വിജയവഴിയിൽ കുതിച്ചുയർന്ന് ദുകം വിമാനത്താവളം
text_fieldsദുകം വിമാനത്താവളം
മസ്കത്ത്: രാജ്യത്തെ വ്യോമഗതാഗത മേഖലക്ക് കരുത്ത് പകർന്ന ദുകം വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചിട്ട് ആറുവർഷം പൂർത്തിയാകുന്നു. ഇന്ന് രാജ്യത്ത് യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്ന വിമാനത്താവളങ്ങളിലൊന്നായി ദുകം വിമാനത്താവളം മാറിയിട്ടുണ്ട്.
ഒമാന്‍ എയറും സലാം എയറും നിലവില്‍ ദുകമിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യ 11 മാസത്തിനിടെ 55,545 യാത്രക്കാരാണ് വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. 570 വിമാനങ്ങള്‍ സര്‍വിസ് നടത്തുകയും ചെയ്തു. ദുകം സിറ്റിയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളമുള്ളത്. 2019 ജനുവരി 14ന് ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ കാര്‍മികത്വത്തിലാണ് വിമാനത്താവളം ഉദ്ഘാടനം നിര്‍വഹിച്ചത്. 2014ലെ നവോത്ഥാന ദിനത്തിലാണ് ദുകം വിമാനത്താവളം പ്രഖ്യാപനം നടന്നത്. 2019ല്‍ പൂര്‍ത്തിയാക്കി. പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ ലക്ഷക്കണക്കിന് യാത്രക്കാരാണ് ദുകം വിമാനത്താവളത്തിലെത്തിയത്.
നാല് കിലോമീറ്റര്‍ നീളവും 75 മീറ്റര്‍ നീളവുമുള്ള റണ്‍വേ വലിയ വിമാനങ്ങള്‍ക്കും അനുയോജ്യമാണ്. പാസഞ്ചര്‍ ടെര്‍മിനലിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം യാത്രക്കാരെ സ്വീകരിക്കുന്നതിന് ശേഷിയുണ്ട്. 5600 സ്ക്വയര്‍ മീറ്ററാണ് ടെര്‍മിനലിന്റെ വിസ്തൃതി. രണ്ട് ബോര്‍ഡിങ് ബ്രിഡ്ജുകളും അഞ്ച് ചെക്ക് ഇന്‍, ചെക്ക് ഔട്ട് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. 37 മീറ്റര്‍ ഉയരത്തിലുള്ള എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗത്തോടെയുള്ള കെട്ടിടമാണ് ദുകം വിമാനത്താവളത്തിന്റെ മുഖം. അൽ വുസ്ത ഗവർണറേറ്റിലെ ദുസമിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ വികസന യാത്രയിൽ ദുകം വിമാനത്താവളം സുപ്രധാന പങ്കാണ് വഹിക്കുന്നത്. രാജ്യത്തെ അഞ്ച് പ്രാദേശിക വിമാനത്താവളങ്ങളിൽ ഒന്നാണിത്.എയർബസ് എ 380ന്റെ പാർക്കിങ്ങിനുള്ള സൗകര്യവും ദുകത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

