അൽ ഖുവൈർ സ്ട്രീറ്റിൽ പുതിയ ശാഖ തുറന്ന് ഡെൽറ്റ ഫാർമസി ഗ്രൂപ്പ്
text_fieldsമസ്കത്ത്: ലോക ഫാർമസിസ്റ്റ് ദിനത്തിന് മുന്നോടിയായ ഡെൽറ്റ ഫാർമസി ഗ്രൂപ്പ് മസ്കത്തിലെ അൽ ഖുവൈർ സ്ട്രീറ്റിലുള്ള മുസ്തഫ സുൽത്താൻ ബിൽഡിങ്ങിൽ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. ഡെൽറ്റ ഫാർമസി ഗ്രൂപ്പിന്റെ ഉന്നത മാനേജ്മെന്റ് അംഗങ്ങളുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനം മുസ്തഫ സുൽത്താൻ എന്റർപ്രൈസസ് എൽഎൽസി ചെയർമാൻ ഷബീർ മുസ്തഫ സുൽത്താൻ നിർവഹിച്ചു.
ഒമാനിലുടനീളം പ്രവർത്തനമേഖല വിപുലീകരിക്കുന്ന ഡെൽറ്റ ഫാർമസി ഗ്രൂപ്പിന്റെ വളർച്ചയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ പുതിയ ശാഖയെന്ന് മാനേജ്മെന്റ് പറഞ്ഞു. സുൽത്താൻ ഖാബൂസ് ഹൈവേക്ക് സമീപമുള്ള പ്രധാന സ്ഥലത്ത് പ്രവർത്തനമാരംഭിച്ച പുതിയ ശാഖ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സൗകര്യത്തോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
സെപ്തംബർ 25 ന് ആചരിച്ച ലോക ഫാർമസിസ്റ്റ് ദിനത്തിന്റെ പ്രമേയമായ ‘ആരോഗ്യകരമായ ഭാവിക്കായി ഫാർമസിസ്റ്റുകളെ ശാക്തീകരിക്കുക’ എന്നത്, യുവ ഒമാനി-പ്രവാസി ഫാർമസിസ്റ്റുകൾക്ക് തുടർച്ചയായ പരിശീലനം, പ്രഫഷണൽ വികസനം, ഉയർന്ന നിലവാരത്തിലുള്ള രോഗീപരിചരണം നൽകാനുള്ള അവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനുള്ള ഡെൽറ്റ ഫാർമസി ഗ്രൂപ്പിന്റെ പ്രതിബദ്ധതയുമായി ചേർന്നുനിൽക്കുന്നതാണെന്ന് മാനേജ്മെന്റ് ചൂണ്ടിക്കാട്ടി.
ആരോഗ്യപരിപാലന രംഗത്ത് ഫാർമസിസ്റ്റുകൾ നിർണായക പങ്കു വഹിക്കുന്നതായും പ്രത്യേകിച്ച് രോഗികൾക്ക് ആരോഗ്യവിദ്യാഭ്യാസം നൽകുക, പ്രതിരോധ ആരോഗ്യപരിപാലനം പ്രോത്സാഹിപ്പിക്കുക, മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ മേഖലകളിൽ ഇത് വളരെ പ്രധാനമാണെന്നും മാനേജ്മെന്റ് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പ്രതിരോധ ആരോഗ്യപരിപാലന മാർഗങ്ങൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും ഗുണമേന്മയുള്ള ആരോഗ്യപരിഹാരങ്ങൾ ഒമാനിലെ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും മാനേജ്മെന്റ് എടുത്തുപറഞ്ഞു. ദീർഘകാല രോഗങ്ങൾക്ക് നിർദേശിക്കപ്പെട്ട മരുന്നുകൾ കൃത്യമായി തുടർച്ചയായി കഴിക്കേണ്ടതിന്റെ പ്രാധാന്യവും ആരോഗ്യപരിപാലന വിദഗ്ധരുമായി ആലോചിക്കാതെ ചികിത്സയിൽ ഇടവേള വരുത്തരുതെന്ന കാര്യവും ഓർമിപ്പിച്ചു.
ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ് സേഫ്റ്റി സെന്റർ രാജ്യത്ത് മരുന്നുകളുടെ ഗുണനിലവാരം, സുരക്ഷ, ലഭ്യത എന്നിവ ഉറപ്പാക്കുന്നതിൽ വഹിക്കുന്ന പ്രധാന പങ്കിനെയും മാനേജ്മെന്റ് അഭിനന്ദിച്ചു. ശക്തമായ നിയന്ത്രണ സംവിധാനങ്ങളിലൂടെയും തുടർച്ചയായ പ്രവർത്തനങ്ങളിലൂടെയും ഒമാനിലെ വിപണിയിൽ ലഭ്യമായ മരുന്നുകൾ ആവശ്യമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ സെന്റർ നിർണായക പങ്ക് വഹിക്കുന്നു.
കൂടാതെ, ഒമാനിലെ ജനങ്ങളുടെ ക്ഷേമത്തിനാവശ്യമായ മരുന്നുകൾ വിപണിയിൽ ലഭ്യമാക്കുന്നതിനും അവ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനും നടത്തുന്ന പരിശ്രമങ്ങളെയും മാനേജ്മെന്റ് പ്രശംസിച്ചു. ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിനും പരിപാലനത്തിനും പിന്തുണ നൽകുന്നതിന്റെ ഭാഗമായി, ഡെൽറ്റ ഫാർമസി ഗ്രൂപ്പ് അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച ഉന്നത നിലവാരമുള്ള തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ (സി.ജി.എം) സംവിധാനം സംബന്ധിച്ചും ചടങ്ങിൽ വിശദീകരിച്ചു.
നൂതന ഗ്ലൂക്കോസ് നിരീക്ഷണ സാങ്കേതികവിദ്യ കൂടുതൽ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണത്തിലൂടെ പ്രമേഹരോഗികൾക്കും ആരോഗ്യപരിപാലന വിദഗ്ധർക്കും രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട കൂടുതൽ അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ ഈ സാങ്കേതികവിദ്യ സഹായകരമാവും.
പുതിയ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച്, തെരഞ്ഞെടുത്ത കോസ്മെറ്റിക് ബ്രാൻഡുകൾക്ക് പ്രത്യേക ഉദ്ഘാടന ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യപരിപാലനത്തിനും വെൽനസ് സേവനങ്ങൾക്കും പുറമെ കൂടുതൽ സൗകര്യങ്ങളും ഉൽപന്നങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഓഫർ ഒരുക്കിയതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
മാനേജ്മെന്റ് പ്രതിനിധികളായ അഹ്മദ് സഈദ് അബ്ദുല്ല അൽ വഹൈബി, മുൻസിർ എം.കെ, ജംഷീദ് എൻ.കെ, നാഫി താഴെവെളേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

