സലാലയിലേക്ക് നേരിട്ട് വിമാന സർവിസ്: ജി.സി.സിയിൽനിന്ന് സഞ്ചാരികൾ ഒഴുകും
text_fieldsസലാല എയർപോർട്ട് ടെർമിനൽ
മസ്കത്ത്: ജി.സി.സിയിൽനിന്ന് ഇത്തവണയും കൂടുതൽ സഞ്ചാരികളെയാണ് ഖരീഫിലേക്ക്സംഘാടകർ പ്രതീക്ഷിക്കുന്നത്. ഖരീഫ് സീസണിനു മുന്നോടിയായി വിവിധ വിമാനക്കമ്പനികൾ സലാലയിലേക്ക് സർവിസ് ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്.
ആദ്യ നേരിട്ടുള്ള വിമാനം സലാല എയർപോർട്ടിൽ ദിവസങ്ങൾക്കു മുമ്പെത്തിയിരുന്നു. 220 വിനോദസഞ്ചാരികളുമായി കുവൈത്ത് എയർവേയ്സാണ് സലാലയിൽ ലാൻഡ് ചെയ്തത്. യാത്രക്കാർക്ക് ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്. ഖരീഫ് സീസണിൽ കുവൈത്ത് എയർവേയ്സ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും സലാല എയർപോർട്ടിനുമിടയിൽ ആഴ്ചയിൽ നാല് ഫ്ലൈറ്റുകൾ സർവിസ് നടത്തും.
ഒക്ടോബർ അവസാനംവരെ ഇതു തുടരും. ഖരീഫ് ദോഫാർ സീസണിന്റെ തുടക്കത്തോടെ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള മറ്റു നിരവധി വിമാനക്കമ്പനികളുടെ സർവിസുകൾ ആരംഭിക്കുന്നതിന്റെ സൂചനയാണ് ഈ വിമാനം നൽകുന്നതെന്ന് സലാല എയർപോർട്ട് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സക്കറിയ ബിൻ യാക്കൂബ് അൽ ഹറാസി പറഞ്ഞു. വിവിധ ഷെഡ്യൂകളനുസരിച്ച് ഈ സീസണിലെത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കാൻ ഒമാൻ എയർപോർട്ട്സ് അധികൃതർ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് അൽ ഹറാസി കൂട്ടിച്ചേർത്തു.
റിയാദിൽനിന്ന് നാല്, ദമാമിൽനിന്ന് മൂന്ന്, ജിദ്ദയിൽനിന്ന് മൂന്ന് വിമാനങ്ങൾ എന്നിങ്ങനെ സൗദി അറേബ്യയിലെ മൂന്ന് പ്രധാന നഗരങ്ങളിൽനിന്ന് ആഴ്ചയിൽ പത്ത് ഫ്ലൈറ്റുകളാണ് ഫ്ലൈനാസ് സലാലയിലേക്ക് സർവിസ് നടത്തുക. ജസീറ എയർവേയ്സ് കുവൈത്തിൽനിന്ന് സലാലയിലേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ എന്നതോയിൽ നേരിട്ട് സർവിസ് നടത്തും. ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ ബാഗ്ദാദ്, ബഹ്റൈൻ, യുനൈറ്റഡ് അറബ് എമിറേറ്റിലെ ഫുജൈറ എന്നിവിടങ്ങളിൽനിന്ന് ആഴ്ചതോറും സലാല എയർപോർട്ടിലേക്ക് സർവിസ് നടത്തും.
യാത്രക്കാരെത്തുമ്പോഴും പുറപ്പെടുമ്പോഴും യാത്രാ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിനാവശ്യമായ എല്ലാ മാർഗങ്ങളും നൽകാൻ ഒമാൻ എയർപോർട്ട് ശ്രമിക്കുന്നുണ്ടെന്ന് സലാല എയർപോർട്ട് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പറഞ്ഞു.
ഖരീഫ് യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാം
മസ്കത്ത്: ഖരീഫ് സീസൺ തുടങ്ങിയതോടെ ദോഫാറിലേക്ക് സ്വദേശികളുടെയും വിദേശികളുടെയും ഒഴുക്കായിരിക്കും. യാത്രക്ക് ഒരുങ്ങുമ്പോഴും പോകുന്ന വഴിയിലും അവിടെയെത്തുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഖരീഫ് കൂടുതൽ ആസ്വാദ്യകരമാകുമെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. അതോടൊപ്പം ഗതാഗത മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അധികൃതർ ചൂണ്ടിക്കാണിച്ചു.
*യാത്രയും അതോടൊപ്പം വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ താമസ സ്ഥലവും മുൻകൂട്ടി ആസൂത്രണം ചെയ്യുക
*യാത്ര ആരംഭിക്കുന്നതിനുമുമ്പ് ഗതാഗത കുരുക്കുകളും മറ്റു തടസ്സങ്ങളും ഒഴിവാക്കാൻ റോഡിന്റെ പുതിയ സാഹചര്യങ്ങൾ പരിശോധിക്കുക
*പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ എപ്പോഴും ഒരു കുടയോ റെയിൻ കോട്ടോ കരുതുക
*ട്രാഫിക് നിയമങ്ങൾ പാലിക്കുകയും സന്ദർശനത്തിലുടനീളം നിങ്ങളുടെ സുരക്ഷക്കു മുൻഗണന നൽകുകയും ചെയ്യുക
*ദോഫാറിന്റെ സൗന്ദര്യം അതിന്റെ പച്ചപ്പാണ്. അതിനാൽ ഈ പച്ചപ്പിന് കോട്ടം തട്ടുന്ന പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും മാലിന്യങ്ങൾ ഉത്തരവാദിത്തത്തോടെ സംസ്കരിക്കുകയും ചെയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

