ഡ്രോണുകള്‍ക്കുള്ള ലൈസന്‍സ് നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നു
text_fieldsമസ്കത്ത്: വിനോദത്തിനും മറ്റുമായി ഉപയോഗിക്കുന്ന ആളില്ലാ പേടകങ്ങള്‍ക്ക് (ഡ്രോണുകള്‍) ലൈസന്‍സ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കാന്‍ പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു. അപേക്ഷ നല്‍കി ഒരു മാസത്തിനകം ലൈസന്‍സ് ലഭ്യമാക്കും വിധമാണ് നിയമങ്ങളില്‍ മാറ്റം വരുത്തുന്നതെന്ന് ക്രൗണ്‍പ്ളാസ ഹോട്ടലില്‍ പ്രഥമ ഡ്രോണ്‍സ് ഒമാന്‍ കോണ്‍ഫറന്‍സ് ആന്‍ഡ് വര്‍ക്ഷോപ്പില്‍ പങ്കെടുക്കാനത്തെിയ സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി ഡയറക്ടര്‍ ജനറല്‍ അന്‍വര്‍ അല്‍ റൈസി പറഞ്ഞു. നിര്‍ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് വിനോദ, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും എളുപ്പമാകും.
നിലവിലെ നിയമത്തിന്‍െറ ഭേദഗതി തയാറായിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ കൂടി അംഗീകാരം ലഭിക്കുന്ന പക്ഷം ഈ മാസം അവസാനത്തോടെ അത് നിയമമാകും. തുടര്‍ന്ന് വെബ്സൈറ്റില്‍ അപേക്ഷാ ഫോറം ലഭ്യമാക്കും. താല്‍പര്യമുള്ളവര്‍ ഇത് പൂരിപ്പിച്ച് നല്‍കുകയാണ് വേണ്ടത്. മറ്റു വകുപ്പുകളുടെ അനുമതി കൂടി തേടി ഒരുമാസത്തിനുള്ളില്‍ തന്നെ തടസ്സമൊന്നുമില്ളെങ്കില്‍ ലൈസന്‍സ് ലഭ്യമാക്കുന്നതാണ് പദ്ധതി.
നേരത്തേ ലൈസന്‍സ് ലഭിക്കാന്‍ നാലുമാസം വരെ സമയമെടുത്തിരുന്നു. അപേക്ഷകന് ലൈസന്‍സിനായി ആരെ സമീപിക്കണം എന്നതടക്കം വിവരങ്ങളും നേരത്തേ ലഭ്യമായിരുന്നില്ല. പുതിയ നിയമ പ്രകാരം ലൈസന്‍സ് അപേക്ഷ നിരസിച്ചാല്‍ പോരായ്മകളും പരിഹാര നടപടികളെ കുറിച്ചും അപേക്ഷകനെ പി.എ.സി.എ അറിയിക്കും.
അംഗീകാരമില്ലാതെ ഡ്രോണുകള്‍ രാജ്യത്തേക്ക് കടത്തുന്നതും ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമായിരിക്കും. നിലവില്‍ അധികപേരും അംഗീകാരമില്ലാതെയാണ് ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. ഇത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാക്കുമെന്നതിനാലാണ് നിയമം ലഘൂകരിക്കുന്നത്.
ഡ്രോണുകളുടെ ലൈസന്‍സിനായി ഓരോ മാസവും പത്തു മുതല്‍ 20 വരെ അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. ഒമാന്‍ ദേശീയ ദിനം, മസ്കത്ത് ഫെസ്റ്റിവല്‍ തുടങ്ങിയ ആഘോഷ വേളകളില്‍ ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കും.
ലൈസന്‍സിനും മറ്റു നടപടി ക്രമങ്ങള്‍ക്കുമായി 25 റിയാലാണ് അധികൃതര്‍ ഈടാക്കുന്നത്. ഡ്രോണിന്‍െറ ഭാരം, ലൈസന്‍സ് കാലാവധി എന്നിവക്ക് അനുസരിച്ച് ലൈസന്‍സ് ഫീസ് വ്യത്യാസപ്പെടും. സര്‍ക്കാര്‍ സ്ഥാപനങ്ങളും എണ്ണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഡ്രോണുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.
ആകാശ നിരീക്ഷണം, ചിത്രങ്ങള്‍ എടുക്കല്‍, എണ്ണപ്പാട സര്‍വേ തുടങ്ങിയവയാണ് ഇവയുടെ വാണിജ്യ ഉപയോഗങ്ങള്‍. ഡ്രോണുകളില്‍ കാമറ ഉപയോഗിച്ചാണ് ഫോട്ടോകള്‍ എടുക്കുന്നത്. പി.ഡി.ഒ ആണ് പ്രധാനമായും ഇവ ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍, 100 മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ ഡ്രോണുകള്‍ പറപ്പിക്കാന്‍ അനുമതിയില്ല.
അപേക്ഷകര്‍ ഡ്രോണുകള്‍ പറപ്പിക്കുന്ന മേഖലയും ലൈസന്‍സിനുള്ള അപേക്ഷയില്‍ വ്യക്തമാക്കണമെന്ന് അല്‍ റൈസി അറിയിച്ചു. വിമാനത്താവള പരിസരമടക്കം സുരക്ഷാ ഭീഷണിയുള്ള മേഖലയില്‍ അനുമതി നല്‍കില്ല. വീടുകള്‍, സംരക്ഷിത മേഖലകള്‍, ബീച്ചുകള്‍, തുടങ്ങിയ ഇടങ്ങളിലും അനുവാദമുണ്ടാകില്ല. ലോകത്തിലെ 91 രാജ്യങ്ങളില്‍ ഡ്രോണുകള്‍ പറത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. മിക്ക ജി.സി.സി രാജ്യങ്ങളിലും ഇവയുടെ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ട്.
സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് അപേക്ഷ സ്വീകരിക്കുന്നതും അന്തിമാംഗീകാരം നല്‍കുന്നതും. നാഷനല്‍ സര്‍വേ അതോറിറ്റി, റോയല്‍ ഒമാന്‍ പൊലീസ്, റോയല്‍ എയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട ശേഷമാകും അംഗീകാരം നല്‍കുക. കാമറ ഘടിപ്പിച്ചവയാണെങ്കില്‍ നാഷനല്‍ സര്‍വേ അതോറിറ്റിയാണ് അംഗീകാരം നല്‍കേണ്ടത്. വിനോദ ആവശ്യങ്ങള്‍ക്കാണ് ഒമാനിലുള്ളവര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത്.
ഒഴിഞ്ഞ പ്രദേശങ്ങളില്‍ ഇവ റിമോട്ടുപയോഗിച്ച് കളിക്കുന്നവര്‍ നിരവധിയാണ്. റമദാന്‍ അടക്കമുള്ള സീസണുകളില്‍ നിരവധി പേരാണ് ഡ്രോണുകള്‍ പറത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
