ആരോഗ്യമേഖലയിൽ കുതിപ്പിനൊരുങ്ങി ദോഫാർ
text_fieldsസലാല: ദോഫാർ ഗവർണറേറ്റിലെ ആരോഗ്യ സേവനങ്ങൾക്ക് ഉണർവേകി ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന വിവിധ തന്ത്രപ്രധാന പദ്ധതികൾ പൂർത്തിയാകുന്നു. സലാലയിലെ പുതിയ സുൽത്താൻ ഖാബൂസ് ആശുപത്രിയും ഗവർണറേറ്റിലെ മറ്റ് വിവിധ ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും വികസന പദ്ധതികളുമാണ് അന്തിമഘട്ടത്തിലെത്തി നിൽക്കുന്നത്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ നിർമ്മാണം 90 ശതമാനത്തിലധികം പൂർത്തിയായതായും 2026-ന്റെ അവസാന പാദത്തിൽ ആശുപത്രി പ്രവർത്തനക്ഷമമാകുമെന്നും മന്ത്രാലയത്തിലെ പ്രൊജക്ട്സ് ആൻഡ് എൻജിനീയറിങ് സർവീസസ് ഡയറക്ടർ ജനറൽ യൂസഫ് ബിൻ യാക്കൂബ് അംബു അലി അറിയിച്ചു.
ഒമാനിൽ നിലവിൽ വികസനത്തിലിരിക്കുന്ന ഏറ്റവും വലിയ ആരോഗ്യ പദ്ധതികളിൽ ഒന്നാണിത്. ഒരു ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഏഴ് നിലകളിലായി നിർമിക്കുന്ന ഈ അത്യാധുനിക ആശുപത്രിയിൽ 700 കിടക്കകളും 3,238 മുറികളുമുണ്ടാകും. അടിയന്തര പരിചരണം , മെഡിക്കൽ ഇമേജിങ്, കീമോതെറപ്പി, ഡയാലിസിസ്, പൊള്ളലേറ്റവർക്കുള്ള ചികിത്സ, പുനരധിവാസ സേവനങ്ങൾ എന്നിവക്കായുള്ള പ്രത്യേക വിഭാഗങ്ങൾ ഈ ആശുപത്രിയിലുണ്ടാകും. മുതിർന്നവർ, കുട്ടികൾ, നവജാതശിശുക്കൾ എന്നിവർക്കായുള്ള ഐ.സി.യുവിന് പുറമെ, വിദ്യാഭ്യാസ-പിന്തുണ സേവന സൗകര്യങ്ങളും ഇവിടെ ഒരുക്കും. ഒമാന്റെ ആരോഗ്യരംഗത്തെ വലിയൊരു കൂട്ടിച്ചേർക്കലായി മാറുന്ന ഈ ആശുപത്രി വഴി നൂതനമായ പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനും ഒപ്പം മെഡിക്കൽ-സാങ്കേതിക ജീവനക്കാരുടെ പരിശീലനത്തെ പിന്തുണക്കാനും സാധിക്കുമെന്ന് അംബു അലി കൂട്ടിച്ചേർത്തു.
ദോഫാറിലെ മറ്റ് ആരോഗ്യ പദ്ധതികളും പുരോഗതിയിലാണ്. മിക്ക പദ്ധതികളും ഈ വർഷം മധ്യത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുംറൈത്തിൽ നിലവിലുള്ള ആരോഗ്യ കേന്ദ്രത്തെ ഒരു സമ്പൂർണ ആശുപത്രിയായി ഉയർത്തുന്നതിനുള്ള ജോലികൾ 95 ശതമാനം പൂർത്തിയായി. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള വാർഡുകൾ, ഐസൊലേഷൻ മുറികൾ, ഡയാലിസിസ് യൂനിറ്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, തുംറൈത്തിൽതന്നെയുള്ള പുതിയ ‘മദ്ഹി’ ഹെൽത്ത് സെന്ററിന്റെ നിർമ്മാണം 90 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇവിടെ 12 ജനറൽ ക്ലിനിക്കുകൾ, ഡെന്റൽ ക്ലിനിക്ക്, റേഡിയോളജി, ഫിസിയോതെറാപ്പി യൂനിറ്റുകൾ, ഫാർമസി എന്നിവയുണ്ടാകും. ഇത് ഈ വർഷം മൂന്നാം പാദത്തിൽ പൂർത്തിയാകും. മിർബാത്തിൽ പുതിയ ആക്‌സിഡന്റ് ആൻഡ് എമർജൻസി യൂനിറ്റിന്റെയും ഡയാലിസിസ് സൗകര്യത്തിന്റെയും നിർമ്മാണം 60 ശതമാനം പൂർത്തിയായി. ദൽഖൂത്തിൽ 12 കിടക്കകളുള്ള പുതിയ ദൽഖൂത് ആശുപത്രിയുടെ നിർമാണ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ഈ പദ്ധതി 2027 അവസാനത്തോടെ പൂർണസജ്ജമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

