മസ്കത്തിന് ആഘോഷമായി ‘ദംദം ബിരിയാണി ഫെസ്റ്റ്’
text_fieldsദം ദം ബിരിയാണി ഫെസ്റ്റിലെ കാഴ്ചകൾ
മസ്കത്ത്: രുചിക്കൂട്ടിന്റെയും സംഗീതത്തിന്റെയും അലയൊലികൾ തീർത്ത് മസ്കത്ത് ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ ‘ദംദം ബിരിയാണി ഫെസ്റ്റ്’ അരങ്ങേറി. ഒമാനിലെ മികച്ച പാചക വിദഗ്ധരെ കണ്ടെത്താൻ ഗൾഫ് മാധ്യമത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘മീ ഫ്രണ്ട്’ നടത്തിയ പരിപാടി മസ്കത്തിന് വേറിട്ട ആഘോഷാരവമാണ് സമ്മാനിച്ചത്.
രുചിമുകുളങ്ങൾക്ക് എരിവും മാധുര്യവും പകർന്ന് ഭക്ഷണ സ്റ്റാളുകളും, മനസ്സിന്റെ കോണിൽ എന്നും കാത്തുസൂക്ഷിച്ചിരുന്ന ഒരുപിടി ഗാനങ്ങളുമായി അക്ബർ ഖാനും ദാന റാസികും നിറഞ്ഞാടിയപ്പോർ മസ്കത്തിന് മറക്കാൻ പറ്റാത്ത ഒരു പരിപാടിയായി ‘ദംദം ബിരിയാണി ഫെസ്റ്റ്’.
എം.പി.സാജിത , നസ്രിൻ റിൻഷാദ്, റംഷീത നഫ്സൽ, റഹ്മത്ത് ഇഖ്ബാൽ, ഷീജ അസീസ്, ഷാഹിന മർസൂക്ക്, ബിരുന്ത, നഹീമ റാഷി, റജീന നിയാസ്,സായൂജ് മരുവോട്ടിൽ, റജീന മുനീർ, ശാരിഖ ജബീൻ, ഉമ്മീ ഉമർ, അഫ്ര സർഫറാസ്,സൊഹാറ ജെദ്ദ എന്നിവരായിരുന്നു ഒമാന്റെ ദം സ്റ്റാർ പട്ടത്തിനായി ഗ്രാൻഡ് ഫിനാലെയിൽ അണിനിരന്നിരുന്നത്.
മൂന്നരക്കുള്ള മത്സരത്തിന് രണ്ട് മണിക്കുതന്നെ മത്സരാർഥികൾ ഗ്രൗണ്ടിലേക്ക് എത്തിത്തുടങ്ങിയിരുന്നു. പ്രമുഖ പാചക വിദഗ്ധരായ ആബിദ റഷീദ്, സൈനബ് യൂസുഫ്, കുടുംബങ്ങളുടെ ഇഷ്ടതാരവും അവതാരകനുമായ രാജ് കലേഷ് തുടങ്ങിയവരടങ്ങുന്ന ജൂറി പാനലിന്റെ മാർഗനിർദേശങ്ങൾക്കു ശേഷമാണ് മത്സരം തുടങ്ങിയത്.
വ്യത്യസ്ത രുചിക്കൂട്ടിൽ ഒരുങ്ങിയ ബിരിയാണി ഒന്നിനൊന്ന് മെച്ചം പുലർത്തുന്നതായിരുന്നുവെന്ന് ജഡ്ജിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്രയും വിശാലമായി തത്സമയം ബിരിയാണി തയാറാക്കുന്നത് ഒമാനിൽ ആദ്യമായിട്ടാണെന്നും തീർച്ചയായും ഇതുവേറിട്ടൊരു അനുഭവം തന്നെയായിരുന്നുവെന്ന് കാണികളും പറഞ്ഞു.
മത്സരത്തിൽ വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങളും നൽകി. കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന ഗെയിം ഷോകൾ,മെഹന്തി, കിഡ്സ് കോർണറുകൾ, കണ്ണൂർ വിഭവങ്ങളുടെതടക്കമുള്ള ഫുഡ്സ്റ്റാളുകൾ എന്നിങ്ങനെ വൈവിധ്യങ്ങളായ വിനോദ പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മുഖ്യ പ്രായോജരാകുന്ന പരിപാടിയിൽ സൗന്ദര്യ വർധക ഉൽപന്നങ്ങളുടെ ഓൺലൈൻ വിതരണക്കാരായ സൂഖ് റിമ ഡോട്ട് കോം(WWW.SOUQRIMA.COM), ബദർ അൽ സമ ഹോസ്പിറ്റൽ, ഫുഡ്ലാൻഡ്സ് റസ്റ്റാറന്റ്, ബിസ്മി ജീരകശാല റൈസ് എന്നിവരായിരുന്നു കൈകോർത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

