സംഭാഷണം സംഘർഷ പരിഹാരത്തിന്റെ മൂലക്കല്ല് -സയ്യിദ് ബദർ
text_fieldsനാലാമത് തെഹ്റാൻ ഡയലോഗ് ഫോറത്തിൽ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി സംസാരിക്കുന്നു
മസ്കത്ത്: വെല്ലുവിളികളെ നേരിടുന്നതിനും സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സംഭാഷണങ്ങൾക്ക് വളരെ അധികം പ്രധാന്യമുണ്ടെന്നും ഇത് ഒമാന്റെ സമീപനമാണെന്നും വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി പറഞ്ഞു.
തെഹ്റാനിൽ ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാന്റെ രക്ഷാകർതൃത്വത്തിൽ വിളിച്ചുചേർത്ത നാലാമത് തെഹ്റാൻ ഡയലോഗ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ബദർ. ലോകമെമ്പാടുമുള്ള വിദേശകാര്യ മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, ചിന്തകർ, പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവരാണ് ഫോറത്തിൽ പങ്കെടുത്തിരുന്നത്.
ഇറാനുമായുള്ള നിലവിലുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക് ഒമാൻ നൽകുന്ന പ്രാധാന്യം വിദേശകാര്യ മന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. അതേസമയം, പ്രാദേശിക, അന്തർദേശീയ സംഭാഷണങ്ങളിൽ ഒമാന്റെ സംഭാവനകൾക്ക് ഇറാൻ വിദേശകാര്യ മന്ത്രി നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു.
ഫലസ്തീൻ ജനത അനുഭവിച്ച അക്രമവും വംശഹത്യയും ‘ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു ആഗോള ദുരന്തം’ ആണെന്നും, സംഭാഷണത്തിനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ ഇത് തടയാമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തുടർച്ചയായി അധികാരത്തിൽ വന്ന ഇസ്രായേലി സർക്കാറുകൾ ഫലസ്തീൻ പക്ഷവുമായി കാര്യമായ സംഭാഷണത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനെയും അന്താരാഷ്ട്ര സമൂഹം ഫലപ്രദമായ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടതിനെയും സൂചിപ്പിച്ചു. സമീപ മാസങ്ങളിൽ ഉയർന്നുവരുന്ന സംഭവവികാസങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് അമേരിക്കയിൽ നിന്ന്, അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
സാധ്യതയുള്ള സംഭാഷണ പങ്കാളികളെക്കുറിച്ച് കൂടുതൽ യാഥാർഥ്യബോധമുള്ളയ സമീപനത്തിലേക്കുള്ള മാറ്റത്തെ ഇത് സൂചിപ്പിക്കാവുന്നതാണ്.
സംഭാഷണം എളുപ്പമുള്ള ഒരു തെരഞ്ഞെടുക്കലല്ലെങ്കിലും, നീതിയുക്തമായ ഒരു പരിഹാരം കൈവരിക്കുന്നതിനുള്ളഒരേയൊരു പ്രായോഗിക മാർഗം അത് മാത്രമാണെന്ന് സയ്യിദ് ബദർ ഊന്നിപ്പറഞ്ഞു.
ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് ധാരണയിലൂടെയും തുറന്ന മനസ്സോടെയുമാണ് പരിഹാരങ്ങൾ നിർമിക്കപ്പെടുന്നതെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ബോധ്യം ശക്തിപ്പെടുത്തുന്നതിനും, സംഭാഷണത്തിന് വേണ്ടി വാദിക്കുന്ന കൂടുതൽ ശബ്ദങ്ങളെ ആകർഷിക്കുന്നതിനും ഈ തെഹ്റാൻ ഫോറം സഹായിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

