ഖോർ അൽ ഖുർറം റിസർവ് വികസിപ്പിക്കുന്നു
text_fieldsദോഫാറിലെ ഖോർ അൽ ഖുർറം അൽ കബീർ റിസർവിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ദോഫാറിലെ ഖോർ അൽ ഖുർറം അൽ കബീർ റിസർവ് പരിസ്ഥിതി അതോറിറ്റി വികസിപ്പിക്കുന്നു. വന്യജീവികളെ സംരക്ഷിക്കുന്നതിനൊപ്പം സന്ദർശകരെ ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടത്തുക. ഇതിനായി ടെൻഡർ ക്ഷണിച്ചതായി പരിസ്ഥിതി അതാറിറ്റി അറിയിച്ചു. ഒമാനിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ്.
പ്രകൃതിരമണീയത, ക്യാമ്പിങ്, ഡൈവിങ് സൗകര്യങ്ങൾ, വന്യജീവികൾ തുടങ്ങിയ ഘടകങ്ങളാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കുന്നതിനും മറ്റുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സലാല വിലായത്തിലെ ഖോർ അൽ ഖുർറം അൽ കബീർ റിസർവിന്റെ നടത്തിപ്പിനും വികസനത്തിനുമായി അതോറിറ്റി ടെൻഡർ സമർപ്പിച്ചിരിക്കുന്നതെന്ന് പരിസ്ഥിതി ഉദ്യോഗസ്ഥൻ പറഞ്ഞു.
ടെൻഡറിൽ പങ്കെടുക്കാൻ താൽപര്യമുള്ള കമ്പനികൾ റിസർവ് വികസിപ്പിക്കുന്നതിനെ പറ്റിയുള്ള റിപ്പോർട്ടും അതിന്‍റെ നടത്തിപ്പിനായുള്ള ഒരു പ്രവർത്തന പദ്ധതിയും സമർപ്പിക്കണം. നിക്ഷേപകൻ സുസ്ഥിര ടൂറിസം വികസനത്തിന്റെ തത്ത്വങ്ങൾ പാലിക്കുകയും പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുകയും വേണം.
സൈറ്റിന്റെ പാരിസ്ഥിതികവും സാംസ്കാരികവുമായ മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യരുത്. ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20. സലാലയെ റെയ്‌സുത്തുമായി ബന്ധിപ്പിക്കുന്ന റോഡിലൂടെ ഖോർ അൽ ഖുർറം അൽ കബീറിൽ എത്തിച്ചേരാം. വൈവിധ്യമാർന്ന സസ്യജാലങ്ങളുടെ ഒരു അതുല്യ ശേഖരമുണ്ട് ഇവിടെ. അൽ വുസ്ത വൈൽഡ് ലൈഫ് റിസർവിൽ പാർക്ക് സ്ഥാപിക്കുന്നതിനും തെക്കൻ ശർഖിയയിലെ അൽ സലിൽ നാച്ചുറൽ റിസർവിൽ ടൂറിസം സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഒമാനി കമ്പനികളിൽനിന്ന് ഈ വർഷം ജൂണിൽ പരിസ്ഥിതി അതോറിറ്റി ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

