കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരി; സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി ആർ.ഒ.പി
text_fieldsമസ്കത്ത്: ആകർഷകമായ വേതനത്തിന് വീട്ടുജോലിക്കാരെ നൽകുമെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇങ്ങനെയുള്ള പരസ്യങ്ങളിലൂടെ നൽകുന്ന ലിങ്കിലൂടെ ഇരകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈവശപ്പെടുത്തിയാണ് തട്ടിപ്പിന് ശ്രമിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറിസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.
ഇത്തരം വ്യാജ പരസ്യങ്ങളോട് പ്രതികരിക്കരുതെന്നും അജ്ഞാതമായ ഇലക്ട്രോണിക് ലിങ്കുകൾ തുറക്കരുതെന്നും, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ വെളിപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും റോയൽ ഒമാൻ പൊലീസ് അഭ്യർഥിച്ചു.
അതേസമയം, ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ശക്തമായ ബോധവത്കരണമാണ് റോയൽ ഒമാൻ പൊലീസും ബാങ്കിങ് മേഖലയും നടത്തുന്നത്.ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്നതടക്കമുള്ള തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പ് നൽകിയതോടെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കാൻ തുടങ്ങിയിരുന്നു.ഇത് മനസിലാക്കിയ തട്ടിപ്പ് സംഘം പുത്തൻ അടവുകളാണ് ഇരകളെ വീഴ്ത്താൻ ഉപയോഗിക്കുന്നത്.
പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അര്ഹനായിരിക്കുന്നുവെന്നും നിങ്ങള്ക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റു വിവരങ്ങളും നല്കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടന്നിരുന്നു.സുരക്ഷ കാരണങ്ങളാൽ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും താൽകാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടണമെന്നും പറഞ്ഞ് നടക്കുന്നതാണ് തട്ടിപ്പുകളിലൊന്ന്.ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്ന മറ്റൊരു രീതിക്കെതിരെയും മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

