ദോഫാർ മാരത്തൺ ഡിസംബർ 17 മുതൽ; സലാലയിലെ പ്രഥമ ഫുൾ മാരത്തണിന്റെ വിവരങ്ങൾ പുറത്തുവിട്ടു
text_fieldsസലാല: ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ‘ദോഫാർ മാരത്തൺ 2026’ ഡിസംബർ 17 മുതൽ 19 വരെ സലാലയിൽ നടക്കും. ദോഫാറി നടക്കുന്ന ആദ്യത്തെ ഫുൾ ഡിസ്റ്റൻസ് മാരത്തണാണിത്. ഒമാനിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി അത്‌ലറ്റുകൾ മാരത്തണിൽ അണിനിരക്കും.
ഉയർന്ന നിലവാരമുള്ള കായിക പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ ദോഫാറിലെ ടൂറിസം സാധ്യതകളെ ആഗോളതലത്തിൽ പ്രയോജനപ്പെടുത്താനാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നതെന്ന് ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മുഹ്സിൻ അൽ ഗസ്സാനി പറഞ്ഞു. ഈ രാജ്യാന്തര കായിക മേളയിലൂടെ സലാലയെ ആഗോള സ്പോർട്സ് ഭൂപടത്തിൽ അടയാളപ്പെടുത്താനും പ്രാദേശിക സമ്പദ്‌വ്യവസ്ഥക്കും ടൂറിസത്തിനും ഉണർവേകാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന മാരത്തൺ 42.2 കിലോമീറ്റർ ദൂരത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ദോഫാർ മുനിസിപ്പാലിറ്റി കെട്ടിടത്തിൽ നിന്ന് ആരംഭിച്ച് സലാല എയർപോർട്ട്, ഇത്തിൻ പ്ലെയിൻ, സുൽത്താൻ ഖാബൂസ് റോഡ്, അൽ ഹാഫ, പ്രശസ്തമായ അൽ ബലീദ് പുരാവസ്തു പാർക്ക് എന്നിവ കടന്ന് അൽ ദഹാരിസ് ബീച്ചിൽ സമാപിക്കുന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.
ഫുൾ മാരത്തണിന് പുറമെ, രണ്ടുപേർ അടങ്ങുന്ന റിലേ (ഓരോരുത്തർക്കും 21.1 കി.മീ), നാലുപേർ അടങ്ങുന്ന റിലേ (ഓരോരുത്തർക്കും 10.5 കി.മീ) എന്നിവയും ഉണ്ടായിരിക്കും. കൂടാതെ കുട്ടികൾക്കായുള്ള പ്രത്യേക ഓട്ടമത്സരങ്ങളും കുടുംബങ്ങൾക്കായുള്ള വിനോദപരിപാടികളും ഇതിന്റെ ഭാഗമായി ഒരുക്കും.
കേവലമൊരു കായിക മത്സരം എന്നതിനപ്പുറം കുട്ടികളിലും കുടുംബങ്ങളിലും ഓട്ടത്തിന്റെ സംസ്‌കാരം വളർത്തിയെടുക്കാനും ദോഫാറിന്റെ പൈതൃകം ആഗോളതലത്തിൽ എത്തിക്കാനുമാണ് ഈ പരിപാടിയിലൂടെ ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

