രാജ്യത്ത് മയക്കുമരുന്നു കേസുകൾ കുറഞ്ഞു
text_fieldsമസ്കത്ത്: രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ കഴിഞ്ഞവർഷം കുറഞ്ഞതായി റോയൽ ഒമാൻ പൊലീസ്. അറസ്റ്റിലായവരുടെ എണ്ണവും പിടിച്ചെടുത്ത മയക്കുമരുന്നിെൻറ അളവിലും കുറവുണ്ടായതായി ആർ.ഒ.പിയുടെ സ്ഥിതി വിവര കണക്കുകൾ പറയുന്നു. രാജ്യത്തെ വിമാനത്താവളങ്ങളിലും റോഡ്, കടൽ അതിർത്തികളിലും രാജ്യത്തിനകത്തും ആർ.ഒ.പി മയക്കുമരുന്ന് കടത്തുകാർക്കെതിരായ നിരീക്ഷണവും നടപടിയും കർക്കശമാക്കിയതാണ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്താൻ കാരണം. രാജ്യത്തിനകത്തെ മയക്കുമരുന്ന് കടത്തുകാരുടെയും സംഘങ്ങളുടെയും പ്രവർത്തനം അവസാനിപ്പിക്കുന്നതിൽ ഏറെ ദൂരം മുന്നോട്ടു പോകാൻ ആർ.ഒ.പിക്ക് സാധിച്ചു.
കഴിഞ്ഞവർഷം ഇത്തരം കേസുകളിൽ 3,297 പ്രതികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. തൊട്ടുമുൻ വർഷം 3,590 പേർ അറസ്റ്റ് ചെയ്യപ്പെട്ട സ്ഥാനത്താണിത്. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളാകെട്ട 2538ൽ നിന്ന് 2231 ആയും കുറഞ്ഞു. 2016ൽ രണ്ടര ടൺ മയക്കുമരുന്നാണ് പ്രതികളിൽനിന്ന് പിടിച്ചെടുത്തത്. കഴിഞ്ഞവർഷം അത് 2.2 ടണ്ണായി കുറയുകയും ചെയ്തു.
നിരീക്ഷണം കർക്കശമാക്കിയതോടെ മയക്കുമരുന്ന് കള്ളക്കടത്ത് പാതയിൽനിന്ന് സംഘങ്ങൾ ഒമാനെ ഒഴിവാക്കിയതായും ആർ.ഒ.പി മയക്കുമരുന്ന് പ്രതിരോധ സേനാ വിഭാഗം വക്താവ് പറയുന്നു. മയക്കുമരുന്ന് സംഘങ്ങളെ തകർക്കുന്നതിൽ ഒമാനി സുരക്ഷാ വിഭാഗങ്ങൾ കൈവരിച്ച നേട്ടങ്ങൾ മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന് നഷ്ടത്തിന് വഴിയൊരുക്കിയതോടെയാണ് അവർ ഒമാനെ ഒഴിവാക്കിയത്.
മയക്കുമരുന്നിെൻറ ഇനവും ഏതു രാജ്യത്തുനിന്നാണ് വരുന്നതെന്നതും ആശ്രയിച്ചാണ് കള്ളക്കടത്ത് റൂട്ടുകളുടെ തെരഞ്ഞെടുപ്പ്. വലിയ അളവിലുള്ള മരിജുവാന അടക്കം മയക്കുമരുന്നുകൾ കടൽമാർഗമാണ് രാജ്യത്തേക്ക് എത്തിക്കുക. ചെറിയ അളവിലുള്ളവയാണ് വിമാനമാർഗം യാത്രക്കാരെയും ലഗേജുകളെയും ഉപയോഗിച്ച് രാജ്യത്തേക്ക് എത്തിക്കാൻ ശ്രമിക്കുക.
അറബിക്കടലും ഒമാൻ കടലും ഇന്ത്യൻ മഹാസമുദ്രവും അതിരിടുന്ന തന്ത്രപ്രധാനമായ സ്ഥാനം ഒമാന് ഉള്ളതിനാൽ മറ്റു രാജ്യങ്ങളിലേക്കുള്ള മയക്കുമരുന്ന് കടത്തിനും ഒമാൻ ഇടത്താവളമായി ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടാനുള്ള ആർ.ഒ.പി ശ്രമങ്ങൾക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചതായാണ് കണക്കുകൾ കാണിക്കുന്നതെന്ന് വക്താവ് പറഞ്ഞു. ഇതോടൊപ്പം ജനങ്ങളെ മയക്കുമരുന്ന് ഉപയോഗത്തിെൻറ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കാനും വിവിധ പരിപാടികൾ നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
