സാമ്പത്തിക നട്ടെല്ലൊടിക്കുന്ന നോട്ടുനിരോധനം
text_fieldsജനങ്ങളെ വീണ്ടും ദുരിതത്തിലാക്കി 2000ന്റെ നോട്ട് മോദി സർക്കാർ നിരോധിച്ചിരിക്കുന്നു. ഒരു ദീർഘവീക്ഷണവും ഇല്ലാതെയായിരുന്നു 2000ന്റെ നോട്ട് ഇറക്കിയിരുന്നതും നിരോധനവും. ഒന്നാം നോട്ടുനിരോധന കാലത്ത് നോട്ടു മാറ്റിയെടുക്കാൻ രാത്രി കാലം മുതലേ ബാങ്കുകളിൽ ക്യൂ നിൽക്കുന്ന കാഴ്ചകളും ദുരിതങ്ങളുമായിരുന്നു രാജ്യത്തിന്റെ വിവിധ ബാങ്കുകളിൽ നമുക്ക് കാണേണ്ടി വന്നത്.
അന്നത്തെ നോട്ടുനിരോധനത്തിന്റെ ആഘാതത്തിൽ നിന്ന് ജനങ്ങൾ ഇപ്പോഴും മുക്തി നേടിയിട്ടില്ല. നോട്ടുനിരോധനത്തിന്റെ പ്രധാന കാരണം മോദി പറഞ്ഞത് തീവ്രവാദത്തിനും കള്ളപ്പണത്തിനും തടയിടുമെന്നായിരുന്നു. നോട്ടുനിരോധത്തിനു ശേഷം തീവ്രവാദത്തിനും കള്ളനോട്ടുകൾക്കും ഒരു കുറവും ഇതുവരെ വന്നിട്ടില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കള്ളനോട്ടുകൾവരെ അന്ന് ചില കൂട്ടർ മാറ്റി എടുത്തുവെന്നോ സംശയവും നിലനിൽക്കുന്നുണ്ട്. ഇത്തരം നിരോധിച്ച നോട്ടുകൾ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നതാണ് സാധാരണക്കാരുടെ ചോദ്യം.
നോട്ടു നിരോധനം സമ്പദ്ഘടനക്ക് വീണ്ടും തിരിച്ചടിയായിരിക്കും നൽകുകയെന്ന് മുതിർന്ന സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായങ്ങൾ മുഖവിലക്കെടുക്കാതെ നടത്തുന്ന ഇത്തരം നയങ്ങൾ രാജ്യത്തെ വർഷങ്ങൾ പിറകോട്ടടിക്കും. വിദേശത്ത് ജോലി ചെയ്യുന്നവരുടെ കൈയിലുള്ള 2000ന്റെ നോട്ടുകൾ മാറ്റിയെടുക്കാൻ നാട്ടിൽ ചെന്നാൽ മാത്രമെ കഴിയൂ. സെപ്റ്റംബറിനുള്ളിൽ നാട്ടിൽ പോകാൻ പറ്റാത്തവരുടെ കൈവശം ഉള്ള നോട്ടുകൾ അസാധുവായി പോകും.
വിദേശത്തുള്ള അതത് രാജ്യത്തെ ഇന്ത്യൻ എംബസി വഴി നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ സൗകര്യം ഒരുക്കിയാൽ പ്രവാസികൾക്ക് വലിയ ഉപകാരമായിരിക്കും. ഒന്നാം നോട്ടു നിരോധന കാലത്ത് ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും അവർ മുഖം തിരിച്ചുനിന്നതേയുള്ളൂ. ഇനിയും എന്തൊക്കെ നിരോധിക്കും തലതിരിഞ്ഞ നയങ്ങൾ കൊണ്ടുവന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കും എന്ന് കാത്തിരുന്നു കാണാം.