സുഹാർ ബദർ അൽ സമയിൽ ഡയാലിസിസ് യൂനിറ്റ് തുടങ്ങി
text_fieldsസുഹാറിലെ ബദർ അൽ സമാ ഹോസ്പിറ്റലിലെ ഡയാലിസിസ് യൂനിറ്റിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്ന്
മസ്കത്ത്: ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ ഒമാനിലെ രണ്ടാമത്തെ ഡയാലിസിസ് സെന്റർ സുഹാറിലെ ബദർ അൽ സമ ഹോസ്പിറ്റലിൽ തുടങ്ങി. ലോക കിഡ്നി ദിനത്തോടനുബന്ധിച്ചായിരുന്നു പുതിയ സെന്ററിന്റെ ഉദ്ഘാടനം. സുഹാർ ആരോഗ്യമന്ത്രാലയം ഹോസ്പിറ്റലിലെ പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെന്റ്സ് മുൻ ഡയറക്ടർ ഡോ. നജാത്ത് മുഹമ്മദ് ഈസ അൽ സദ്ജലി മുഖ്യാതിഥിയായി. വടക്കൻ ബാത്തിന മേഖലയിൽ ഡയാലിസിസ് നൽകുന്ന സ്വകാര്യമേഖലയിലെ ആദ്യത്തെ കേന്ദ്രമായി ഇതോടെ സുഹാറിലെ ബദർ അൽ സമ ഹോസ്പിറ്റൽ മാറി.
വടക്കൻ ബാത്തിന ഗവർണറേറ്റിലെ റീജനൽ എപ്പിഡമിയോളജിസ്റ്റ് ഡോ. വിദ്യാനന്ദ് വൈദ്യ, സുഹാർ ആരോഗ്യമന്ത്രാലയം ഹോസ്പിറ്റലിലെ നെഫ്രോളജി ഡിപ്പാർട്മെന്റ് തലവൻ ഡോ. ഇബ്രാഹീം സയ്യിദ്, ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫിറാസത്ത് ഹസ്സൻ, സി.ഒ.ഒ ജേക്കബ് ഉമ്മൻ, സുഹാർ ബദൽ അൽ സമ ഹോസ്പിറ്റലിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും പങ്കെടുത്തു.
സുൽത്താനേറ്റിലെ ആരോഗ്യമേഖലയിലേക്ക് എല്ലായ്പോഴും പുത്തൻ സംഭാവനകൾ നൽകുന്ന ബദർ അൽ സമയുടെ പ്രവർത്തനങ്ങളെ ഡോ. നജാത്ത് മുഹമ്മദ് ഈസ അൽ സദ്ജലി അഭിനന്ദിച്ചു. ബദർ അൽ സമയുടെ സുഹാറിലെ ഡയാലിസിസ് സേവനങ്ങൾ നൂറുകണക്കിന് രോഗികൾക്ക് പ്രയോജനപ്പെടുമെന്ന് ഡോ. വിദ്യാനന്ദ് വൈദ്യ പറഞ്ഞു.
ഡയാലിസിസിന്റെ പ്രാധാന്യത്തെക്കുറിച്ചും വടക്കൻ ബാത്തിന മേഖലയിൽ അത് സൃഷ്ടിക്കുന്ന സ്വാധീനത്തെക്കുറിച്ചും ഡോ. ഇബ്രാഹിം സയ്യിദ് സൂചിപ്പിച്ചു. ഡയാലിസിസ് പ്രക്രിയയെയും ആധുനിക ചികിത്സയിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സുഹാറിലെ ബദർ അൽ സമ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് നെഫ്രോളജിസ്റ്റ് ഡോ. ഇക്ബാൽ അഹമ്മദ് സംസാരിച്ചു. സുഹാർ ബദർ അൽ സമാ ഹോസ്പിറ്റലിലെ ഡയാലിസിസ് യൂനിറ്റിൽ പ്രാരംഭ ഘട്ടത്തിൽ രണ്ട് കിടക്കകളാണുണ്ടാകുക. സുൽത്താനേറ്റിൽ അപൂർവ കേന്ദ്രങ്ങളിൽ മാത്രമുള്ള ഹീമോഡിയ ഫിൽട്രേഷൻ ടെക്നിക് (എച്ച്.ഡി.എഫ്) സംവിധാനം ഉപയോഗപ്പെടുത്തിയായിരിക്കും ഡയാലിസിസ്.
ബ്രാഞ്ച് മേധാവി മനോജ് കുമാർ, സുഹാർ ബദർ അൽ സമ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. അസ്ഹർ ഇഖ്ബാൽ, ബദർ അൽ സമ ഫലജ് അൽ ഖബൈൽ ക്ലിനിക് ബ്രാഞ്ച് മേധാവി ഷംനാദ് അമൻ, സുഹാർ ബദർ അൽ സമ പോളിക്ലിനിക് ബ്രാഞ്ച് മേധാവി സവാദ്, സോണൽ മാർക്കറ്റിങ് മേധാവി ഷെയ്ഖ് ബഷീർ എന്നിവർ സംബന്ധിച്ചു. കെ.എം.സി.സി, കൈരളി, ഒ.ഐ.സി.സി തുടങ്ങിയ മേഖലയിലെ പ്രമുഖ സാമൂഹിക സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

