ജബൽ അഖ്ദറിലെ വികസന-ടൂറിസം പദ്ധതികൾ പുരോഗമിക്കുന്നു
text_fieldsജബൽ അഖ്ദർ വിലായത്തിലെ പാർക്കിന്റെ ദൃശ്യം
മസ്കത്ത്: ദാഖിലിയ്യ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ ജബൽ അഖ്ദർ വിലായത്തിൽ വികസന, സേവന, ടൂറിസം പദ്ധതികളുടെ സമഗ്ര പാക്കേജ് നടപ്പാക്കുന്നു. ഏകദേശം 90 ലക്ഷം ഒമാനി റിയാൽ ചെലവഴിച്ചുള്ള പദ്ധതികൾ അടിസ്ഥാന സൗകര്യ വികസനം, ടൂറിസം മേഖലയിലെ സൗന്ദര്യവത്കരണം, പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്നിവ ലക്ഷ്യമിടുന്നതാണ്. വിന്റർ സീസണുകളിലെ ഒമാനിലെ ഹോട്ട് സ്പോട്ടാണ് ജബൽ അഖ്ദർ.
ജബൽ അഖ്ദർ വിലായത്തിലെ പാർക്കിന്റെ ദൃശ്യം
ജബൽ അഖ്ദർ വിലായത്തിന്റെ പ്രവേശന കവാട വികസനവും പ്രധാന റോഡിന്റെ ഇരട്ടിപ്പിക്കലും നിലവിൽ പുരോഗതിയിലാണ്. ഇതിനു പുറമെ നിരവധി ഇന്നർ റോഡുകളുടെ പിച്ചിങ് പ്രവൃത്തികളും മറ്റ് റോഡ് പദ്ധതികളും ടെൻഡർ ഘട്ടത്തിലാണ്. ഇവ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയും ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുകയും വിവിധ ടൂറിസം, താമസകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും ചെയ്യുമെന്ന് ജബൽ അഖ്ദർ വാലി ശൈഖ് സുൽത്താൻ മൻസൂർ അൽ ഗാഫിലി പറഞ്ഞു
സേവന -സാമൂഹിക മേഖലയിലെ പദ്ധതികളിൽ ജബൽ അഖ്ദർ പാർക്ക് ഇതിനകം പൂർത്തിയായി. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന നഗരത്തിലെ ഹരിത ഇടമായ ഈ പാർക്കിൽ ആഘോഷങ്ങളും ഉത്സവങ്ങളും സംഘടിപ്പിക്കുന്ന സ്ക്വയർ പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. സീസണൽ പരിപാടികൾക്കും പ്രവർത്തനങ്ങൾക്കും വേദി ഒരുക്കുന്നതിനൊപ്പം സംയോജിത സേവന സൗകര്യങ്ങളിലൂടെ ചെറുകിട -ഇടത്തരം സംരംഭകരെ പിന്തുണക്കുന്നതുമാണ് പദ്ധതി.സ്വകാര്യ മേഖലയിലൂടെ നടപ്പാക്കുന്ന നിക്ഷേപ പദ്ധതികളും വിലായത്തിൽ സജീവമാണെന്ന് വാലി പറഞ്ഞു. ഹൈൽ അൽ യമൻ പ്രദേശത്ത് സംയോജിത വാണിജ്യ സമുച്ചയം സ്ഥാപിക്കുന്നുണ്ട്. ത്രീ സ്റ്റാർ ഹോട്ടൽ, എജുക്കേഷൻ പാർക്ക്, വിനോദ കേന്ദ്രം, വാണിജ്യ മാർക്കറ്റ് എന്നിവ ഉൾപ്പെടുന്ന ഈ സമുച്ചയം സന്ദർശകർക്കുള്ള ടൂറിസം -വിനോദ സേവനങ്ങൾ വൈവിധ്യമാർന്നതാക്കും.
സീഹ് ഖത്താന മേഖലയിൽ ത്രീഡി ഓപൺ എയർ അരീന, ദാഅൻ അൽ ബുസൈതൈൻ പാർക്ക്, സീഹ് ഖത്താന പാർക്കിന്റെ പ്രവർത്തനം എന്നിവയും നിക്ഷേപ പദ്ധതികളിൽ ഉൾപ്പെടുന്നു. വിനോദ സൗകര്യങ്ങൾ, റസ്റ്റാറന്റ്, മലനിരകളിലേക്കുള്ള വ്യൂ പോയിന്റ് എന്നിവയോടെ വിലായത്തിന്റെ സവിശേഷ പ്രകൃതി സമ്പത്ത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ‘അൽ ജബൽ അൽ ആലി’ (ഹൈ മൗണ്ടൻ) ടൂറിസം സിറ്റി പദ്ധതി തന്ത്രപ്രധാനമായ പദ്ധതികളിലൊന്നാണെന്ന് വാലി ചൂണ്ടിക്കാട്ടി. ഏകദേശം 1.2 ബില്യൺ റിയാൽ നിർമാണ -നിക്ഷേപ ചെലവുള്ള പദ്ധതി 11.8 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ, സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2,400 മീറ്റർ ഉയരത്തിലാണ് ഒരുക്കുക. 10,000 പേർക്ക് താമസ സൗകര്യമൊരുക്കുന്ന 2,500ലധികം താമസ യൂനിറ്റുകൾ, 2,000ത്തിലധികം മുറികളുള്ള ഹോട്ടൽ സംവിധാനം, 1.5 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പ്രദേശത്തെ ഏറ്റവും ഉയർന്ന ഗോൾഫ് കോഴ്സ്, പത്തിലധികം ശിൽപ-സാംസ്കാരിക-ടൂറിസം ആകർഷണ കൗണ്ടറുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
സുസ്ഥിരവും ഹരിത ഇക്കണോമിയും അടിസ്ഥാനമാക്കിയുള്ള പദ്ധതിയിൽ പുനരുപയോഗ ഊർജവും സ്മാർട്ട് ഗതാഗത പരിഹാരങ്ങളും ഉപയോഗപ്പെടുത്തും. ഇത് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക സമ്പദ്വ്യവസ്ഥക്ക് താങ്ങാവുകയും ചെയ്യും. കൂടാതെ, ദാഖിലിയ്യ ഗവർണറേറ്റിനെയും തെക്കൻ ബാത്തിന ഗവർണറേറ്റിനെയും ബന്ധിപ്പിക്കുന്ന കേബിൾ കാർ പദ്ധതിയും നടപ്പാക്കും.ടൂറിസം, ചെറുകിട -ഇടത്തരം സംരംഭങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സുസ്ഥിര തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിലൂടെ ഒമാനിലെ മുൻനിര ടൂറിസം വികസനകേന്ദ്രമായി ജബൽ അഖ്ദർ മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

