Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാന ടിക്കറ്റ് ബുക്കിങ്, റീഫണ്ട് പരിഷ്‍കരണവുമായി ഡി.ജി.സി.എ

text_fields
bookmark_border
ബുക്കിങ്ങിന് ശേഷം 48 മണിക്കൂറിനകം ടിക്കറ്റ് മാറ്റുകയോ റദ്ദാക്കുകയോ ചെയ്താൽ അധിക ചാർജില്ല
വിമാന ടിക്കറ്റ് ബുക്കിങ്, റീഫണ്ട് പരിഷ്‍കരണവുമായി ഡി.ജി.സി.എ
cancel

മസ്കത്ത്/ ന്യൂഡൽഹി: ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയക്റേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിമാന ടിക്കറ്റ് ബുക്കിങ്, റീഫണ്ട് വ്യവസ്ഥകൾ പരിഷ്കരിച്ച് ഉത്തരവിറക്കി. ഈ വർഷം മാർച്ച് 26 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ബുക്കിങ്ങിന്ശേഷം 48 മണിക്കൂറിനുള്ളിൽ സൗജന്യ റദ്ദാക്കൽ, ഏഴു മുതൽ 14 ദിവസത്തിനുള്ളിൽ റീഫണ്ട്, മെഡിക്കൽ എമർജൻസി ആനുകൂല്യങ്ങൾ എന്നിവ പരിഷ്‍കരണത്തിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലെ സിവിൽ ഏവിയേഷൻ മേഖലയെ നിയന്ത്രിക്കുന്ന പ്രധാന ഔദ്യോഗിക സംവിധാനമാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ യാത്രക്കാരന് അനുകൂലമായ മാറ്റങ്ങളാണ് നിലവിൽ വരുത്തിയിരിക്കുന്നത്. ബുക്കിങ് നടത്തിയതിന് ശേഷം 48 മണിക്കൂറിനകം ടിക്കറ്റ് റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ അധിക ചാർജ് ഈടാക്കാൻ പാടില്ലെന്നാണ് പുതിയ നിർദേശം. മാറ്റം വരുത്തുന്ന യാത്രക്ക് ബാധകമായ സാധാരണ നിലവിലെ നിരക്ക് മാത്രമേ ഈടാക്കാവൂ.

ഈ സൗകര്യം യാത്രക്കാർക്ക് പ്രയോജനപ്പെടുത്തുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂർ കാലയളവിൽ ‘ലുക്ക്-ഇൻ ഓപ്ഷൻ’ നൽകണമെന്ന് എയർലൈൻസുകൾക്ക് ഡി.ജി.സി.എ നിർദേശം നൽകി. എന്നാൽ, ബുക്കിങ് തീയതി മുതൽ ഏഴ് ദിവസത്തിനകം പുറപ്പെടുന്ന ആഭ്യന്തര സർവീസുകൾക്കും 15 ദിവസത്തിനകം പുറപ്പെടുന്ന അന്താരാഷ്ട്ര സർവീസുകൾക്കും ഈ സൗകര്യം ലഭ്യമാകില്ല.ആദ്യ 48 മണിക്കൂറിന് ശേഷം ടിക്കറ്റ് മാറ്റം വരുത്തുകയാണെങ്കിൽ നിലവിലുള്ള റദ്ദാക്കൽ ചാർജുകൾ ബാധകമാകും. ടിക്കറ്റ് നോൺ-റീഫണ്ടബിൾ ആണെങ്കിൽ പോലും യു.ഡി.എഫ്, എ.ഡി.എഫ്, പി.എസ്.എഫ് തുടങ്ങിയ എല്ലാ നിയമപരമായ നികുതികളും യാത്രക്കാരന് തിരികെ നൽകണം.

ഇന്ത്യയിലേക്കും തിരിച്ചും സർവിസ് നടത്തുന്ന വിദേശ വിമാന കമ്പനികൾ അതത് രാജ്യങ്ങളിലെ റീഫണ്ട് റൂൾ തുടരണം. അതേസമയം, റീഫണ്ട് നൽകാനുള്ള സമയപരിധി ഡി.ജി.സി.എ നിർദേശങ്ങളുമായി പൊരുത്തപ്പെടുന്നതാകണം. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം 24 മണിക്കൂറിനകം യാത്രക്കാരൻ ശ്രദ്ധയിൽപ്പെടുത്തുന്ന പേര് പിശകുകൾ തിരുത്തുന്നതിനായി അധിക ഫീസ് ഈടാക്കരുതെന്ന് ഡി.ജി.സി.എ വ്യക്തമാക്കി.

ഈ സൗകര്യം എയർലൈൻസിന്റെ വെബ്സൈറ്റിലൂടെ നേരിട്ട് ബുക്ക് ചെയ്ത ടിക്കറ്റുകൾക്കാണ് ബാധകം.ട്രാവൽ ഏജന്റ്/പോർട്ടൽ വഴി ടിക്കറ്റ് വാങ്ങിയാലും റീഫണ്ട് നൽകാനുള്ള ഉത്തരവാദിത്വം എയർലൈൻസിനുതന്നെയായിരിക്കും, കാരണം ഏജന്റുമാർ എയർലൈനുകളുടെ നിയുക്ത പ്രതിനിധികളാണെന്ന് ഡി.ജി.സി.എ നിർദേശത്തിൽ പറയുന്നു. റീഫണ്ട് പ്രക്രിയ 14 പ്രവൃത്തി ദിവസത്തിനകം പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

യാത്രാവേളയിൽ യാത്രക്കാരനോ അതേ പി.എൻ.ആറിൽ ഉൾപ്പെട്ട കുടുംബാംഗമോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ടിക്കറ്റ് റദ്ദാക്കേണ്ടിവന്നാൽ, എയർലൈൻസുകൾ റീഫണ്ടോ ‘ക്രെഡിറ്റ് ഷെൽ’ സൗകര്യമോ നൽകണം.പിന്നീട്, യാത്രക്ക് അനുയോജ്യമാണെന്ന സർട്ടിഫിക്കറ്റ് എയർലൈൻസിന്റെ എയറോസ്പേസ് മെഡിസിൻ വിദഗ്ധരുടെയോ ഡി.ജി.സി.എ അംഗീകൃത വിദഗ്ധരുടെയോ അഭിപ്രായം ലഭിച്ചതിന് ശേഷമേ റീഫണ്ട് അനുവദിക്കൂ.

പുതിയ പരിഷ്‍കരണങ്ങൾ ഇന്ത്യയിലെ വിമാന യാത്ര സുഖകരമാക്കുന്നതിനും വേഗത്തിലുള്ള റീഫണ്ടും സുതാര്യതയും ഉറപ്പുവരുത്തുന്നതിനുമാണെന്നും ഡി.ജി.സി.എ വ്യക്തമാക്കി. പരിഷ്‍കരണങ്ങൾ മാർച്ച് 26 മുതൽ നടപ്പാവുന്നതിനാൽ, വൈകാതെ വിമാനകമ്പനികൾ ഇതുസംബന്ധിച്ച പൊതുഅറിയിപ്പുകൾ പുറപ്പെടുവിച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DGCA announces flight ticket booking and refund reforms
Next Story