സമാധാനം കൈവരിക്കാനുള്ള മാർഗം നയതന്ത്രവും സംഭാഷണവും -ഒമാൻ
text_fieldsമസ്കത്ത്: നയതന്ത്രവും സംഭാഷണവുമാണ് ശാശ്വത സമാധാനം കൈവരിക്കാനുള്ള മാർഗമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി. യു.എസ്-ഇറാൻ ആറാം ഘട്ട ആണവ ചർച്ച റദ്ദാക്കിയതായി അറിയിക്കവയേയാണ് ഇക്കാര്യം പറഞ്ഞത്.ജൂൺ 15ന് നിശ്ചയിച്ചിരുന്ന ചർച്ച റദ്ദാക്കിയതായി നേരത്തെ തന്നെ ഇറാൻ വ്യക്തമാക്കിയിരുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ആണവ ചർച്ചയിൽനിന്നും തെഹ്റാൻ പിന്മാറിയത്. ഇക്കാര്യം ഇറാൻ ബന്ധമുള്ള മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേൽ ക്രൂരമായ ആക്രമണം അഴിച്ചുവിടുമ്പോൾ യു.എസ്സുമായുള്ള ആണവ ചർച്ച അർത്ഥശ്യൂന്യമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായീൽ ബഗായി വ്യക്തമാക്കിയതാണ്. യു.എസുമായുള്ള ആണവ ചർച്ചകൾ തുടരുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നുവെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചിയെ ഉദ്ധരിച്ച് ഇറാൻ സ്റ്റേറ്റ് മീഡിയയും റിപ്പോർട്ട് ചെയ്തു.
സയ്യിദ് ബദർ ഹമദ് അൽ ബുസൈദി
അതേസമയം, ഇറാൻ- ഇസ്രായേൽ സംഘർഷങ്ങൾക്കിടെ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ നീക്കങ്ങൾ ശക്തമാക്കി ഒമാൻ. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒമാനി പൗരന്മാർക്ക് 24 മണിക്കൂറും സഹായം നൽകുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവർത്തിച്ച് വ്യക്തമാക്കി. ആശയവിനിമയത്തിന് മന്ത്രാലയത്തിന്റെ ആപ്പ്, വാട്സ്ആപ് പ്ലാറ്റ്ഫോമുകൾ എന്നിവ പ്രയോജനപ്പെടുത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ പൗരന്മാർക്ക് പ്രത്യേക ആശയവിനിമയ ലൈനുകൾ അനുവദിച്ചിട്ടുണ്ടെന്നും സയ്യിദ് ബദർ ചൂണ്ടിക്കാട്ടി. ഇറാനെതിരായ ഇസ്രായേൽ സൈനിക ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സഹോദര സൗഹൃദ രാജ്യങ്ങളിലെ മന്ത്രിമാരുമായി തുടർച്ചയായ ചർച്ചകൾ നടത്തുന്നതിനിടെയാണ് പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള സയ്യിദ് ബദറിന്റെ പരിശ്രമവും. നിയമവിരുദ്ധവും നിരുത്തരവാദപരവുമായ ഈ ആക്രമണം അവസാനിപ്പിക്കണം. സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ പിന്തുണയ്ക്കുന്നതിനായി അന്താരാഷ്ട്ര നിയമത്തിന്റെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. പ്രശ്ന പരിഹാരത്തിന് അന്താരാഷ്ട്ര തലത്തിൽ നയതന്ത്രപരവും രാഷ്ട്രീയവുമായ സമ്മർദ്ദം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം സയ്യിദ് ബദർ പ്രസ്താവനയിൽ വിശദമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

