ചേർത്തുപിടിച്ചവർക്ക് നന്ദി പറഞ്ഞ് ദീപു സ്നേഹത്തണലണഞ്ഞു
text_fieldsആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാൻ അംഗങ്ങൾ ദീപുവിന് ടിക്കറ്റ് കൈമാറുന്നു
മസ്കത്ത്: ദുരിതക്കയത്തിൽനിന്ന് കരകയറാൻ ചേർത്തുപിടിച്ചവർക്ക് നന്ദി പറഞ്ഞ് കൊല്ലം വർക്കല സ്വദേശി ദീപു നാടണഞ്ഞു. വേതനവും മറ്റുമില്ലാതെ പ്രയാസത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാൻ ഗ്രൂപ് അംഗങ്ങളുടെ ഇടപെടലാണ് നാട്ടിലേക്ക് എത്തിച്ചേരാൻ വഴിയൊരുക്കിയത്. നാട്ടിൽനിന്നും മൂന്ന് വർഷം മുമ്പായിരുന്നു ഒമാനിലെ ഒരു ഗാരേജിൽ ജോലിക്കായി എത്തിയത്. വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുന്നെയാണ് ഒമാനിലേക്ക് വരുന്നത്. ആദ്യം ജോലി ചെയ്തിരുന്ന ഗാരേജിൽനിന്നും മാസങ്ങളായി വേതനം ലഭിക്കാതെ ആയപ്പോൾ അവിടെ നിന്നും ഇറങ്ങുകയായിരുന്നു. സമാനമായ അനുഭവം തന്നെയായിരുന്നു പലയിടത്തും നേരിടേണ്ടി വന്നത്. വരുമാനം നിലച്ചതോടെ നാട്ടിലുള്ള അമ്മയെയും വീട്ടുചെലവുകളും സഹോദരൻ ആയ പ്രമോദ് ആയിരുന്നു നോക്കിയിരുന്നത്. ഭാര്യയും രണ്ടു വയസ്സ് പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്ന ചേട്ടൻ ഖത്തർ എയർപോർട്ടിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. വൃക്കകൾ തകരാറിലായി ചികിത്സാർഥം നാട്ടിൽ വന്ന സഹോദരൻ ഡയാലിസിസ് ചെയ്തു വരികയായിരുന്നു. അതിനിടെ കഴിഞ്ഞ ആഴ്ച ഹൃദയാഘാതത്തെ തുടർന്ന് സഹോദരനും മരണപ്പെട്ടു. വാദി കബീറിലെ ഗാരേജിൽ ജോലി ചെയ്തു വരികയായിരുന്ന ദീപുവിന്റെ വിഷയം വിഷ്ണു എന്ന സുഹൃത്താണ് ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാൻ സെക്രട്ടറി ജാസ്മിൻ യൂസഫിനോട് അവതരിപ്പിക്കുന്നത്. ചേട്ടന്റെ മരണവും നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയും എല്ലാം ദീപുവിനെ മാനസികമായി തളർത്തിയിരുന്നു. തുടർന്ന് എംബസിയുമായി ബന്ധപ്പെട്ട് രേഖകൾ ശരിയാക്കുകയായിരുന്നു.
ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാൻ ഗ്രൂപ് അംഗങ്ങളുടെ സഹായത്തോടെ യാത്ര ടിക്കറ്റ് സംഘടിപ്പിച്ചു. ചെയർമാൻ ഫിറോസ് ചാവക്കാട്, സെക്രട്ടറി ജാസ്മിൻ യൂസഫ് എന്നിവരുടെ സാന്നിധ്യത്തിൽ എക്സിക്യൂട്ടിവ് അംഗം ഡെന്നി ദീപുവിന് ടിക്കറ്റ് കൈമാറി. കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദീപു നാടണയുകയും ചെയ്തു. വിഷയത്തിൽ ഇടപെട്ട രാജീവ് അമ്പാടിക്കും ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഭാരവാഹികൾക്കും തനിക്ക് അഭയം തന്ന വിഷ്ണുവിനും സുഹൃത്തുക്കൾക്കും നാട്ടിലെത്തിയ ദീപു പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

