ഒമാനിൽ വിവാഹമോചനക്കേസുകൾ വർധിക്കുന്നു; കഴിഞ്ഞവർഷം 4122 വിവാഹമോചനക്കേസുകൾ രേഖപ്പെടുത്തി
text_fieldsമസ്കത്ത്: ഒമാനിൽ വിവാഹമോചനക്കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞവർഷം 4100ലധികം വിവാഹമോചനങ്ങളാണ് ഫയൽ ചെയ്തതെന്ന് സുപ്രീം ജുഡീഷ്യറി കൗൺസിലിന്റെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ചെറുപ്പക്കാരായ ദമ്പതികൾക്കിടയിലും വിദ്യാഭ്യാസവും വരുമാനവും കുറഞ്ഞവരിലുമാണ് വിവാമോചനം കൂടുതലായി കണ്ടുവരുന്നത്. കഴിഞ്ഞവർഷം ഒമാനിൽ 4122 വിവാഹമോചനക്കേസുകളാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനയാണിത്. പ്രതിദിനം ശരാശരി 11 വിവാഹമോചനക്കേസുകൾ എന്നതോതിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2022ലെ 15,400ൽനിന്ന് 2023ൽ 14,716 ആയി വിവാഹങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും വിവാഹമോചന തോതിൽ വർധനയാണ് കാണിക്കുന്നത്. 2023ൽ ആകെ 3828ൽ അധികം വിവാഹമോചനക്കേസുകളായിരുന്നെങ്കിൽ 2022ൽ ഇത് 4160 ആയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2021ൽ വിവാഹമോചനങ്ങളിൽ 12 ശതമാനം വർധന ഉണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.
2024ൽ ഏറ്റവും കൂടുതൽ വിവാഹമോചനക്കേസുകൾ മസ്കത്ത് ഗവർണറേറ്റിലാണ് രേഖപ്പെടുത്തിയതെന്ന് മേഖലാതല കണക്കുകൾ സൂചിപ്പിക്കുന്നു; 1161 കേസുകൾ. തൊട്ടുപിന്നാലെ ദോഫാർ (687), തെക്കൻ ബാത്തിന (704), വടക്കൻ ബാത്തിന (671), വടക്കൻ ശർഖിയ (264), തെക്കൻ ശർഖിയ (249) എന്നിവയാണുള്ളത്. വിവാഹ രജിസ്ട്രേഷന്റെ കാര്യത്തിൽ മസ്കത്ത് വീണ്ടും പട്ടികയിൽ ഒന്നാമതെത്തി, 4868 വിവാഹങ്ങൾ. വടക്കൻ ബാത്തിന (2955), തെക്കൻ ബാത്തിന (2031), ദാഖിലിയ (2042), ദോഫാർ (1684), തെക്കൻ ശർഖിയ (1306), വടക്കൻ ശർഖിയ (1228) എന്നിവയാണ് തൊട്ടുപിന്നിൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

