അനുമതിയില്ലാതെ പഠിപ്പിക്കരുത് -വിദ്യാഭ്യാസ മന്ത്രാലയം
text_fieldsമസ്കത്ത്: ആവശ്യമായ ലൈസൻസില്ലാതെ പഠിപ്പിക്കുന്നതിനും വിദ്യാഭ്യാസ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും എതിരെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ വിദ്യാഭ്യാസ നിയമം അനുസരിച്ച് സ്വകാര്യ സ്കൂളുകൾ, ക്ലാസ് മുറികൾ അല്ലെങ്കിൽ മറ്റേതെങ്കിലും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അനുമതിയില്ലാതെ പ്രവർത്തിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. അത് ക്രിമിനൽ നടപടികൾക്ക് വിധേയമാകാൻ കാരണമായേക്കും.
വിദ്യാഭ്യാസ നിലവാരം നിലനിർത്തുന്നതിനും വിദ്യാഭ്യാസത്തിന്റെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനും ലൈസൻസിങ് ചട്ടങ്ങൾ പാലിക്കുന്നത് നിർണായകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ലൈസൻസ് നേടാതെ ഏതെങ്കിലും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

