ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ഡിപ്ലോമാറ്റിക് ചാരിറ്റി മാർക്കറ്റ്
text_fieldsവിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഡിപ്ലോമാറ്റിക് ചാരിറ്റി മാർക്കറ്റ്
മസ്കത്ത്: സുൽത്താനേറ്റിലെ അംഗീകൃത എംബസികളുമായി സഹകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രാലയം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മാർക്കറ്റ് തുടങ്ങി. മന്ത്രാലയത്തെ പ്രതിനിധാനം ചെയ്ത് ഡിപ്ലോമാറ്റിക് ക്ലബാണ് ആദ്യത്തെ ‘ഡിപ്ലോമാറ്റിക് ചാരിറ്റി മാർക്കറ്റ്’ സംഘടിപ്പിച്ചത്. അൽ റഹ്മ അസോസിയേഷൻ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡിന് പിന്തുണ നൽകുന്നതിനായി ‘അവരുടെ സന്തോഷത്തിന് കാരണമാവുക’ എന്ന മുദ്രാവാക്യത്തിലാണ് മാർക്കറ്റ് തുടങ്ങിയിരിക്കുന്നത്. ഒമാനിലെ ഇത്തരത്തിലുള്ള ആദ്യ ചാരിറ്റി മാർക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിലെ ഭരണ-സമ്പത്തികകാര്യ അണ്ടർസെക്രട്ടറി ഖാലിദ് അൽ മുസ്ലഹിയാണ് ഉദ്ഘാടനം ചെയ്തത്.
റഹ്മ അസോസിയേഷന് സംഭാവനകൾ ശേഖരിക്കുന്നതിനും വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള ഐക്യദാർഢ്യം ഉയർത്തിക്കാട്ടുന്നതിനുമാണ് മാർക്കറ്റ് സംഘടിപ്പിച്ചതെന്ന് ഡിപ്ലോമാറ്റിക് ക്ലബ് അംഗം ദോവ ബിൻത് അബ്ദുല്ല അൽ അമ്രിയ പറഞ്ഞു. കുടിൽ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങളെയും ഇടത്തരം ചെറുകിട സംരംഭകരെയും പിന്തുണക്കാനും ശ്രമിക്കുന്നുണ്ട്. ചാരിറ്റബിൾ മാർക്കറ്റിൽനിന്ന് ലഭിക്കുന്ന തുക ദരിദ്രരെ സഹായിക്കുന്നതിനായി അസോസിയേഷൻ നടത്തുന്ന ചില പരിപാടികൾക്ക് അനുവദിക്കുമെന്ന് അൽ റഹ്മ ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ സന ബിൻത് അബ്ദുൽ റഹ്മാൻ അൽ ഖഞ്ചാരിയ പറഞ്ഞു.
അറബ്, മറ്റ് സൗഹൃദ രാജ്യങ്ങളുടെ എംബസികളിൽനിന്ന് വലിയ ജനപങ്കാളിത്തമായിരുന്നു പരിപാടിയിൽ ഉണ്ടായിരുന്നത്. ഓരോ രാജ്യങ്ങളും തങ്ങളുടെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ഉൽപന്നങ്ങളായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. ഓരോ എംബസിക്കും അവരുടെ ഹോം ഉൽപന്നങ്ങളും കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കുന്നതിന് ഒരു സ്റ്റാൾ അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

