മത്ര: മത്ര സൂഖിൽ ചമ്രംപടിഞ്ഞിരുന്ന് പരമ്പരാഗത പൈതൃക ഉല്പന്നങ്ങളും വെള്ളിമോതിരങ്ങളും മറ്റും കച്ചവടം ചെയ്യുന്ന ഹയാദാത്ത ഖുദാ ദാത്ത ജുമാ അല്‍ബലൂഷി ഇനിയില്ല. മത്ര സൂഖ് ജങ്ഷനിലെ ആ പതിവ് കാഴ്ച ഇനി ഒാർമ മാത്രം. കഴിഞ്ഞ ഞായറാഴ്ച വരെ തെൻറ കച്ചവടവുമായി സൂഖിൽ സജീവമായിരുന്ന ഇദ്ദേഹം തിങ്കളാഴ്ചയാണ് മരണപ്പെട്ടത്. മത്ര സൂഖിെൻറ വിശ്വപൗരൻ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം 77ാം വയസ്സിലും ജോലിചെയ്ത് കുടുംബം പോറ്റിവരുകയായിരുന്നു. 20ാം വയസ്സിൽ ബലൂചിസ്ഥാനിലെ ഗാന്വറിൽനിന്ന് ലോഞ്ചിൽ കയറിയെത്തിയ ഇേദ്ദഹം വലിയ ജീവിതാനുഭവങ്ങളിലൂടെയാണ് കടന്നുവന്നത്. 30 വർഷം ഒമാൻ പൊലീസിൽ ജോലി ചെയ്ത ശേഷമാണ് മത്ര സൂഖിൽ തെരുവുകച്ചവടക്കാരനായത്.
മൂന്നു ഭാര്യമാരും മക്കളും പേരമക്കളും അടക്കം 50 അംഗ കുടുംബത്തിെൻറ നാഥനാണ്. ഏതു നാട്ടുകാരെയും ആകർഷിക്കാനും സാധനങ്ങൾ വാങ്ങിപ്പിക്കാനും പ്രത്യേക ചാതുര്യമുണ്ടായിരുന്നയാളാണ് ഇദ്ദേഹം. കല്ലുമോതിരങ്ങൾ, കല്ലുമാലകൾ, വെള്ളിയിലും പിത്തളയിലും ഉള്ള ആഭരണങ്ങൾ, ഒമാനി ഹസ്സ എന്ന് അറിയപ്പെടുന്ന ചൂരൽവടികൾ തുടങ്ങിയവയായിരുന്നു വിൽപന സാധനങ്ങൾ. വിനോദസഞ്ചാരികളായിരുന്നു പ്രധാന ഇടപാടുകാർ. പല വിനോദസഞ്ചാരികളും ഹയാദാത്ത ബലൂഷിയുടെ ചിത്രവും കൂടിയെടുത്താണ് മടങ്ങിയിരുന്നത്. വിദേശ മാസികകളിൽ അടക്കം ഹയാദാത്ത ബലൂഷിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.