ദിജയിന് നോമ്പ് അമ്മയിൽ നിന്ന് ലഭിച്ചത്
text_fieldsദിജയും ഭാര്യ നയനയും മകനും
മസ്കത്ത്: സൂറിൽ പ്രവാസികളായ കോഴിക്കോട് സ്വദേശികളായ ദിജയ് പാലേക്കാട്ടിനും ഭാര്യ നയനക്കും റമദാനിൽ നോെമ്പടുക്കുന്നത് ശീലമാണ്. പതിനഞ്ചു വർഷമായി ദിജയ് ഒമാനിൽ പ്രവാസിയാണ്. ഭാര്യ നയന അഞ്ചു വർഷമായി കൂടെയുണ്ട്. ഇവിടെ എത്തിയ ശേഷമല്ല ഇവർ നോമ്പെടുക്കുന്നത്. ദിജയിെൻറ പിതാവിന് ഒമാനിലെ സൂറിലായിരുന്നു ജോലി. പതിനഞ്ചു വർഷം മുമ്പ് അമ്മ ജയലക്ഷ്മിക്കും സഹോദരങ്ങൾക്കുമൊപ്പമാണ് ദിജയ് ഒമാനിലെത്തിയത്. പിന്നീട് സൂറിൽ തന്നെയായിരുന്നു.
അമ്മ നാട്ടിൽ നിന്ന് ഇടക്കെല്ലാം നോെമ്പടുക്കുമായിരുന്നു. ഒമാനിൽ എത്തിയപ്പോൾ അത് തുടർന്നു. അമ്മയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ദിജയ് നോമ്പെടുത്ത് തുടങ്ങിയത്. ഇലക്ട്രീഷ്യനായതിനാൽ പുറത്ത് ജോലി ചെയ്യേണ്ടിവരുന്നതിനാൽ എല്ലാ ദിവസവും നോമ്പെടുക്കാൻ സാധിക്കാറില്ല. എങ്കിലും മിക്കാവാറും എല്ലാ നോമ്പും എടുക്കാൻ ശ്രമിക്കുന്നുവെന്ന് ദിജയ് പറഞ്ഞു. എട്ടു വർഷം മുമ്പാണ് കോഴിക്കോട് ബേപ്പൂർ സ്വദേശിയായ നയനയെ വിവാഹം ചെയ്തത്. നാട്ടിൽ വെച്ചു തന്നെ റമദാൻ മാസത്തിൽ ഇടക്കിടെ നയന നോമ്പെടുക്കുമായിരുന്നു. ഒമാനിലെത്തിയതോടെ സ്ഥിരമാക്കി. രാവിലെ നാല് മണിക്ക് മുമ്പു തന്നെ എഴുന്നേറ്റ് അത്താഴം കഴിക്കും.
സൂറിൽ സ്വദേശി വീടുകൾ ധാരാളമുള്ള സ്ഥലത്താണ് ഇവർ താമസിക്കുന്നത്. നോമ്പെടുക്കുന്നത് അറിയാവുന്നതിനാൽ നോമ്പുതുറക്കു ശേഷമുള്ള ഭക്ഷണം മിക്കവാറും സ്വദേശി കുടുംബങ്ങളിൽനിന്നും കൊണ്ടുവരും. ആതിഥ്യ മര്യാദക്ക് പേരുകേട്ട സൂറിലെ സ്വദേശി കുടുംബങ്ങളുടെ സ്നേഹവും സഹകരണവും വേറിട്ട അനുഭവം തന്നെയെന്ന് ഇരുവരും പറയുന്നു. നോമ്പ് എടുക്കുന്നതിലൂടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാൻ കഴിയുമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. സമ്മർദങ്ങളിൽ നിന്നെല്ലാം മോചനം ലഭിക്കുമെന്നും ഇൗ ദമ്പതികൾ പറയുന്നു. അഞ്ചു വയസ്സുകാരൻ ദീക്ഷിത് ഏക മകനാണ്.