്ട്രക്ചർ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ സവിശേഷ മേഖല.
ഭൗമരാഷ്ട്രീയ നിഷ്പക്ഷതയുടെ ഒമാനി മോഡൽ
വിദേശനയത്തിൽ ഒമാൻ എക്കാലത്തും കാത്തുസൂക്ഷിക്കുന്ന സമദൂരവും നിഷ്പക്ഷതയും ദുകത്തിന്റെ വികസനത്തിലും പ്രകടമാണ്. ഏതെങ്കിലും ഒരു ആഗോള ശക്തിയെ മാത്രം ആശ്രയിക്കുന്നതിന് പകരം, വൈവിധ്യമാർന്ന ആഗോള മൂലധനത്തെ ആകർഷിക്കാൻ ഒമാന് കഴിഞ്ഞിട്ടുണ്ട്. അസ്യാദ്, പോർട്ട് ഓഫ് ആന്റ്വെർപ്പ് എന്നീ ഒമാനി-ബെൽജിയൻ സംയുക്ത സംരംഭമാണ് തുറമുഖത്തെ നയിക്കുന്നത്.
ചൈനീസ് നിക്ഷേപങ്ങൾക്കൊപ്പം ബ്രിട്ടന്റെ റോയൽ നേവി ലോജിസ്റ്റിക്സ് ഹബ്ബും ഇന്ത്യയുമായുള്ള ഡിഫൻസ് ആക്സസ് കരാറും അമേരിക്കയുടെ പ്രാദേശിക സ്വാധീനവുമെല്ലാം ദുകത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരം നേടിക്കൊടുക്കുന്നു. സുതാര്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഉപരോധങ്ങൾ നേരിടുന്ന സ്ഥാപനങ്ങളെ ഒഴിവാക്കി, ആഗോള വിശ്വാസ്യത നിലനിർത്താൻ ഒമാൻ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. യുഎസ്-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദുകത്തിന് നേരെ വെല്ലുവിളികൾ ഉയർന്നപ്പോഴും, ഈ തന്ത്രപ്രധാന തുറമുഖത്തിന്റെ പ്രവർത്തന സുരക്ഷിതത്വവും പ്രതിരോധശേഷിയും തെളിയിക്കപ്പെട്ടതാണ്.
ഹരിത ഊർജത്തിന്റെ പുതിയ തലസ്ഥാനം
ഒമാൻ വിഷൻ 2040 ലക്ഷ്യമിടുന്ന എണ്ണയിതര സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന് ദുകം നൽകുന്ന പ്രധാന സംഭാവന ഹരിത ഊർജ മേഖലയിലാണ്. ഒമാനെ ലോകത്തെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ ഉൽപാദകരാക്കി മാറ്റാനുള്ള വൻകിട പദ്ധതികൾക്കാണ് ദുകം സാക്ഷ്യം വഹിക്കുന്നത്.
2027 ഓടെ പ്രവർത്തനം ആരംഭിക്കുന്ന ജപ്പാന്റെ മിത്സുയി, കോബെ സ്റ്റീൽ എന്നിവയുമായി സഹകരിച്ചുള്ള ലോ-കാർബൺ ഇരുമ്പ് ഉൽപാദന പദ്ധതിയും, ദക്ഷിണ കൊറിയൻ കമ്പനിയായ ലൂപ്രോ വഴി തായ്‌ലൻഡിലേക്ക് ഗ്രീൻ അമോണിയ കയറ്റുമതി ചെയ്യാനുള്ള പദ്ധതികളും ഇതിന് ഉദാഹരണങ്ങളാണ്. പെട്രോളിയം റിഫൈനിങ്ങിൽ നിന്ന് പരിസ്ഥിതി സൗഹൃദ ഹരിത ഊർജത്തിലേക്കുള്ള ഒമാന്റെ ഈ മാറ്റം ആഗോള പരിസ്ഥിതി നയങ്ങളുമായി കൃത്യമായി പൊരുത്തപ്പെടുന്നതാണ്.
ഭാവി സാധ്യതകൾ മുന്നോട്ടുവെക്കുന്ന ‘ഇൻസ്പയർ ഒമാൻ’
കപ്പൽ ഗതാഗതം, ലോജിസ്റ്റിക്സ് എന്നിവക്ക് പുറമെ സ്പേസ് സെന്റർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബ്, അത്യാധുനിക സാങ്കേതികവിദ്യാ കേന്ദ്രങ്ങൾ എന്നിവയും ദുകത്തിന്റെ ഭാഗമായി വികസനഘട്ടത്തിലാണ്. ഒമാന്റെ വ്യോമയാന മേഖലയെ റുവാണ്ട, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കും വാണിജ്യ പങ്കാളിത്തത്തെ കിഴക്കൻ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിലേക്കും വ്യാപിപ്പിക്കാൻ ദുകം ഒരു പാലമായി പ്രവർത്തിക്കുന്നു.
വെറുമൊരു തീരദേശ ഗ്രാമമായിരുന്ന ദുകം ഇന്ന് ഒമാന്റെ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്. ഭൗമരാഷ്ട്രീയ വെല്ലുവിളികളെ തന്ത്രപരമായി മറികടന്ന്, സാമ്പത്തിക പ്രതിരോധശേഷി വീണ്ടെടുത്ത്, ഒമാൻ വിഷൻ 2040-ലേക്ക് രാജ്യം നടത്തുന്ന പ്രയാണത്തിന്റെ പവർഹൗസായി ദുകം നിലകൊള്ളുന്നു.
ഇൻസ്പയർ ഒമാൻ സമ്മിറ്റ് ചർച്ച ചെയ്യുന്ന പുതിയ കാലത്തെ ബിസിനസ് ആശയങ്ങൾക്കും നിക്ഷേപ സാധ്യതകൾക്കും ഏറ്റവും മികച്ച പ്രായോഗിക മാതൃകകൂടിയാണ് ദുകം തുറമുഖം. ദുകം പോലെത്തന്നെ ഹുർമുസ് പ്രതിസന്ധിക്കാലത്ത് ജി.സി.സിയിലേക്കുള്ള ചരക്കുനീക്കങ്ങൾ കാര്യമായി നടന്ന സുഹാർ, സലാല പോർട്ടുകളുടെ ഭാവിസാധ്യതകളും ‘ഇൻസ്പയർ ഒമാൻ സമ്മിറ്റ്’ ചർച്ച ചെയ്യും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

