ദാഖിലിയയിൽ 2.43 ദശലക്ഷം റിയാലിന്റെ വികസനപദ്ധതികൾ
text_fieldsദാഖിലിയയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ആദം വിലായത്തിൽ പൊതുസേവന കാര്യക്ഷമത വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള നിരവധി വികസന പ്രവർത്തനങ്ങളുമായി അധികൃതർ. 2.43 ദശലക്ഷം റിയാലിലധികം ചെലവിലാണ് ഇത് ഒരുക്കുന്നത്. ഗവർണറേറ്റിന്റെ വിലായത്തുകളിലുടനീളം വികസനം വിതരണം ചെയ്യുന്നതിനുള്ള സമതുലിതമായ പദ്ധതിയുടെ ഭാഗമായി, ആന്തരിക റോഡ് നിർമാണം, മാർക്കറ്റ് നിർമാണം, വിനോദസൗകര്യങ്ങളുടെ വികസനം എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിൽ ഈ പദ്ധതികൾ വരുന്നുണ്ട്. നിലവിലുള്ള പദ്ധതികൾ പൗരന്മാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന അവശ്യമേഖലകളെ ഉൾക്കൊള്ളുന്നതാണെന്ന് ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ ബിൻ സഈദ് അൽ ഹജ്രി പറഞ്ഞു. ഏറ്റവും പ്രധാനപ്പെട്ടവയിൽ 75 ശതമാനം പൂർത്തിയായ പച്ചക്കറി, പഴവിപണി പദ്ധതിയും ഏകദേശം 35 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ആന്തരിക റോഡ് ശൃംഖലയുടെ രൂപകൽപനയും നടപ്പാക്കലും ഉൾപ്പെടുന്നു.
നിലവിൽ നടപ്പാക്കിയ റോഡുകളുടെ രൂപകൽപനക്കുള്ള കൺസൾട്ടൻസി സേവന പദ്ധതി പൂർണമായും പൂർത്തിയായി. അതേസമയം അൽ ഹന്ദാലി വ്യവസായിക ലേഔട്ടിന്റെ പണി തുടരുന്നു. പുരോഗതി ഏകദേശം 40 ശതമാനം എത്തി. ആദം വിലായത്തിന് 1.2 ദശലക്ഷം റിയാലിലധികം ചെലവ് വരുന്ന നിരവധി വികസന സംരംഭങ്ങളും ലഭിച്ചിട്ടുണ്ട്. അവശ്യസേവനങ്ങളുള്ള ഒരു മൃഗതീറ്റ മാർക്കറ്റ്, തകർന്ന റോഡ് ഭാഗങ്ങളുടെ അറ്റകുറ്റപ്പണികൾ, ആദം പബ്ലിക് പാർക്ക് പോലുള്ള പൊതുസൗകര്യങ്ങളിലേക്ക് നയിക്കുന്ന തെരുവുവിളക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ആദം എയർ ബേസിലേക്കുള്ള റോഡിൽ വിപുലീകരണപ്രവർത്തനങ്ങളും ലൈറ്റിങ് ഇൻസ്റ്റലേഷനുകളും നടത്തിയിട്ടുണ്ട്. 13.5 കിലോമീറ്റർ ദൈർഘ്യമുള്ള ആദം-സിനാവ് റോഡിൽ (ഘട്ടം ഒന്ന്) 257 തെരുവുവിളക്കുകളുടെ വിതരണവും ഇൻസ്റ്റലേഷനും നടത്തി. വിലായത്തിന്റെ കമ്യൂണിറ്റി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ആദം പബ്ലിക് പാർക്ക് ഒരു പ്രധാന പദ്ധതിയായി വേറിട്ടുനിൽക്കുന്നു. 2,50,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ പാർക്ക്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുന്ന സംയോജിത വിനോദസഞ്ചാര, വിനോദ സൗകര്യമാക്കി മാറ്റുന്നതിനായി സമഗ്രമായ വികസനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

