ദാഖിലിയ ഫിലിം ഫെസ്റ്റിവലിന് ഇന്നു തുടക്കം
text_fieldsദാഖിലിയ ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ചേർന്ന സംഘാടക സമിതി യോഗം
മസ്കത്ത്: ദാഖിലിയ ഫിലിം ഫെസ്റ്റിവൽ ജൂൺ 19 മുതൽ 22 വരെ നിസ്വയിൽ നടക്കും. ദാഖിലിയ ഗവർണറുടെ ഓഫിസുമായി സഹകരിച്ച് ഒമാൻ ഫിലിം ആൻഡ് തിയറ്റർ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒമാൻ ഫിലിം ആൻഡ് തിയറ്റർ സൊസൈറ്റി പ്രസിഡന്റ് ഡോ. ഹമീദ് ബിൻ സഈദ് അൽ അമ്രി, നറൽ സൂപ്പർവൈസർ ആൻഡ് ഡയർ മുഹമ്മദ് ബിൻ സുലൈമാൻ അൽ കിന്ദി എന്നിവരുടെ സാന്നിധ്യത്തിൽ സംഘാടക സമിതി യോഗം ചേർന്നു. രണ്ടു വർഷമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടന്നുകൊണ്ടിരിക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായാണിതെന്ന് ഡോ. അൽ അമ്രി പറഞ്ഞു. ദോഫാർ, വടക്കൻ ബാത്തിന, ദാഹിറ എന്നീ ഗവർണറേറ്റുകളിലും ഈ വർഷം ഫിലിം ഫെസ്റ്റിവൽ നടത്തും. 2023ൽ തെക്കൻ ശർഖിയയിലും മുസന്ദത്തും സമാനമായ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിസ്വ കൾച്ചറൽ സെന്ററിൽ അന്താരാഷ്ട്ര സംവിധായകൻ ദാവൂദ് ഔലാദ് അൽ സായദിന്റെ 'സിറ്റീസ് ഓഫ് ഡസ്റ്റ് ബിറ്റിവീൻ ഒമാൻ ആൻഡ് മൊറോക്കോ' എന്ന സിനിമയുടെ പ്രദർശനത്തോടെയാകും മേളക്ക് തുടക്കമാവുകയെന്ന് ഫെസ്റ്റിവലിന്റെ ഡയറക്ടർ മുഹമ്മദ് ബിൻ സുലൈമാൻ അൽ കിന്ദി പറഞ്ഞു.
ബെൽജിയം, യുനൈറ്റഡ് കിങ്ഡം, ഒമാൻ, ഇറാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നായി 150 ചിത്രങ്ങളാണ് ലഭിച്ചത്. വിലയിരുത്തലിനു ശേഷം ഇതിൽനിന്ന് 66 ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്. ഇവ നിസ്വ കൾച്ചറൽ സെന്റർ, നിസ്വ യൂനിവേഴ്സിറ്റി, നിസ്വ പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലൂടെ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോക്യുമെന്ററികൾ, ഫീച്ചറുകൾ, ആനിമേഷൻ എന്നിങ്ങനെ വിഭാഗത്തിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. ഓരോ വിഭാഗത്തിലും സ്വതന്ത്ര ജൂറിയും രൂപവത്കരിച്ചിട്ടുണ്ട്. ഡോ. സലിം അൽ മമാരി, സിറിയയിൽ നിന്നുള്ള ഡോ. നൂറുദ്ദീൻ ഹാഷ്മി, ഒമാനിൽനിന്നുള്ള ഹൈതം സുലൈമാൻ, തുനീഷ്യയിൽനിന്നുള്ള ഡോ. മൗനി ഹോജീജ്, അമ്മാർ അൽ ഇബ്രാഹിം, സുൽത്താനേറ്റിലെ അബ്ദുൽ അസീസ് അൽ ഹബ്സി എന്നിവരാണ് ഫീച്ചർ ഫിലിമുകളുടെയും ആനിമേഷൻ ചിത്രങ്ങളുടെയും ജൂറിയിൽ അംഗമായിട്ടുള്ളത്.
ഡോക്യുമെന്ററി ചിത്രങ്ങളുടെ ജൂറിയിൽ ഡോ. റാഷിദ് അൽ യാഫെയ്, ഇറാനിൽനിന്നുള്ള ജലാൽ അൽ ദിൻ, വാലിദ് അൽ ഖറൂസി, തുനീഷ്യയിൽ നിന്നുള്ള ഹുസൈൻ അൽ താബെത്തി, ഹുസൈൻ അൽ ബലൂഷി എന്നിവരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

