വിവാഹ മോചന കേസുകൾ കുത്തനെ ഉയരുന്നു
text_fieldsമസ്കത്ത്: ഒമാനിൽ വിവാഹമോചന കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ വർഷം ദിവസവും ശരാശരി 11 വിവാഹമോചന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം രാജ്യത്ത് 4,160 വിവാഹമോചന കേസുകളാണ് നടന്നത്. 2021ൽ 3,837 ആയിരുന്നു ഇത്. വിവാഹമോചന കേസുകൾ വർധിക്കുന്നതിന് നിരവധി കാരണങ്ങളുള്ളതായി വിലയിരുത്തുന്നു. സാമൂഹിക മാധ്യമങ്ങൾ, സ്ത്രീകൾ തൊഴിൽരംഗത്ത് സജീവമാവൽ എന്നിവ പ്രധാന കാരണങ്ങളായി കണക്കാക്കുന്നു.
ഒമാന്റെ അതിവേഗത്തിലുള്ള അധുനികവത്കരണവും നഗരവത്കരണവും ദമ്പതികൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടാക്കാനും വിവാഹമോചനത്തിലേക്ക് നയിക്കാനും കാരണമായിട്ടുണ്ട്. ദമ്പതികൾക്കിടയിലെ പുതിയ പ്രതീക്ഷകളും വെല്ലുവിളികളും ജോലിസംബന്ധമായ സമ്മർദങ്ങളും സാമ്പത്തിക ബാധ്യതകളും കുടുംബബന്ധങ്ങൾ ശിഥിലമാവാൻ കാരണമാവുന്നുണ്ട്. സാമൂഹിക മാറ്റങ്ങളുടെ ഫലമായി വ്യക്തികളുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണമുണ്ടാവുകയും ശാക്തീകരണമുണ്ടാവുകയും ചെയ്തതോടെ അഭിപ്രായ വ്യത്യാസങ്ങൾ വിവാഹ മോചനത്തിലേക്ക് നയിക്കുകയാണ്. സ്ത്രീകൾ കൂടുതൽ സ്വതന്ത്രരാവുകയും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിൽ എത്തുകയും ചെയ്തതോടെ വിവാഹ മോചന വിഷയത്തിൽ സ്വന്തമായ തീരുമാനം എടുക്കാൻ കഴിയുന്നതും വിവാഹ മോചനം വർധിക്കാൻ കാരണമായി.
സമൂഹ മാധ്യമങ്ങൾ ആശയവിനിമയത്തിന് കൂടുതൽ അവസരങ്ങൾ നൽകുന്നു. ഇത് മറ്റുള്ളവരുമായി ജീവിതം പങ്കുവെക്കാനും ബന്ധം സ്ഥാപിക്കാനും അവസരമുണ്ടാക്കുന്നു. ഇത് വിവാഹബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഓൺലൈൻ ബന്ധങ്ങൾ വളരുകയും സ്വകാര്യ സംഭാഷണങ്ങളിലേക്ക് നീങ്ങുകയും ഇവരുമായി വ്യക്തിബന്ധങ്ങൾ വളരുകയും നിലവിലെ വിവാഹബന്ധം തകരുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്.
വിവാഹമോചനം വർധിക്കുന്ന സാഹചര്യത്തിൽ ദമ്പതികൾക്ക് മികച്ച പിന്തുണ നൽകുന്ന സാമൂഹികാന്തരീക്ഷം വളർന്നുവരേണ്ടതുണ്ട്. വിവാഹത്തോടനുബന്ധിച്ചുള്ള കൗൺസിലിങ്ങുകൾ ദമ്പതികൾക്കിടയിൽ ആരോഗ്യകരമായ ആശയവിനിമയങ്ങൾക്ക് വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

