റമദാനിലെ ക്ഷാമം പരിഹരിക്കാൻ രക്തം ദാനം ചെയ്യണം
text_fieldsമസ്കത്ത്: റമദാൻ കാലയളവിൽ സാധാരണ കണ്ടുവരാറുള്ള ക്ഷാമം പരിഹരിക്കാൻ എല്ലാവരും രക്തംദാനം ചെയ്യണമെന്ന് ബ്ലഡ് ബാങ്ക് സർവിസ് ആഹ്വാനം ചെയ്തു. രക്തദാനങ്ങൾ കുറവായ റമദാനിൽ ആവശ്യത്തിനുള്ള രക്തം ഉറപ്പാക്കുന്നുണ്ടെന്ന് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്ക് പറഞ്ഞു.വർധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റുന്നതിനായി, സീബ്, ബൗഷർ, മത്ര, ആമിറാത്ത് എന്നിവിടങ്ങളിലെ വളന്റിയർ ഗ്രൂപ്പുകൾ, പള്ളി കമ്മിറ്റികൾ, പബ്ലിക് കൗൺസിലുകൾ എന്നിവ പ്രാദേശിക രക്തദാന പരിപാടികൾ സംഘടിപ്പിക്കാൻ സഹായിക്കുന്നതിന് മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
രാത്രി എട്ട് മണി മുതൽ രാത്രി 11.30വരെയാണ് ഈ കാമ്പയിനുകൾ നടക്കുക. ഇഫ്താറിന് ശേഷം ദാതാക്കൾക്ക് പങ്കെടുക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് ഈ സമയം തെരഞ്ഞെടുത്തിരിക്കുന്നത്. രക്തദാനം കൂടുതൽ സൗകര്യപ്രദമാക്കുകയും റമദാനിൽ കഴിയുന്നത്ര ദാതാക്കളിലേക്ക് എത്തിച്ചേരുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് രക്തബാങ്ക് സേവന വകുപ്പിന്റെ (ഡി.ബി.ബി.എസ്) വക്താവ് പറഞ്ഞു.
രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് 24591255/24594255 എന്ന നമ്പറിൽ വിളിക്കുകയോ 94555648 എന്ന വാട്സ്ആപ് നമ്പർ വഴി രജിസ്റ്റർ ചെയ്യുകയും ആവാം.മുൻകൂട്ടി ബുക്ക് ചെയ്യാതെയും രക്തം ദാനം ചെയ്യാവുന്നതാണ്.

