ലുബാൻ: ദോഫാർ ഗവർണറേറ്റിൽ കനത്ത മഴ തുടരുന്നു റോഡുകൾ അടച്ചു; സ്കൂളുകൾക്ക് ഇന്ന് അവധി
text_fieldsമസ്കത്ത്: ലുബാൻ കൊടുങ്കാറ്റ് തീരത്തോട് അടുത്തതിെൻറ പ്രത്യക്ഷ പ്രതിഫലനമായ ി ദോഫാർ ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. നിലവിൽ തീരത്തുനിന്ന് 300 കിലോമീറ്റർ അകലെയാണ് കാറ്റിെൻറ സ്ഥാനം. ദോഫാർ തീരത്തിന് സമീപത്തൂടെ യമൻ ഭാഗത്തേക്ക് തന്നെയാണ് കാറ്റ് നീങ്ങുന്നതെന്നും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി ശനിയാഴ്ച രാവിലെ പുറത്തുവിട്ട മുന്നറിയിപ്പ് സന്ദേശത്തിൽ അറിയിച്ചു. മണിക്കൂറിൽ 92 കിലോമീറ്റർ മുതൽ 101 കിലോമീറ്റർ വരെയാണ് കാറ്റിെൻറ കേന്ദ്രഭാഗത്തെ വേഗത. കാറ്റിെൻറ പ്രത്യക്ഷ പ്രതിഫലനത്തിെൻറ ഭാഗമായി ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഇന്നും കനത്ത മഴയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നൂറുമുതൽ 200 മില്ലീമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. രണ്ടിടങ്ങളിൽ ശക്തിയേറിയ കാറ്റടിക്കാനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. കടൽ പ്രക്ഷുബ്ധമാണ്. തിരമാലകൾ ആറുമുതൽ എട്ടു മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ലുബാെൻറ നേരിട്ടുള്ള പ്രതിഫലനത്തിെൻറ ഭാഗമായി ദോഫാർ ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാത്രി മുതൽ ശക്തമായ മഴയും കാറ്റും ആരംഭിച്ചിരുന്നു. സദാ, ഹാസിഖ് എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. പാറക്കല്ലുകൾ ഉതിർന്നുവീണും വെള്ളപ്പൊക്കത്തെ തുടർന്ന് ചളി നിറഞ്ഞും മറ്റും നിരവധി റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. ഷാലിം വിലായത്തിലെ ഷുവൈമിയ-ഹാസിഖ് റോഡ്, അക്ബാത്ത്-ഹാഷിർ റോഡ്, ഹാസിഖ്-ഹദ്ബീൻ റോഡ് എന്നിവയാണ് അടച്ചത്. പൊതുജന സുരക്ഷ മുൻ നിർത്തിയാണ് ഇൗ റോഡുകളിൽ ഗതാഗതം നിരോധിച്ചതെന്ന് നാഷനൽ കമ്മിറ്റി ഫോർ സിവിൽ ഡിഫൻസ് അറിയിച്ചു. ഷുവൈമിയ -ഹാസിഖ് റോഡ് വൈകുന്നേരത്തോടെ ഫോർവീൽ വാഹനങ്ങൾക്ക് മാത്രം സഞ്ചരിക്കാവുന്ന തരത്തിൽ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. പലയിടങ്ങളിലും ശക്തമായ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. സദാ, ഹാസിക്, മിർബാത്ത് മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ വെള്ളിയാഴ്ച രാത്രി തന്നെ ഒഴിപ്പിച്ചിരുന്നു. ഹാസിഖിൽനിന്ന് 205 തൊഴിലാളികളെ ഒഴിപ്പിച്ച് അഭയ കേന്ദ്രങ്ങളിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു. മിർബാത്തിൽനിന്ന് 102 പേരെയും ഒഴിപ്പിച്ചു. സ്വദേശികളും വിദേശികളുമായി 773 പേർ അഭയ കേന്ദ്രങ്ങളിൽ കഴിയുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
സലാല നഗരത്തിൽ ശനിയാഴ്ച പുലർച്ചെ മുതൽ ചെറിയ രീതിയിൽ മഴ ആരംഭിച്ചു. ഇടവിട്ടുള്ള ചാറ്റൽമഴക്ക് ഒപ്പം തണുത്ത കാറ്റും വീശുന്നുണ്ടെന്ന് സലാലയിലെ താമസക്കാർ പറയുന്നു. തണുത്ത കാലാവസ്ഥയാണ് ഉള്ളത്. അന്തരീക്ഷം കനത്ത തോതിൽ മൂടിക്കെട്ടിനിൽക്കുകയാണെന്നും ഇവിടത്തുകാർ പറയുന്നു. ദാരീസ്, തഖാ, ഹാദ്ബീൻ എന്നിവിടങ്ങളിലും നല്ല മഴ ലഭിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ കണക്കിലെടുത്ത് സ്കൂളുകൾക്ക് ഇന്നും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
