‘ദുകം-2’ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി
text_fieldsമസ്കത്ത്: ബഹിരാകാശ മേഖലയിൽ ചരിത്രപരമായ മറ്റൊരു കുതിപ്പിനൊരുങ്ങി ഒമാൻ. ജൂലൈ 5, 6, 8, 9 തീയതികളിലൊന്നിൽ ‘ദുകം-2’ റോക്കറ്റ് വിക്ഷേപിക്കാനാണ് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം തീരുമാനിച്ചത്. അൽ ജാസിർ വിലായത്തിലെ അൽ കഹൽ പ്രദേശത്തും ദുകം വിലായത്തിലെ ഹിതം പ്രദേശത്തുനിന്നുമായിരിക്കും പരീക്ഷണ വിക്ഷേപണം.
പുലർച്ചെ 12 മുതൽ രാവിലെ ആറുവരെയാണ് വിക്ഷേപണം ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. സ്റ്റെല്ലാർ കൈനറ്റിക്സുമായി സഹകരിച്ചാണ് വിക്ഷേപണം നടത്തുന്നത്. ഒമാനിലെ ബഹിരാകാശ പ്രവർത്തനങ്ങൾക്കായി ഒരു ദേശീയ ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് വിക്ഷേപണമെന്ന് അധികൃതർ അറിയിച്ചു.
റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിന് തയാറെടുക്കുന്നതിനാൽ അൽ വുസ്ത തീരത്ത് സമുദ്ര പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. മത്സ്യത്തൊഴിലാളികളോടും കടൽ യാത്രക്കാരോടും എല്ലാ സുരക്ഷാ നിർദേശങ്ങളും പാലിക്കാനും വിക്ഷേപണ സമയത്ത് നിയുക്ത പ്രദേശം ഒഴിവാക്കാനും ആവശ്യപ്പെട്ടു.
ഈ വർഷം അഞ്ച് റോക്കറ്റുകൾ വിക്ഷേപിക്കുമെന്ന് ഇത്തലാഖ് സ്പേസ്പോർട്ട് അറിയിച്ചിരുന്നു. ഇതിൽ ആദ്യത്തെ റോക്കറ്റായ ‘യുനിറ്റി ഒന്ന്’ ഏപ്രിൽ അവസാനത്തോടെ വിക്ഷേപിക്കാനിരുന്നെങ്കിലും പ്രതികൂലകാലാവസ്ഥയെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.
‘ദുകം-2’ ജൂണിൽ വിക്ഷേപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതാണ് ഇപ്പോൾ യാഥാർഥ്യമാകാൻപോകുന്നത്. ഒക്ടോബറിൽ ദുകം-3, നവംബറിൽ അംബിഷൻ-3, ഡിസംബറിൽ ദുകം-4 എന്നിവയും വിക്ഷേിപിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ ആദ്യത്തെ പരീക്ഷണ വിക്ഷേപണം വിജയം കണ്ടതോടെ ചരിത്രനേട്ടമാണ് സ്പേസ്പോർട്ട് സ്വന്തമാക്കിയത്.
അന്ന് സമുദ്രനിരപ്പിൽനിന്ന് 140 കിലോമീറ്റർ ഉയരത്തിലായിരുന്നു റോക്കറ്റ് പറന്നുയർന്നത്. 2027 ഓടെ പൂർണ തോതിലുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ സ്ഥാപിക്കുക എന്ന ലക്ഷ്യത്തേടെ ഇത്തലാക്കിന്റെ ‘ജെനസിസ് പ്രോഗ്രാ’മിലൂടെ ലക്ഷ്യമിടുന്നത്.
ഉപഭ്രമണപഥത്തിലെയും പരീക്ഷണാത്മക റോക്കറ്റ് വിക്ഷേപണങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിലാണ് സ്പേസ്പോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുവൈത്ത് സ്പേസ് റോക്കറ്റ്സ് ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള വളർന്നുവരുന്ന ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്ക് ഒരു പരീക്ഷണ കേന്ദ്രം നൽകുന്നുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യയിൽ ഒമാന്റെ തന്ത്രപരമായ നിക്ഷേപം, ബഹിരാകാശ ശേഷി വികസിപ്പിക്കുന്നതിനുള്ള വിശാലമായ പ്രാദേശിക ശ്രമങ്ങളുമായി യോജിക്കുന്നതാണ്.
സൗദി അറേബ്യ ഉയർന്ന ഉയരത്തിലുള്ള ബഹിരാകാശ ടൂറിസം പര്യവേക്ഷണം ചെയ്യുകയും യു.എ.ഇ തിരശ്ചീന വിക്ഷേപണ കേന്ദ്രങ്ങൾ വികസിപ്പിക്കുകയും ചെയ്യുമ്പോൾ, ആഗോള ബഹിരാകാശ സ്ഥാപനങ്ങളെ ആകർഷിക്കുന്നതിനായി യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) മാനദണ്ഡങ്ങൾ പാലിക്കുന്ന ലംബ റോക്കറ്റ് വിക്ഷേപണങ്ങൾക്കുള്ള കേന്ദ്രമായി ഒമാൻ സ്വയം സ്ഥാനം പിടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

