പടിവാതിലിൽ ദീപാവലി; മധുര വിപണി സജീവം
text_fieldsസുഹാറിലെ ദീപാവലി മധുരപലഹാര കടകളിലൊന്ന്
റഫീഖ് പറമ്പത്ത്
സുഹാർ: ദീപാവലി പടിവാതിൽക്കൽ എത്തിനിൽക്കെ മധുര വിപണി സജീവമായി. ദീപാവലി ആഘോഷത്തിന് തയാറാകുന്നവർക്ക് മാറ്റിനിർത്താൻ പറ്റാത്ത വിഭവമാണ് മധുരവിതരണവും ദീപാലങ്കാരവും കൂടെ പടക്കം പൊട്ടിക്കലും. വൈവിധ്യങ്ങളായ പൂത്തിരികൾ വീടുകളിൽ കത്തിച്ചും മറ്റു ആഘോഷ പരിപാടികൾ കൊണ്ടാടിയും കുട്ടികളും മുതിർന്നവരും ദീപാവലി ആഘോഷ നിറവിന് വർണം തീർക്കും. ദീപാവലി വളരെ ആവേശത്തോടെയാണ് ഇന്ത്യൻ പ്രവാസികൾ ആഘോഷിക്കാറ്. വീടുകളിൽ ദീപാലങ്കാരം നടത്തിയും പ്രത്യേക പൂജകൾ ചെയ്തും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മധുരം വിതരണം ചെയ്തും ആഘോഷത്തിന്റെ ഭാഗമാകും.
ഗുജറാത്തി ഹോട്ടലുകളിലും മറ്റു വെജിറ്റേറിയൻ റസ്റ്റാറന്റുകളിലും ബേക്കറികളിലും മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും മധുര വിഭവം തയാറാണ്. മലയാളികൾക്ക് അന്യമായ മധുര വിഭവങ്ങളുടെ നിരതന്നെ ഒരുക്കിയിട്ടുണ്ട്. ബേക്കറികളിൽ പാലും ബട്ടറും, ഇത്തപ്പഴം, ഡ്രൈ ഫ്രൂട്ട്, പശുവിൻ നെയ്യ്, പഞ്ചസാരയും മലായിയും ചേർത്ത് നിർമിക്കുന്ന വിഭവങ്ങൾക്കാണ് ആവശ്യക്കാരേറെ. രണ്ടുകിലോ, ഒരുകിലോ അരക്കിലോ ബോക്സുകളിൽ പലതരം മധുര പലഹാരങ്ങൾ ഒരുമിച്ചു പാക്ക് ചെയ്താണ് വിൽപന.
കമ്പനികളും സ്ഥാപനങ്ങളും മധുര പലഹാരത്തിന് മുൻകൂട്ടി ഓർഡറുകൾ നൽകിയിട്ടുണ്ടെന്ന് സുഹാറിലെ ഇന്ത്യൻ ഹൗസ് റസ്റ്റാറന്റ് മാനേജർ ഹരീഷ് ഷെട്ടി പറഞ്ഞു. ദീപാവലി സീസണിൽ 500 കിലോ മുതൽ 700 കിലോ വരെ ഓർഡറുകൾ ലഭിക്കാറുണ്ടെന്ന് ഹരീഷ് ഷെട്ടി പറയുന്നു. ലഡുവും ജിലേബിയും മൈസൂർ പാക്കും ഗുലാബ് ജാമൂനും ഇപ്പോഴും മാർക്കറ്റിൽനിന്ന് പിറകോട്ടുപോകാത്ത മധുരങ്ങൾ തന്നെയാണ്. എന്നാലും പുതിയ വിഭവമായ മോത്തി ചോർ, കാജു കട്ട്ലി, കാജു റോൾ, ബാലു ഷാഹി, മലായി ബർഫി, മാവ പേഡ, നമ്കീൻ എന്നിങ്ങനെയുള്ള വ്യത്യസ്ത ഇനങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. ഇതിനൊക്കെ ആവശ്യക്കാർ ഏറെയുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. സാധാരണ മധുര പലഹാരങ്ങൾ കിലോക്ക് 3.500 മുതൽ 6.500 റിയാൽ വരെയാണ് വില. കൂടിയ വിലയിലുള്ള മധുര പലഹാരങ്ങളും മാർക്കറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

