സൂർ: നമ്മുടെ ചുറ്റുവട്ടത്തുള്ള സഹജീവികളുടെ വേദനകൾ കാണാൻ ശ്രമിക്കണമെന്ന് ഡോക്ട ർ ഇദ്രീസ് ചൂണ്ടിക്കാട്ടി. സാന്ത്വന ചികിത്സ, ജനസേവന രംഗത്തെ അതികായനായ ഡോക്ടർ സൂറി ലെ പൗരാവലിയൊരുക്കിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. പളുപളുത്ത ജീവിതത്തിനിടയിൽ തെൻറ തൊട്ടയൽക്കാരൻ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന വേദനകളെ കാണാതിരിക്കുകയും, തനിക്കാകും വിധം പരിഹാരം കാണാൻ ശ്രമിക്കാത്തതിലൂടെ നഷ്ടപ്പെടുന്നത് തെൻറ തന്നെ മനുഷ്യനെന്ന സ്വത്വത്തെയാണെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
വളരെ കുറഞ്ഞ കാലം കൊണ്ട് കേരളത്തിലും പുറത്തും വിവിധ മേഖലകളിലെ എഴുപത്തിയാറോളം സാന്ത്വന കേന്ദ്രങ്ങളിലൂടെ പതിനായിരക്കണക്കിന് ജീവിതങ്ങൾക്ക് സമാശ്വാസത്തിെൻറ തണലൊരുക്കിയ ‘തണൽ’ കൂട്ടായ്മയുടെ സ്ഥാപകൻ കൂടിയായ ഡോക്ടർ ഇദ്രീസ് ഹ്രസ്വ സന്ദർശനത്തിനായാണ് സൂറിൽ എത്തിയത്. സൂറിലൊരുക്കിയ സ്വീകരണ പരിപാടിയിൽ സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി ഹസ്ബുല്ല മദാരി അധ്യക്ഷത വഹിച്ചു. മധു നമ്പ്യാർ, ജി.കെ. പിള്ള എന്നിവർ സംസാരിച്ചു. കബീർ കോട്ടക്കൽ സ്വാഗതവും നാസർ സാഖി നന്ദിയും പറഞ്ഞു.