Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിക്കടത്തിന് വധശിക്ഷയും 60,000 റിയാൽ വരെ പിഴയും; ഒമാനിൽ പുതിയ ലഹരിവിരുദ്ധ നിയമം പ്രാബല്യത്തിൽ

text_fields
bookmark_border
ലഹരിക്കടത്തിന് വധശിക്ഷയും 60,000 റിയാൽ വരെ പിഴയും; ഒമാനിൽ പുതിയ ലഹരിവിരുദ്ധ നിയമം പ്രാബല്യത്തിൽ
cancel

മസ്കത്ത്: ഒമാനിൽ മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത്, കൈവശം വെക്കൽ എന്നിവക്ക് കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ ലഹരിവിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നു. റോയൽ ഡിക്രി നമ്പർ 67/2026 പ്രകാരം പുറപ്പെടുവിച്ച ‘നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വിരുദ്ധ നിയമം’ അനുസരിച്ച് കുറ്റവാളികൾക്ക് കനത്ത പിഴയും തടവും മുതൽ ജീവനപര്യന്തം തടവും വധശിക്ഷയും വരെ ലഭിക്കാം.

അതേസമയം, ലഹരി മരുന്ന് ഉപയോഗിക്കുന്നവരെയും അത് കടത്തുന്നവരെയും പുതിയ നിയമം കൃത്യമായി വേർതിരിക്കുന്നുണ്ടെന്ന് മയക്കുമരുന്ന്-മനുഷ്യക്കടത്ത് കേസുകൾക്കായുള്ള പബ്ലിക് പ്രോസിക്യൂഷൻ ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഡയറക്ടർ ഹമദ് ബിൻ സയീദ് അൽ ഗഫ്രി ‘ഒമാൻ ടിവി’യോട് വ്യക്തമാക്കി. റോയൽ ഡിക്രി 17/99 പ്രകാരമുള്ള പഴയ ലഹരിവിരുദ്ധ നിയമത്തിന് പകരമാണ് പുതിയ പരിഷ്കരിച്ച നിയമം ഒമാനിൽ നടപ്പിലാക്കിയിരിക്കുന്നത്.

ലഹരിക്ക് അടിമപ്പെട്ടവർക്ക് ശിക്ഷക്ക് പകരം ചികിത്സയും പുനരധിവാസവും നൽകാനുള്ള വിപുലമായ വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്. സ്വന്തം ആവശ്യത്തിനായി ലഹരിമരുന്ന് കൈവശം വെക്കുകയോ, വാങ്ങുകയോ, നിർമ്മിക്കുകയോ ചെയ്താൽ ഒരു വർഷം മുതൽ മൂന്നു വർഷം വരെ തടവും 1,000 മുതൽ 5,000 ഒമാനി റിയാൽ വരെ പിഴയും ലഭിക്കും. ലഹരിമരുന്ന് കടത്തുകയോ വിൽപനക്കായി നിർമിക്കുകയോ ചെയ്താൽ കഠിനതടവും 35,000 മുതൽ 60,000 ഒമാനി റിയാൽ വരെ പിഴയും ചുമത്തും.

ലഹരിക്കടത്ത് നടത്തുന്നവർ മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരാണെങ്കിൽ അവർക്ക് വധശിക്ഷ ലഭിക്കാൻ വ്യവസ്ഥയുണ്ട്. ഔദ്യോഗിക പദവിയോ നിയമപരമായ പരിരക്ഷയോ ദുരുപയോഗം ചെയ്താലും അന്താരാഷ്ട്ര ലഹരിമാഫിയകളുമായി ബന്ധമുണ്ടെങ്കിലും വധശിക്ഷ വരെ നൽകാൻ നിയമം അനുശാസിക്കുന്നു. ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്താൽ ചുരുങ്ങിയത് 15 വർഷം തടവും 10,000 മുതൽ 25,000 റിയാൽ വരെ പിഴയും ലഭിക്കും. സ്കൂളുകൾ, കായിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ജയിലുകൾ എന്നിവക്ക് സമീപം വെച്ചാണ് കുറ്റകൃത്യം നടത്തുന്നതെങ്കിൽ ശിക്ഷ ജീവനപര്യന്തമായി ഉയരും.

ലഹരിക്ക് അടിമപ്പെട്ടവരോട് മാനുഷികമായ സമീപനമാണ് നിയമം മുന്നോട്ട് വെക്കുന്നത്. ലഹരി ഉപയോഗിക്കുന്നവർ സ്വന്തം ഇഷ്ടപ്രകാരമോ അല്ലെങ്കിൽ ബന്ധുക്കൾ വഴിയോ ചികിത്സക്കായി അധികൃതരെ സമീപിച്ചാൽ അവർക്കെതിരെ ക്രിമിനൽ കേസ് എടുക്കില്ല. കോടതികൾക്ക് പ്രതികളെ ജയിലിലടക്കുന്നതിന് പകരം ആറു മാസം മുതൽ ഒരു വർഷം വരെ പ്രത്യേക പുനരധിവാസ കേന്ദ്രങ്ങളിൽ ചികിത്സക്ക് അയക്കാൻ പുതിയ നിയമം അനുവാദം നൽകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New anti drug law comes into effect in Oman
Next Story